Archive

Archive for the ‘Against B.O.T Road’ Category

വികസനപാത ദുരിതയാത്ര

August 26, 2011 Leave a comment

രാജന്‍ ചെറുക്കാട്‌

ആദ്യം പോയത് എട്ടേകാല്‍ സെന്റ്; പിന്നാലെ ബാക്കി ഒന്നേമുക്കാലും

വികസനത്തിന്റെ പേരില്‍ ജീവിതം തകര്‍ന്നവരുടെ പ്രതിനിധിയാണ് എറണാകുളം ചേരാനല്ലൂര്‍ സ്വദേശി പരമേശ്വരന്‍. വരാപ്പുഴ പാലത്തിനു സമീപം ദേശീയപാത 17 വീതികൂട്ടിയപ്പോള്‍ പരമേശ്വരന് പത്താണ്ടു മുമ്പ് നഷ്ടമായത് ആകെയുള്ള പത്തില്‍ എട്ടേകാല്‍ സെന്റാണ്. അന്നുകിട്ടിയ തുച്ഛമായ നഷ്ടപരിഹാരം കൊണ്ട് ബാക്കിയുള്ള ഒന്നേമുക്കാല്‍ സെന്റില്‍ വീടുണ്ടാക്കി ഷാപ്പ് തൊഴിലാളിയായ പരമേശ്വരന്‍ താമസം തുടങ്ങി. സാങ്കേതികപ്രശ്‌നം പറഞ്ഞ് വല്ലാര്‍പ്പാടം നഷ്ടപരിഹാര പാക്കേജില്‍ നിന്ന് അദ്ദേഹം തഴയപ്പെടുകയും ചെയ്തു.

പ്രശ്‌നം അവിടെയും തീരുന്നില്ല. റോഡ് ദേശീയപാതയില്‍ ചേരുന്നിടത്ത് കൂടുതല്‍ വീതി വേണമെന്നു തോന്നിയപ്പോള്‍ വീണ്ടും വിജ്ഞാപനം വന്നു. പരമേശ്വരന്റെ ശേഷിക്കുന്ന മണ്ണും കിടപ്പാടവും കൂടി ഏറ്റെടുത്തു. നല്കിയത് നിസ്സാരവിലയും. ആ തുകയും കേസ് നടത്തി ചെലവഴിച്ചു. ഇപ്പോള്‍ സമീപത്തെ ലക്ഷംവീട് കോളനിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് രോഗബാധിതനായ ആ സാധു…..

** ** **

ഇതൊരു പരമേശ്വരന്റെ മാത്രം കഥയല്ല. നാടു നന്നാവാനായി കിടപ്പാടം നഷ്ടപ്പെടുത്തുന്ന പാവങ്ങളുടെ ശിഷ്ടജീവിതം നിലവിലുണ്ടായിരുന്നതിനേക്കാള്‍ മോശമായ സാഹചര്യത്തിലാണിന്ന്. വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ തൃപ്തികരമായ നഷ്ടപരിഹാരം അവകാശികള്‍ക്ക് കിട്ടുന്നില്ല. പൊന്നുംവില, വിപണിവില എന്നൊക്കെ വിശേഷിപ്പിച്ച് നല്കുന്ന നഷ്ടപരിഹാരത്തിന് അടിസ്ഥാനം സ്ഥലം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാരത്തില്‍ കാണിക്കുന്ന വിലയാണ്. ഇത് യഥാര്‍ഥ വിപണിവിലയുടെ നാലിലൊന്നുപോലും ആകുന്നില്ല. ഈ ‘നക്കാപ്പിച്ച’യില്‍ നിന്ന് പത്തര ശതമാനം ആദായനികുതി ഈടാക്കുകയും ചെയ്യും.

** ** **

ബേക്കല്‍ ടൂറിസം പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടപ്പെട്ട കാസര്‍കോട്ടെ ഉദുമ നിവാസി കുഞ്ഞിക്കണ്ണന്‍, നഗരഹൃദയത്തിലെ ഭൂമി തുച്ഛവിലയ്ക്ക് നഷ്ടമായ തൃശ്ശൂര്‍ മുരിങ്ങൂരിലെ ലൗലി, പട്ടയത്തിനായി കാത്തിരിപ്പു തുടരുന്ന മൂലമ്പള്ളിയിലെ സുഭദ്ര, നാവിക അക്കാദമിക്കു വേണ്ടി ജീവിതസാഹചര്യങ്ങളില്‍ നിന്നും പറിച്ചുമാറ്റപ്പെട്ട ഏഴിമലയിലെ മാധവി….. വികസനത്തിന്റെ പേരില്‍ ജീവിക്കുന്ന രക്തസാക്ഷികളായി മാറിയവരുടെ നിര ഇങ്ങനെ നീളുന്നു.

നിരപരാധികളായ എത്രയോ പേരെ ഇങ്ങനെയൊരു ദുരിതത്തിലേക്ക് തള്ളിവിടുന്നത് ശരിയോ? നഷ്ടപരിഹാരമായി കിട്ടിയ തുക കേസിനു മുടക്കി ജീവിതം നരകതുല്യമാക്കുന്നതിന് ഒരു പരിഷ്‌കൃതസമൂഹം കൂട്ടുനില്ക്കാമോ? ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്ന പരമ്പര – ‘വികസനത്തിന്റെ ദുരിതം പേറുന്നവര്‍’ ഇന്നു മുതല്‍

വികസനപാത ദുരിതയാത്ര

കൈക്കുടന്നയിലെ ദാഹജലം ഊര്‍ന്നുപോകുന്നതുപോലെയായിരുന്നു എറണാകുളം ജില്ലയില്‍ കടമക്കുടി പഞ്ചായത്തിലെ മൂലമ്പള്ളിയില്‍ 10 വീട്ടുകാര്‍ക്ക് പിറന്ന വീടും വളര്‍ന്ന മണ്ണും നഷ്ടമായത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് നാലുവരിപ്പാത പണിയാനാണ് 2005-ല്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടിഫിക്കേഷന്‍ ഇറങ്ങിയത്. കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ ചരിത്രത്തില്‍ ഇന്നും ഉണങ്ങാത്ത വ്രണമായി മൂലമ്പള്ളി നിലകൊള്ളുന്നു.

