Archive

Archive for the ‘Against Man mohan sing’ Category

മന്‍മോഹന്‍: ഒരു പാവക്കൂത്തിന്റെ കഥ

August 26, 2011 Leave a comment
mathrubhumi
ഡോ. കെ.എന്‍. ഹരിലാല്‍

ഉദാരീകരണത്തിന്റെ രണ്ടു ദശാബ്ദങ്ങള്‍

1991-ല്‍ അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് അവതരിപ്പിച്ച ബജറ്റോടെയാണ് ഇന്ത്യയില്‍ ഉദാരീകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇന്ന് അതു കഴിഞ്ഞ് രണ്ടു ദശാബ്ദങ്ങള്‍ പിന്നിട്ടിരിക്കുന്നു.സാമ്പത്തിക വിദഗ്ധര്‍ ഈ കാലഘട്ടത്തെ ഭിന്ന രീതിയില്‍ നോക്കിക്കണ്ടിട്ടുണ്ട്.ഇതു സംബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന രണ്ടു ലേഖനങ്ങളുടെ ആദ്യ ഭാഗമാണ് ഇത്. ധനമന്ത്രിസ്ഥാനം ഏറ്റെടുക്കും മുമ്പ് മന്‍മോഹന്‍ സിങ് തന്റെ നിലപാടുകളിലൂടെ രാജ്യത്ത് വരാന്‍ പോകുന്ന പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ഒരു സൂചനയും നല്‍കുകയുണ്ടായില്ലെന്നും അദ്ദേഹം ഒഴുക്കിനനുസരിച്ച് നീന്തുക മാത്രമായിരുന്നുവെന്നും ലേഖകന്‍ വാദിക്കുന്നു

കേരളത്തെപ്പോലെ ഇത്രയേറെ അനുഗൃഹീതരായ മിമിക്രി കലാകാരന്മാര്‍ ഉള്ള മറ്റു ദേശങ്ങള്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. അവര്‍ക്കു വഴങ്ങാത്ത വ്യക്തിത്വങ്ങളോ പ്രമേയമോ ഇല്ല. ശബ്ദവും ചലനവും യഥാതഥമായി അനുകരിക്കുന്നതല്ല മിമിക്രിയിലെ രസം. പ്രത്യക്ഷത്തിനും അപ്പുറമുള്ള യാഥാര്‍ഥ്യത്തെ പുറത്തെടുക്കുന്നതിലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അനുഭവവേദ്യമാക്കുന്നതിലുമാണ് അതു കുടികൊള്ളുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ മിമിക്രി വേദികളില്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. അദ്ദേഹത്തിന്റെ ചലനങ്ങള്‍ പാവക്കൂത്തിലെ കഥാപാത്രങ്ങളുടേതിന് സദൃശമാണ് എന്ന യാഥാര്‍ഥ്യമാണ് അനുകരണകലാകാരന്മാര്‍ കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും. ഒപ്പം, പാവയുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യമായ ചരടുകളെക്കുറിച്ചുകൂടി ആലോചിക്കാന്‍ അവര്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുമുണ്ട്. യഥാര്‍ഥത്തില്‍ ആധുനിക രാഷ്ട്രതന്ത്രത്തില്‍ പാവകള്‍ക്കും പാവകളിക്കും വലിയ പ്രാധാന്യമുണ്ട്. രാഷ്ട്രീയത്തിന്റെ അരങ്ങുകളില്‍ നാം കാണുന്ന പല ദീപ്തവ്യക്തിത്വങ്ങളും കേവലം പാവകളോ നിഴലുകളോ ആണെന്നുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന യാഥാര്‍ഥ്യമാണ് മന്‍മോഹന്‍സിങ്ങിന്റെ കഥ നമ്മെ നിര്‍ദയം ഓര്‍മപ്പെടുത്തുന്നത്.