പടുകൂറ്റന്‍ കപ്പലുകളില്‍ കൊണ്ടുവരുന്ന ചരക്കുകള്‍ ചെറിയ കപ്പലുകളിലേക്ക് മാറ്റി ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും കൊണ്ടുപോകാനുള്ള സംവിധാനമാണ് വല്ലാര്‍പ്പാടത്ത് ഒരുക്കുന്നത്. ഒപ്പം രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ചരക്കുകളും എത്തും. കളമശ്ശേരിയില്‍ നിന്നാണ് നാലുവരിപ്പാത തുടങ്ങുന്നത്.

മൂലമ്പള്ളിയിലെ 22 വീടുകളില്‍ 12 വീട്ടുകാര്‍ പലവിധ സ്വാധീനങ്ങളാല്‍ സമ്മതപത്രത്തില്‍ ആദ്യംതന്നെ ഒപ്പിട്ടിരുന്നു. പുനരധിവാസവും മെച്ചപ്പെട്ട നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് 10 വീട്ടുകാര്‍ മാറിനിന്നത്. വീടൊഴിയാന്‍ ഉദ്യോഗസ്ഥതലത്തില്‍ പലവിധ ഭീഷണികളും സമ്മര്‍ദങ്ങളും ഉണ്ടായിരുന്നതായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിനിധി പനയ്ക്കല്‍ ജോയി പറഞ്ഞു.

2008 ഫിബ്രവരി നാലിനായിരുന്നു ഡെപ്യൂട്ടി കളക്ടര്‍ രമാദേവിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും ഉദ്യോഗസ്ഥരും തൊഴിലാളികളും ജെ.സി.ബി.യുമായെത്തിയത്. സമ്മതപത്രം നല്‍കിയവരുടെ വീടാണ് അന്ന് തകര്‍ത്തത്. ഫിബ്രവരി ആറിന് രാവിലെ എട്ടുമണിക്കുതന്നെ എത്തിയ സംഘം 16 വര്‍ഷം കടമക്കുടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സെലസ്റ്റീന്‍ മാസ്റ്ററുടെ വീട് സമ്മതമില്ലാതെ തന്നെ ആദ്യം തകര്‍ത്തു. തടയാന്‍ ശ്രമിച്ചവരെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി മൂലമ്പള്ളി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞു. പള്ളി വികാരി ഫാദര്‍ മാര്‍ട്ടിന്‍ കുറ്റിക്കാട്ടിലിനും മര്‍ദനമേറ്റു. സ്ത്രീകളും കുട്ടികളും വീട്ടിനകത്തുകയറി അലമുറയിട്ടു. ഇടിക്കട്ടകളും പാരകളും ഉപയോഗിച്ചാണ് ചുമരുകള്‍ തകര്‍ത്തത്. തന്റെ വീട് തകര്‍ക്കുകയാണെന്നറിഞ്ഞ് ബോധംകെട്ടുവീണ തിട്ടയില്‍ സുഭദ്ര എന്ന വിധവയെക്കൊണ്ട് സമ്മതപത്രത്തില്‍ ഒപ്പിടുവിക്കാനുള്ള ശ്രമവും ഈ തിരക്കിനിടയില്‍ നടന്നു. (ചിത്രം കാണുക). നീതു, ജീതു എന്നീ കുട്ടികളുടെ സ്‌കൂള്‍ ബാഗും നോട്ടു പുസ്തകങ്ങളും വരെ കൊണ്ടുപോയതായി ആരോപണമുണ്ട്.

അടുത്തദിവസം ചട്ടിയും കലവുമുള്‍പ്പെടെ സാധനങ്ങളുമായി കുടിയിറക്കപ്പെട്ടവരും അവരെ അനുകൂലിക്കുന്നവരും കളക്ടര്‍ മുഹമ്മദ് ഹനീഷിന്റെ ബംഗ്ലാവിലേക്ക് മാര്‍ച്ചുചെയ്തു. മേനക സ്റ്റോപ്പിനടുത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. അവിടെ പന്തല്‍കെട്ടി സമരം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനാണ് അന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മൂലമ്പള്ളിയിലെ സമരക്കാര്‍ നക്‌സലുകളാണെന്ന പ്രസ്താവന മുഖ്യമന്ത്രി അച്യുതാനന്ദന്‍ പിന്നീട് തിരുത്തി. പകല്‍ സമരപ്പന്തലിലും രാത്രി മൂലമ്പള്ളി പള്ളി വക ഹാളില്‍ കിടന്നുറങ്ങിയും 45 ദിവസം പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ മൂലമ്പള്ളി പാക്കേജ് പ്രഖ്യാപിച്ചു.
അഞ്ചുസെന്റില്‍ താഴെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം അഞ്ചുസെന്റ് ഭൂമിയും അഞ്ചില്‍ കൂടുതല്‍ നഷ്ടപ്പെട്ടവര്‍ക്ക് ആറുസെന്റും എന്നതായിരുന്നു പാക്കേജിലെ വ്യവസ്ഥ.

മൂലമ്പള്ളിയില്‍ സമരം ചെയ്തവര്‍ക്കുമാത്രമായിരുന്നു ആദ്യം പാക്കേജെങ്കിലും സമ്മതപത്രം നല്‍കി ഒഴിഞ്ഞവര്‍ക്കും നല്‍കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. കോടതി ഇടപെടലുകളും ജനകീയ സമരങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. ഇടിച്ചുനിരത്തലിന് നേതൃത്വം കൊടുത്ത 60 ഉദ്യോഗസ്ഥര്‍ക്ക് 2008 ആഗസ്ത് 15-ന് വല്ലാര്‍പ്പാടത്തൊരുക്കിയ ചടങ്ങില്‍ മുഖ്യമന്ത്രി തന്നെ ഗുഡ്‌സര്‍വീസ് എന്‍ട്രിയും കൊടുത്തു. 2008 ഫിബ്രവരി മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ നേതൃത്വത്തില്‍ പോര്‍ട്ട്ട്രസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ 15-ന് മുമ്പ് സ്ഥലം കൈമാറാന്‍ തീരുമാനിച്ചിരുന്നുവെന്നും അതുകൊണ്ടാണ് തിടുക്കത്തില്‍ ഒഴിപ്പിക്കേണ്ടിവന്നതെന്നും ഡെപ്യൂട്ടി കളക്ടര്‍ രമാദേവി പറഞ്ഞു.299 കുടുംബങ്ങള്‍ക്കാണ് മൂലമ്പള്ളി, കോതാട്, കോരമ്പാടം, പൊന്നരിമംഗലം, പോഞ്ഞിക്കര, വടുതല, തൈക്കാവ്കുളം, തുതിയൂര്‍ എന്നിവിടങ്ങളിലായി സ്ഥലംകൊടുത്തത്.

വൈദ്യുതി, റോഡ്, വെള്ളം എന്നീ സൗകര്യങ്ങളുള്ളതും രണ്ട് നിലകെട്ടിടം പണിയാമെന്ന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയതുമായ ഭൂമി 2009 ജനവരി 15-ന് മുന്‍പ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് കോടതിവിധിയുമുണ്ടായിരുന്നു. പക്ഷേ, കായല്‍ നികത്തിയ ഭൂമിയാണ് മൂലമ്പള്ളിയില്‍ ലഭിച്ചത്. വൈദ്യുതിയും വെള്ളവും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ”രണ്ടുനില വീടുവെക്കാം, പക്ഷേ, അടിത്തറ ഉറപ്പുള്ളതായിരിക്കണം.” എന്നുവെച്ചാല്‍ പാറകാണുന്നതുവരെ പൈലിങ് നടത്തിയിട്ടുവേണം വീടുവെക്കാന്‍. പാവങ്ങള്‍ക്ക് കഴിയുന്ന കാര്യമാണോ അത്? പരിഹാസത്തിനും വേണ്ടേ ഒരതിര്?ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ എറണാകുളം കളക്ടര്‍ ഡോ. ബീന പറയുന്നത് കാക്കനാട് വില്ലേജില്‍ ഒന്നാംതരം സ്ഥലം കാണിച്ചുകൊടുത്തപ്പോള്‍ അതുവേണ്ടെന്നും മൂലമ്പള്ളിയില്‍ത്തന്നെ വേണമെന്നും വാശിപിടിച്ചതുകൊണ്ടാണ് കായല്‍ നികത്തിയ സ്ഥലംകൊടുത്തതെന്നുമാണ്. പലവിധ തൊഴിലെടുത്ത് ജീവിതം നയിക്കുന്നവരെ ദൂരദേശങ്ങളിലേക്ക് പറിച്ചുനട്ടാല്‍ അവരെങ്ങനെ ജീവിക്കുമെന്ന് ഫ്രാന്‍സിസ് കളത്തുങ്കല്‍ ചോദിക്കുന്നു.
തീരപരിപാലന നിയമത്തിന്റെ സ്‌ട്രോങ് ഏരിയയിലാണ് അനുവദിച്ചിരിക്കുന്ന ഭൂമി. 33 ശതമാനം ഭാഗത്ത് കെട്ടിടം പണിയാം എന്നാണ് അവിടെ ഇളവുനല്‍കിയിരിക്കുന്നത്. ഇവിടെ ആരും വീടുവെച്ചിട്ടില്ല. വല്ലാര്‍പ്പാടത്തേക്ക് റോഡുപണിയാന്‍ കുടിയിറക്കിയ 326 കുടുംബങ്ങളില്‍ നാലുകുടുംബങ്ങള്‍ മാത്രമാണ് ഇതുവരെ വീടുവെച്ചത്.

79 സെന്റ് സ്ഥലം നഷ്ടപ്പെട്ട സെലസ്റ്റീന്‍ മാസ്റ്റര്‍ക്കും പട്ടികജാതിയില്‍പ്പെട്ട സുഭദ്രയെന്ന വിധവയ്ക്കും ഇതുവരെ പട്ടയം കിട്ടിയിട്ടില്ല. സെലസ്റ്റീന്‍ മാസ്റ്റര്‍ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം കേസിനുപോയതുകൊണ്ട് പാക്കേജില്‍ ഉള്‍പ്പെടില്ലെന്നും സുഭദ്ര പുറമ്പോക്കിലാണ് താമസിച്ചിരുന്നതെന്നും കളക്ടര്‍ ബീന വിശദീകരിച്ചു. സുഭദ്രയ്ക്ക്കുടികിടപ്പവകാശം ലഭിച്ചിട്ടുണ്ടെന്നും പുറമ്പോക്കില്‍ താമസിക്കുന്നവരെ വികസനത്തിനുവേണ്ടി തെരുവിലേക്ക് വലിച്ചെറിയാമോ എന്ന് ഫ്രാന്‍സിസ് കളത്തുങ്കല്‍ ചോദിക്കുന്നു.