സ്വന്തം ദര്‍ശനമോ സിദ്ധാന്തങ്ങളോ വികസന കാഴ്ചപ്പാടുകളോ രാജ്യത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ച ഒരു ഭരണാധികാരി എന്ന ആരോപണം മന്‍മോഹന്‍സിങ്ങിനെതിരെ അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും ഉന്നയിക്കും എന്നു തോന്നുന്നില്ല. അങ്ങനെ ഒരു സംശയത്തിനു വിദൂരസാധ്യതയെങ്കിലും കാണുന്നത് 1991-ല്‍ അദ്ദേഹം അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ ബജറ്റു മുതല്‍ രാജ്യത്ത് നടപ്പാക്കപ്പെട്ട ഉദാരീകരണ, ആഗോളീകരണ നയങ്ങളുടെ കാര്യത്തില്‍ മാത്രമാണ്. ഉദാരീകരണനയങ്ങള്‍ ഇന്ത്യയില്‍ ഊര്‍ജിതമായി നടപ്പാക്കാനാരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എന്നത് നിസ്തര്‍ക്കമാണ്. ഈ നയങ്ങള്‍ ഒരു തദ്ദേശീയ നിര്‍മിതിയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ‘മന്‍മോഹനോമിക്‌സ്’ എന്ന ഒരു ഇന്ത്യന്‍ ‘ബ്രാന്‍ഡ്‌നാമം’ പരീക്ഷിക്കപ്പെട്ടു എന്നതും വസ്തുതയാണ്. പക്ഷേ, ഈ നയങ്ങള്‍ സമീപനത്തില്‍ മാത്രമല്ല വിശദാംശങ്ങളില്‍പ്പോലും വിദേശനിര്‍മിതമായിരുന്നു എന്ന് വേണ്ടപ്പെട്ടവര്‍ക്കെല്ലാം നന്നായി അറിയാം. 1991-നു മുമ്പും അതിനുശേഷവും ഇതേ നയങ്ങള്‍ നിരവധി രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. കടുത്ത അടവു-ശിഷ്ട പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ വിദേശനാണയവായ്പയ്ക്കായി ഐ.എം.എഫിനെ സമീപിക്കുമ്പോള്‍ അവര്‍ ഏറ്റക്കുറച്ചിലുകളോടെ അടിച്ചേല്പിക്കുന്ന നിബന്ധനകളാണ് ഈ നയങ്ങളുടെ അടിസ്ഥാനം.

അവസരത്തിനൊത്ത് മാറ്റം

ധനമന്ത്രിയാവുന്നതിനു മുമ്പ് മന്‍മോഹന്‍സിങ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ അടക്കമുള്ള പല ഉന്നതപദവികളും അലങ്കരിച്ചിരുന്നു. അന്നൊക്കെ അദ്ദേഹം ഉദാരീകരണത്തിനു മുമ്പുണ്ടായിരുന്ന വികസന കാഴ്ചപ്പാടിന്റെ വക്താവും പ്രയോക്താവും ആയിരുന്നു. അന്നത്തെ വികസനപാതയുടെ വിമര്‍ശകരുടെ മുന്‍നിരയില്‍ എന്തായാലും അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. വൈപരീത്യമെന്നു പറയട്ടെ, ഇന്ന് ഉദാരീകരണനയങ്ങളെ എതിര്‍ക്കുന്നവര്‍ തന്നെയായിരുന്നു അതിനു മുമ്പുണ്ടായിരുന്ന വികസന തന്ത്രത്തിന്റെയും മുഖ്യവിമര്‍ശകര്‍. ഉദാഹരണത്തിന് , ഇടതുപക്ഷം അന്നത്തെ നയങ്ങളെ ജന്മിത്വത്തിന്റെ അവശിഷ്ടങ്ങളെ സംരക്ഷിക്കുന്നതിന്റെയും കുത്തകവത്കരണത്തിന്റെയും വിദേശ മൂലധനത്തോടുള്ള ആശ്രിതത്വത്തിന്റെയും പേരില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ധനമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് സൗത്ത് കമ്മീഷന്‍ സെക്രട്ടറി എന്ന നിലയില്‍ മന്‍മോഹന്‍സിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍പോലും ഉദാരീകരണത്തിന് അനുകൂലമായി അദ്ദേഹത്തില്‍ വരാന്‍പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. പുതിയ അരങ്ങും പുതിയ വേഷവും കിട്ടിയപ്പോള്‍ മന്‍മോഹന്‍സിങ്ങും അവസരത്തിനൊത്ത് മാറുകയും തകര്‍ത്താടുകയും ചെയ്തു എന്നുമാത്രം കരുതിയാല്‍ മതിയാവും. സൂത്രധാരന്റെ കൈയിലെ ചരടുകള്‍ മുറുകുകയും അയയുകയും ചെയ്യുന്ന മുറയ്ക്കാണ് പാവകള്‍ പദം പദം വെച്ച് ആടുകയും പാടുകയും ചെയ്യുക എന്ന സത്യം ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞത് ഉദാരീകരണനയങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ പതനംപോലും വകവെക്കാതെ ഇന്തോ-അമേരിക്കന്‍ ആണവക്കരാറുമായി മുന്നോട്ടുപോയപ്പോഴും അത് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിപ്പോയി എന്നു വ്യക്തമായിട്ടും തുടരുന്ന നിശ്ശബ്ദതയിലും ലക്ഷക്കണക്കായ കൃഷിക്കാര്‍ ആത്മഹത്യ ചെയ്തിട്ടും ഒപ്പുവെക്കപ്പെടുന്ന സ്വതന്ത്രവ്യാപാര കരാറുകളിലും ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുമ്പോഴും ആഗോള ധനകാര്യത്തകര്‍ച്ചയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകള്‍ കൂടുതല്‍ നിയന്ത്രണമുക്തമാക്കാന്‍ കാണിക്കുന്ന തിടുക്കത്തിലുമെല്ലാം നാം കാണുന്നത് ഒരു പാവകളിയുടെ നിര്‍വികാരമായ തുടര്‍ച്ചയാണ്. പാവക്കൂത്തില്‍ മനോധര്‍മത്തിനു ഇടമില്ല. ജോലിയുടെ ഉത്തരവാദിത്വത്തിനപ്പുറം മന്‍മോഹന്‍സിങ്ങിന്റെ മനോധര്‍മം എന്തെന്നു ആരുകണ്ടു?