വല്ലാര്‍പ്പാടം പ്രോജക്ട് വരുമ്പോള്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ സമരസമിതിക്കാര്‍ക്ക് നല്‍കിയ മറുപടി ബി.ഒ.ടി. പദ്ധതിയായതിനാല്‍ ജോലി നല്‍കാന്‍ പറ്റില്ല എന്നാണ്. വികസനത്തിന് വേണ്ടി നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കപ്പെട്ടവരാണവര്‍. ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ ഈ ശിക്ഷ അനുഭവിക്കുന്നത്.
വല്ലാര്‍പ്പാടം പദ്ധതി പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. മൂലമ്പള്ളിയില്‍ നിന്ന് ബലംപ്രയോഗിച്ച് കുടിയിറക്കിയവരില്‍ ചിലര്‍ കായലോരങ്ങളില്‍ പ്ലാസ്റ്റിക്ഷീറ്റ് കൊണ്ട് മറച്ച കൂടാരങ്ങളില്‍ നിന്ന് പുതുതായി ഉയര്‍ന്നുവന്ന രാജപാതയിലേക്ക് നോക്കി ഇടയ്ക്കിടെ നെടുവീര്‍പ്പിടും. മറ്റുചിലര്‍ ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുന്നു.


പുനരധിവാസം ഹോട്ടലില്‍

എറണാകുളം നോര്‍ത്തില്‍ പരമാര റോഡില്‍ കൊച്ചി കോര്‍പ്പറേഷന്റെ ഹോട്ടല്‍ ലിബ്ര മൂന്നുവര്‍ഷമായി പുനരധിവാസകേന്ദ്രമാണ്. തേവര-പേരണ്ടൂര്‍ കനാലിന്റെ പുറമ്പോക്കില്‍ താമസിക്കുകയായിരുന്ന 32 കുടുംബങ്ങളെയാണ് ഹോട്ടലില്‍ താമസിപ്പിച്ചത്. ഒന്നരസെന്റ് സ്ഥലവും വീടുവെക്കാനുള്ള തുകയും മൂന്നുമാസത്തിനുള്ളില്‍ തരാമെന്നായിരുന്നു അധികാരികള്‍ ഒഴിപ്പിക്കുമ്പോള്‍ ഉറപ്പുകൊടുത്തത്. എന്നാല്‍, ഇടുങ്ങിയ ഹോട്ടല്‍മുറിയില്‍ മൂന്നുവര്‍ഷമായി നരകജീവിതമാണ് ഇവര്‍ക്ക്. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെ കല്യാണംപോലും വൈകുകയാണ്. ”ഹോട്ടല്‍മുറിയില്‍ പെണ്ണുകാണാന്‍ ആരെങ്കിലും വരുമോ?” ഒരു പിതാവ് ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു. ഇതില്‍ അഞ്ച്കുടുംബങ്ങളെ മുണ്ടംവേലിയിലേക്ക് പുനരധിവസിപ്പിച്ചിട്ടുണ്ട്.

തലമുറകളായി ജീവിച്ചുവന്ന ഒന്നാംതരം വീട്ടില്‍നിന്നാണ് ഞങ്ങളെ ഇറക്കിവിട്ടതെന്നും ഒരു കൊമ്പില്‍നിന്ന് മറ്റൊരുകൊമ്പിലേക്ക് പറന്നുപോകാന്‍ ഞങ്ങളെന്താ കാക്കകളാണോ എന്നും വാസന്തിയും ജമീലയും ശശിയും ഹനീഫയും ലൈലയുമെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കുന്നു.

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ മലിനമാക്കുന്നതുകൊണ്ട് പേരണ്ടൂര്‍ കനാലിലെ നീരൊഴുക്ക് തടസ്സപ്പെടുന്നു എന്ന് ഒരു റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടതാണ് ഇവരെ കുടിയൊഴിപ്പിക്കാനിടയായത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും മാലിന്യം നീക്കുകയോ നീരൊഴുക്ക് കൂടുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും നേവല്‍ബേസിനും വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വാത്തുരുത്തിയില്‍ കഴിയുന്നുണ്ട്. എച്ച്.പി.സി.ക്കും ടാറ്റാ ഓയില്‍ മില്‍സിനും വേണ്ടി ഒഴിപ്പിക്കപ്പെട്ടവര്‍ മണ്ടാക്കരയിലുണ്ട്. സ്മാര്‍ട്ട്‌സിറ്റിക്കുവേണ്ടി 54 കുടുംബങ്ങളെ എടച്ചിറയിലേക്ക് മാറ്റി. നാടിന്റെ വികസനത്തിനുവേണ്ടി പറിച്ചുനടപ്പെട്ടവരുടെ ദുരിതങ്ങള്‍ ഒടുങ്ങുന്നില്ല.

ദുരിതം ദേശീയ പാതയ്ക്കുവേണ്ടിയും
റോഡുകള്‍ നാടിന്റെ വികസനത്തിന്റെ ജീവനാഡികളാണ്. റോഡുവന്നാല്‍ നാട്ടുകാര്‍ക്കെല്ലാം അതിന്റെ പ്രയോജനവുമുണ്ടാകും. എന്നാല്‍ അതിനുവേണ്ടി നഷ്ടം സഹിക്കുന്നവന്റെ വേദന ആരും കാണുന്നില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തുച്ഛമായ വിലയ്ക്ക് നഷ്ടപ്പെടുന്നതുമാത്രമല്ല ആ പണം കൈയില്‍ കിട്ടാന്‍ പലരും പെടാപ്പാട് പെടുകയാണ്. റോഡ് 30 മീറ്ററില്‍ വീതികൂട്ടാന്‍ തന്റെ ഒന്‍പത് സെന്റില്‍ ആറും നല്‍കിയ ചേരാനല്ലൂര്‍ പഞ്ചായത്തിലെ നടക്കപറമ്പ് കുഞ്ഞുമുഹമ്മദ് അനുഭവിച്ച ദുരിതം ചില്ലറയല്ല. കുഞ്ഞുമുഹമ്മദിന്റെ ഉമ്മയ്ക്കായിരുന്നു നിയമപ്രകാരം പൊന്നുംവില ലഭിക്കേണ്ടിയിരുന്നത്. ഉമ്മ മരിച്ചതോടെ പണം ഏറ്റുവാങ്ങേണ്ടത് ജ്യേഷ്ഠന്‍ അബ്ദുറഹിമാനായിരുന്നു. ചുവപ്പുനാട അഴിഞ്ഞുതീരും മുമ്പേ 2005 ജനവരി ഒന്നിന് അബ്ദുറഹിമാനും മരിച്ചു. പിന്നീട് നിയോഗം മറ്റൊരു സഹോദരനായ പരീതിനായിരുന്നു. ഫിബ്രവരി 23-ന് പരീതും മരിച്ചു. നഷ്ടപരിഹാരത്തിനു വേണ്ടി മരണസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി തളര്‍ന്ന കുഞ്ഞുമുഹമ്മതിന് പണം ഇതുവരെ കിട്ടിയിട്ടുമില്ല. ഇനി റോഡ് 45 മീറ്ററാക്കുമ്പോള്‍ ബാക്കി മൂന്നുസെന്റും നഷ്ടമാകും. ചുവപ്പുനാടകളില്‍ കുടുങ്ങി തന്റെയും കുടുബത്തിന്റെയും ഭാവി എന്താകും എന്ന ആശങ്കയിലാണ് കുഞ്ഞുമുഹമ്മദ്.

ചേരാനല്ലൂരില്‍ത്തന്നെ ഏഴുസെന്റില്‍ അഞ്ചരയും പാതയ്ക്കു നല്‍കിയ മുന്‍ വാര്‍ഡ് അംഗം ജമീല സക്കറിയ പത്തടി വീതിയില്‍ മുന്നു നിലകളിലായാണ് മൂന്നുമുറി വീടുപണിതത്. 15 മീറ്റര്‍ കൂടി ഏറ്റെടുക്കുമ്പോള്‍ അതുംപോകും. സെന്റിന് നാലു ലക്ഷം വിലയുള്ളിടത്ത് 55000 രൂപ വീതമാണിവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചത്.

രണ്ടു തലമുറ സമൃദ്ധമായി ജീവിച്ചിരുന്ന വീടായിരുന്നു തൃശ്ശൂര്‍ മണ്ണുത്തി താണിപ്പാടത്ത് കുന്നത്ത് പറമ്പില്‍ പത്മിനിയുടേത്. റോഡിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തപ്പോള്‍ അവശേഷിച്ചത് രണ്ടര സെന്റ്. എട്ടടി വീതിയിലാണിവിടെ വീടുവെക്കുന്നത്. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ ഒന്നും രണ്ടും സെന്റ് ബാക്കിയാകുന്ന ആളുകള്‍ക്ക് ബാക്കി സ്ഥലം ഉപയോഗപ്പെടാതെ പോകുകയാണ്. നിയമം മാത്രം നോക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അത് പരിഗണിക്കേണ്ടതില്ല. പക്ഷേ, നാട്ടില്‍ നീതി പുലരണം എന്ന് ഭരണാധികാരികള്‍ക്കെങ്കിലും തോന്നേണ്ടതല്ലേ?

ദേശീയ പാത 30 മീറ്ററാക്കാന്‍ വേണ്ടി ഇടപ്പള്ളി ആനോട്ടിക്കര കോളനിയില്‍ ഭരതന് വിട്ടുകൊടുക്കേണ്ടിവന്നത് 13 സെന്റ്. ഒരു സെന്റാണ് ബാക്കിയായത്. അവിടെ ഒറ്റമുറി വീട്ടിലാണ് ഇപ്പോള്‍ താമസം. ചേരാനെല്ലൂരിലെ ബെന്നിക്ക് മൂന്നുമുറിയുള്ള വീടും പറമ്പും നഷ്ടമായി. ഒരു സെന്റിലാണ് ഇപ്പോഴത്തെ വീട് കെട്ടിപ്പൊക്കിയിരിക്കുന്നത്. നാലുമീറ്ററാണ് വീതി.

45 മീറ്ററില്‍ വികസിപ്പിക്കാന്‍ വേണ്ടി വീണ്ടും സ്ഥലമേറ്റെടുക്കാന്‍ തുടങ്ങിയതോടെ പലയിടത്തും സര്‍വേ തടയുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. ആലപ്പുഴ കരുവാറ്റയില്‍ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞതുമായി ബന്ധപ്പെട്ട് ക്രൂരമായ ലാത്തിച്ചാര്‍ജുതന്നെയുണ്ടായി. 60 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. 30 മീറ്ററില്‍ സ്ഥലം എടുത്തപ്പോള്‍ വീടുനഷ്ടപ്പെട്ട് പുറകിലോട്ട് മാറി വീടുപണിത് ജീവിക്കുന്നവര്‍ക്ക് വീണ്ടും വീട് നഷ്ടപ്പെടുന്ന സാഹചര്യമാണ്. അതാണ് എതിര്‍പ്പിന്റെ മുഖ്യകാരണം. പാലക്കാട് വടക്കഞ്ചേരിയില്‍ ജനം മൂന്നുതവണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.