വളര്‍ച്ചനിരക്ക് മാത്രം പോരാ

ആഗോളീകരണത്തിന്റെ പൂച്ച സ്വദേശിയായാലും വിദേശിയായാലും എലിയെ പിടിക്കുന്നുണ്ടോ എന്നു നോക്കിയാല്‍ മതി എന്ന പക്ഷക്കാരുണ്ട്. തീര്‍ച്ചയായും 1991-നുശേഷം ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ സാമ്പത്തികനയങ്ങള്‍ വളര്‍ച്ചനിരക്കുകളില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടാക്കി എന്ന കാര്യം നിസ്തര്‍ക്കമാണ്. പക്ഷേ, സാമ്പത്തിക പുരോഗതിയെ അളക്കുന്നതില്‍ വളര്‍ച്ചനിരക്കുകള്‍ക്ക് വലിയ പരിമിതിയുണ്ട്. ഇന്ത്യയുടെ അനുഭവംതന്നെയാണ് അതിനു തെളിവ്. സമീപകാലത്തെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിശാലമായ അടിസ്ഥാനം ഉണ്ടായിരുന്നില്ല. വളര്‍ച്ചയുടെ സ്രോതസ്സ് പ്രധാനമായും സേവനമേഖല ആയിരുന്നു. കൃഷി, അനുബന്ധമേഖലകള്‍ക്കും തൊഴില്‍പ്രധാനമായ വ്യവസായങ്ങള്‍ക്കും വളര്‍ച്ചയുടെ ഈ ഉല്‍ക്കര്‍ഷത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞിട്ടില്ല.

നവ ലിബറലിസം പഴങ്കഥയാവുന്നു

വളര്‍ച്ചയുടെ പരിമിതികളിലേക്ക് കടക്കുന്നതിന് മുന്‍പ് മന്‍മോഹനോമിക്‌സിന്റെ സൈദ്ധാന്തിക അടിത്തറയായ നവഉദാരീകരണവാദംഇന്ന് ആഗോളാടിസ്ഥാനത്തില്‍ത്തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയെക്കുറിച്ചു സൂചിപ്പിക്കേണ്ടതുണ്ട്. നവലിബറലിസത്തിന് ഇനി പഴയ രൂപത്തില്‍ തിരിച്ചുവരാന്‍ കഴിയില്ല എന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ ആഗോളപ്രതിസന്ധിയുടെ പോക്ക്.
ഉദാരീകരണത്തിന്റെ ഫലമായി കൂട്ടക്കുഴപ്പത്തില്‍പ്പെട്ട ധനകാര്യസ്ഥാപനങ്ങളെ രക്ഷിക്കാന്‍ നിയോലിബറലിസ്റ്റുകള്‍ തള്ളിപ്പറയുന്ന ഭരണകൂടങ്ങള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു. പക്ഷേ, ധനകാര്യസ്ഥാപനങ്ങളുടെ ഭീമന്‍ ബാധ്യത ഏറ്റെടുക്കേണ്ടിവന്ന ഭരണകൂടങ്ങള്‍ ഇപ്പോള്‍ രൂക്ഷമായ കട പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഗ്രീസില്‍ നിന്ന് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്ന കടപ്രതിസന്ധിയെ മറികടക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഓരോന്നും ഉത്പാദന വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ലോകം ഒരു ദീര്‍ഘകാല മാന്ദ്യത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയാണ്. ലോകസമ്പദ്ഘടനയെ വിനാശകരമായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ എല്ലാംതന്നെ നിയോലിബറലിസ്റ്റുകള്‍ക്കു പഥ്യമല്ലാത്ത ഭരണകൂട ഇടപെടലുകള്‍ക്കും അന്താരാഷ്ട്ര സഹകരണത്തിനും കമ്പോള നിയന്ത്രണത്തിനും വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.