കിട്ടിയ നഷ്ടപരിഹാരം കുറവാണെന്ന് പറഞ്ഞ് റോഡുനിര്‍മാണം തടഞ്ഞ 13 പേരെ ഏപ്രില്‍ 25-നാണ് പോലീസ് അറസ്റ്റുചെയ്തത്.
മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ 1200 പേര്‍ക്കാണ് സ്ഥലം നഷ്ടമായത്. കഴിഞ്ഞദിവസം അവര്‍ യോഗംചേര്‍ന്ന് ഉപവാസം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാജാജി മാത്യു തോമസ് എം.എല്‍.എ.യുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇതേ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ത്തന്നെയാണ് പുനരധിവാസ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി കളക്ടര്‍ ഇ.എസ്. പുഷ്പവല്ലിയെ തടഞ്ഞുവെച്ചത്. 2010 ഏപ്രില്‍ 23-ന് തൃശ്ശൂര്‍ ചെമ്പൂക്കാവിലെ ഓഫീസില്‍വെച്ചായിരുന്നു അത്. സ്ഥലത്തിന് മാര്‍ക്കറ്റ് വില നല്‍കുക, പുറമ്പോക്കിലും വാടകവീട്ടിലും താമസിക്കുന്നവരെ പുനരധിവസിപ്പിക്കുക, നഷ്ടപരിഹാരം കൊടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു തടഞ്ഞുവെക്കല്‍.

എറണാകുളം ചേരാനല്ലൂരില്‍ സ്ഥലം ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പ്രതിഷേധം മൂലം മടങ്ങിപ്പോകുകയായിരുന്നു.
ദേശീയപാതാ വികസനത്തിന്റെ സാധ്യതാപഠനം നടത്തിയ അമേരിക്കന്‍ കമ്പനിയായ വില്‍ബര്‍ സ്മിത്ത് ആന്‍ഡ് അസോസിയേറ്റ്‌സിന്റെ കണക്കനുസരിച്ച് ഇടപ്പള്ളി മുതല്‍ കുറ്റിപ്പുറം വരെ 111 കിലോമീറ്റര്‍, 45 മീറ്റര്‍വീതിയില്‍ വികസിപ്പിക്കുമ്പോള്‍ 34155 കുടുംബങ്ങളെ നേരിട്ടുബാധിക്കും. 5596 കുടുംബങ്ങളുടെ കെട്ടിടമടക്കമുള്ള ഭൂമിയും 23744 കുടുംബങ്ങളുടെ ഭൂമിമാത്രവും നഷ്ടമാകും. കച്ചവടക്കാരും ദിവസവേതനത്തൊഴിലാളികളുമുള്‍പ്പെടെ 118400 പേരെ പദ്ധതി നേരിട്ടുബാധിക്കും. 2006-ലാണ് പഠനം നടത്തിയത്. ഇപ്പോള്‍ മൂന്നുലക്ഷം ആളുകളെയെങ്കിലും പ്രത്യക്ഷമായി ഈ ഭാഗത്തുമാത്രം ബാധിക്കുമെന്ന് കണക്കാക്കുന്നു. ഇതു കാസര്‍കോടു വരെ 430 കിലോമീറ്ററില്‍ ആകുമ്പോള്‍ ബാധിക്കുന്നവരുടെ എണ്ണം 12 ലക്ഷം കവിയുമെന്ന് ദേശീയ പാത സംയുക്തസമരസമിതി കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി പറയുന്നു. എന്‍.എച്ച്. 47 കൂടിയാകുമ്പോള്‍ മൊത്തം കുടിയൊഴിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണം 24 ലക്ഷമാകുമെന്നും അനുമാനിക്കുന്നു.

മുന്നുലക്ഷം ജനങ്ങളെ കുടിയിറക്കിയ നര്‍മദാവാലി അണക്കെട്ടു പദ്ധതിയായിരുന്നു ഇതുവരെ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയിറക്കല്‍.

ദേശീയപാതയ്ക്കുവേണ്ടി 45 മീറ്ററില്‍ സ്ഥലം ഏറ്റെടുത്താല്‍ 10 ലക്ഷം വ്യാപാരികളും 50 ലക്ഷം തൊഴിലാളികളും വഴിയാധാരമാകുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. ഇതിനെതിരെ 2010 ജൂലായ് 29-ന് കേരളത്തിലെ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി മുതല്‍ ആലപ്പുഴ ചേര്‍ത്തലവരെ നാലുവരിപ്പാത ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പാലക്കാട് വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ കരാറുകാരെ പണി ഏല്പിച്ചു കഴിഞ്ഞെങ്കിലും ജനങ്ങളുടെ എതിര്‍പ്പുമൂലം പണി നീണ്ടു പോകുകയാണ്. കരാറുകാരന്‍ കോടതിയെ സമീപിച്ച് അനുകൂലവിധിനേടിയിട്ടണ്ട്. 2006-ല്‍ സെന്റിന് 50000 വരെ വിലയുണ്ടായിരുന്ന എറണാകുളം മൂലമ്പള്ളിയില്‍ 6000 മുതല്‍ 22000 വരെയാണ് സര്‍ക്കാര്‍ വിലകൊടുത്തത്. സെന്റിന് നാലു ലക്ഷം വിലയുള്ള തൃശ്ശൂര്‍ മണ്ണുത്തിയില്‍ പൊന്നുംവില 75000 രൂപ. രണ്ടു ലക്ഷം മുതല്‍ 25 ലക്ഷം വരെ വിലയുള്ള ഇടപ്പള്ളി മുതല്‍ കുറ്റിപ്പുറം വരെ ദേശീയ പാത 17-ല്‍ 45 മീറ്ററാക്കുമ്പോള്‍ കൊടുക്കാന്‍ പോകുന്ന വില സെന്റിന് 36000 രൂപയാണെന്ന് വില്‍ബര്‍ സ്മിത്ത് ആന്‍ഡ് അസോസിയേറ്റ്‌സിന്റെ സാധ്യതാപഠനത്തില്‍ പറയുന്നു.

1953-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനുവേണ്ടി സെന്റിന് 17 രൂപ തോതിലായിരുന്നു കുടിയിറക്കിയത്. കോടതിയില്‍ പോയപ്പോള്‍ അത് 83 രൂപയാക്കി. 1984-ല്‍ ഏഴിമലയില്‍ 460 രൂപ തോതില്‍ കുടിയിറങ്ങിയ 1200 കുടുംബങ്ങള്‍ കോടതിയില്‍ പോയപ്പോള്‍ 2000 രൂപയാക്കാന്‍ ഉത്തരവായി. അത് കിട്ടാന്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. 2010-ല്‍ കഞ്ചിക്കോട് റെയില്‍വേ കോച്ചുഫാക്ടറിക്കുവേണ്ടി സെന്റിന് 15000 വീതം വാങ്ങി കുടിയിറങ്ങിയവരും ദേശീയ പാത 47-നുവേണ്ടി വാളയാര്‍ വടക്കഞ്ചേരി ഭാഗത്ത് 35000 രൂപയ്ക്ക് കുടിയിറങ്ങിയവരുമെല്ലാം നഷ്ടബോധത്തോടെയാണ് ജീവിക്കുന്നത്. ഈ കിട്ടുന്ന തുകയില്‍നിന്ന് 10.5 ശതമാനം ആദായ നികുതി പിടിക്കുകയും ചെയ്യും. ജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

പൊന്നുംവില എന്നാല്‍ ആധാരവില

1894-ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമമനുസരിച്ചാണ് ദേശീയ പാതയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നത്. അതനുസരിച്ച് മാര്‍ക്കറ്റ്‌വില അഥവാ പൊന്നുംവിലയാണ് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമയയ്ക്ക് നല്‍കേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷന്‍ ഇറങ്ങിയ ദിവസം മുതല്‍ പുറകിലോട്ട് മൂന്നുവര്‍ഷത്തിനിടയില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയാണ് സര്‍ക്കാര്‍ പറയുന്ന മാര്‍ക്കറ്റ് വില.

യഥാര്‍ഥ മാര്‍ക്കറ്റ് വിലയുടെ നാലിലൊന്നുപോലും ആധാരത്തില്‍ കാണിക്കുന്നില്ല എന്നതാണ് വസ്തുത. ആധാരത്തില്‍ കാണിക്കുന്ന വിലയുടെ 10 ശതമാനം സ്റ്റാമ്പ്ഡ്യൂട്ടി കൊടുക്കണം. വില കുറച്ചുകാണിക്കുന്നത് സര്‍ക്കാറിന്റെ സ്റ്റാമ്പ്ഡ്യൂട്ടി കുറയ്ക്കാനാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഒരു വ്യക്തി സ്വന്തം സ്ഥലം വില്‍ക്കുമ്പോള്‍ വിലയുടെ 10 ശതമാനം സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടതുണ്ടോ എന്നൊരു കാതലായ ചോദ്യം ഇവിടെ ഉയരുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഒന്നോ രണ്ടോ ശതമാനമാക്കിയിരുന്നെങ്കില്‍ ജനം യഥാര്‍ഥ വിലതന്നെ ആധാരത്തില്‍ കാണിക്കുമായിരുന്നു. ആധാരത്തില്‍ വില കുറച്ചുകാണിക്കുന്നത് മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നുണ്ട്. അതനുസരിച്ച് സ്ഥലം വാങ്ങുന്നതിനുമുമ്പ് വാങ്ങുന്ന ആളും വില്‍ക്കുന്ന ആളും തമ്മിലുണ്ടാക്കുന്ന കരാര്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. കരാറില്‍ കാണിച്ച തുക തന്നെ ആധാരത്തിലും കാണിക്കും എന്ന വിശ്വാസത്തിലാണിത്.

ബേക്കല്‍ ടൂറിസം വികസനം

കൃഷിഭൂമി ഉള്‍പ്പെടെ വ്യാപകമായ ഒഴിപ്പിക്കലാണ് ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുവേണ്ടി (ബി.ആര്‍.ഡി.സി) നടത്തിയത്. കുളവയല്‍, ചേറ്റുകുണ്ട്, മാലംകുന്ന്, കാപ്പില്‍, ബേബൂരി, ചെമ്പരിക്ക, പള്ളിക്കര, വലിയപറമ്പ്എന്നിവിടങ്ങളിലായാണ് സ്ഥലം ഏറ്റെടുത്തത്. ഇവിടങ്ങളില്‍ റിസോര്‍ട്ട് നിര്‍മിക്കാന്‍ സ്വകാര്യവ്യക്തികള്‍ക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. എയര്‍ട്രാവല്‍ എന്റര്‍പ്രൈസസ്, ഗ്ലോബ്‌ലിങ്ക് എന്റര്‍പ്രൈസസ്, ഖന്ന ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ്, ഭാരത് ഗ്രൂപ്പ്ഓഫ് ഹോട്ടല്‍സ് തുടങ്ങിയ സ്വകാര്യ സംരംഭകരാണ് റിസോര്‍ട്ട് പണിതുടങ്ങിയിരിക്കുന്നത്.പൊതുജനങ്ങള്‍ക്കുകൂടി വെള്ളം കൊടുക്കുമെന്ന് പറഞ്ഞുകൊണ്ട് 15 കോടിരൂപയുടെ ഒരു കുടിവെള്ള പദ്ധതി തുടങ്ങിയിട്ടുണ്ടെങ്കിലും ആര്‍ക്കും വെള്ളം കിട്ടിയിട്ടില്ല. സംരംഭകര്‍ക്ക് വെള്ളം കൊടുക്കുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ക്കു കൂടി കൊടുത്തിരുന്നെങ്കില്‍ അജാനൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട് പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു.