കമ്പോളത്തിന്റെ പരാജയം

ഐ.എം.എഫ്. വായ്പയെ തുടര്‍ന്നു മന്‍മോഹന്‍സിങ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ ഒരു നല്ലവശം അത് കമ്പോളമത്സരം ഊര്‍ജിതമാക്കി എന്നതാണ്. ഇറക്കുമതി ബദല്‍ വികസന തന്ത്രത്തിന്റെ കാലത്ത് ഇന്ത്യന്‍ മുതലാളിമാര്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയും ലൈസന്‍സ് രാജിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും അകത്തുനിന്നും പുറത്തുനിന്നുമുള്ള മത്സരത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഉദാരീകരണത്തിന്റെ ഫലമായിവന്ന മത്സരത്തിന്റെ അന്തരീക്ഷം ഉത്പാദനക്ഷമതയും ഉത്പാദനവും വര്‍ധിപ്പിക്കാന്‍ സഹായകമായി. എന്നാല്‍, അമൃതും അധികമായാല്‍ വിഷമാകും എന്നാണല്ലോ പ്രമാണം. കമ്പോളവും കമ്പോളത്തിലെ മത്സരവും പ്രധാനമാണ്. പക്ഷേ, കമ്പോളമാണ് എല്ലാം എന്നുവന്നാലോ? ഭരണകൂടം അതിന്റെ നേതൃപരമായ പങ്ക് നിര്‍വഹിക്കേണ്ട എന്നുവെച്ചാലോ? യഥാര്‍ഥത്തില്‍, മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാതല്‍ ഇതാണ്. നവഉദാരീകരണവാദം ഒരു തരത്തിലുള്ള കമ്പോളമൗലികവാദമാണ്.

കമ്പോളം തെറ്റുകള്‍ക്കും പരാജയത്തിനും അതീതമാണെന്നും കമ്പോളത്തിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യമില്ല എന്നുമാണ് അവരുടെ പക്ഷം. ഭരണകൂടം കൂടുതല്‍ വരുമാനം സ്വരൂപിക്കുന്നതും കൂടുതല്‍ ചെലവുകള്‍ ഏറ്റെടുക്കുന്നതും കമ്പോളത്തിനും മത്സരത്തിനും വിഘാതമാവും എന്ന് അവര്‍ വിശ്വസിക്കുന്നു. ഇതനുസരിച്ച് സ്വകാര്യസ്വത്തിന്റെയും കമ്പോളശക്തികളുടെയും സംരക്ഷണം മാത്രമാണ്.

അതായത്, ക്രമസമാധാനം മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല. ഇത്തരം കമ്പോള മൗലികവാദത്തിനും സാമ്പത്തിക ശാസ്ത്രത്തിന്റെ പിന്തുണയോ അടിസ്ഥാനമോ ഇല്ല. കമ്പോളത്തിന്റെ അദൃശ്യകരത്തെ വാനോളം പുകഴ്ത്തിയ ആഡം സ്മിത്തുപോലും ഭരണകൂട ഇടപെടലിനു ചെറുതല്ലാത്ത സ്ഥാനം നല്‍കിയിരുന്നു. പില്‍ക്കാലത്ത് സാമ്പത്തിക ശാസ്ത്ര ഗവേഷണത്തിന്റെ ഒരു പ്രധാന അന്വേഷണവിഷയം, കമ്പോളത്തിന്റെ പരാജയസാധ്യത കണ്ടായിരുന്നു. കമ്പോളം പരാജയപ്പെടാനുള്ള സാധ്യതകള്‍ അസംഖ്യമാണെന്നും അതിനു പരിഹാരം കാണാന്‍ ഭരണകൂട ഇടപെടല്‍ അനിവാര്യമാണെന്നും ഇന്ന് മുഖ്യധാര സാമ്പത്തിക ശാസ്ത്രംപോലും അംഗീകരിക്കുന്നുണ്ട്. സാമ്പത്തിക ചരിത്രം നല്‍കുന്ന പാഠവും മറ്റൊന്നല്ല.

Advertisements