കുടിയൊഴിപ്പിക്കലും മരവിപ്പിക്കലും

കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ നാവിക അക്കാദമിക്കുവേണ്ടി പയ്യന്നൂരിനടുത്ത് ഏഴിമലയില്‍ 1200 കുടുംബങ്ങളെ കുടിയിറക്കിയത് 1984ലാണ്. രാജ്യസുരക്ഷയ്ക്കുവേണ്ടിയുള്ള പദ്ധതിയായതുകൊണ്ട് അഭിമാനത്തോടെയാണ് രാമന്തളിയിലും പരിസരത്തുമുള്ളവര്‍ ഫലഭൂയിഷ്ഠമായ ഭൂമി വിട്ടുകൊടുത്തത്. രാമന്തളി പഞ്ചായത്തിലെ നെല്ലറയായിരുന്നു കുടിയൊഴിപ്പിച്ച പൂച്ചാല്‍ ഭാഗം. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പൊന്നും വില സെന്റിനു 460 രൂപ. ആളൊഴിഞ്ഞ കുന്നുംപുറത്ത് ഇവരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം വാങ്ങിയത് സെന്റിന് 600 രൂപ തോതിലാണ്. വിദ്യാലയം, ആസ്പത്രി, ജോലി തുടങ്ങിയ വാഗ്ദാനങ്ങള്‍ക്ക് ഇവര്‍ക്കും പഞ്ഞമില്ലായിരുന്നു. സ്ഥലമേറ്റെടുത്തപ്പോള്‍ ഇല്ലാതായ പൂച്ചാല്‍ എല്‍.പി. സ്‌കൂളിനുപകരം സ്‌കൂള്‍ ഇനിയും തുടങ്ങിയില്ല.

തങ്ങളുടെ ആവാസവ്യവസ്ഥയില്‍നിന്നു പറിച്ചുനട്ടതിന്റെ ദുരിതങ്ങള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് രാമന്തളി പഞ്ചായത്തില്‍നിന്നു കുടിയൊഴിയേണ്ടിവന്നവരില്‍ ചിലര്‍. ഞാറുനട്ടും മീന്‍പിടിച്ചും കുട്ടയും പായും നെയ്തും അന്നത്തിന് വഴികണ്ടിരുന്നവര്‍ ഇപ്പോള്‍ ഏഴിമലയുടെ കിഴക്കേ ചരിവില്‍ പരുത്തിക്കാട് ഭാഗത്ത് താമസിക്കുന്നു. അവിടെ ഹരിജന്‍ കോളനിയില്‍ മാധവിയും കുഞ്ഞമ്പുവും ഭാര്യ കാര്‍ത്യായനിയുമെല്ലാം കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെയാണ് ജീവിക്കുന്നത്. മീന്‍ പിടിക്കാനും ഞാറുനടാനും കുന്നിന്‍ മുകളില്‍ പറ്റില്ലല്ലോ? കുട്ടയും പായും മെടയാന്‍ കൈതോലയും കിട്ടാനില്ല. എന്നും തോറ്റുകൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ക്ക് നെടുവീര്‍പ്പിടാന്‍ മാത്രമല്ലേ കഴിയൂ?

കുടിയൊഴിഞ്ഞ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഒരേക്കര്‍ വീതം നല്‍കി. മറ്റുള്ളവര്‍ക്ക് 10 സെന്റുവീതവും.സ്ഥലത്തിന്റെ വിലയില്‍ തങ്ങള്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ‘ഇവ’ എന്നപേരില്‍ കുടിയൊഴിഞ്ഞവര്‍ സംഘടനയുണ്ടാക്കി 50 ദിവസം നാവിക അക്കാദമിഗേറ്റിനു മുന്നില്‍ സമരം ചെയ്തു. നഷ്ടപരിഹാരത്തുക പുനഃപരിശോധിച്ച് ഒരു വര്‍ഷത്തിനകം വിതരണം ചെയ്യാമെന്ന് ധാരണയായി. പക്ഷേ, ആ ധാരണ ഒരു ജലരേഖയായിരുന്നു. അവസാനം പാവങ്ങള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് ലഭിച്ചത് നീതിപീഠത്തില്‍നിന്നാണ്. 460 രൂപ സര്‍ക്കാര്‍ കണ്ട സ്ഥലത്തിന് 1200 മുതല്‍ 2000 രൂപ വരെ കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 25 വര്‍ഷത്തെ പലിശയും കൊടുക്കണം. പക്ഷേ, അതും തരാതെ ഉദ്യോഗസ്ഥര്‍ കളിപ്പിക്കുകയാണെന്നും കിട്ടണമെങ്കില്‍ ഇനിയും കോടതിയെ തന്നെ സമീപിക്കേണ്ട സ്ഥിതിയാണെന്നും രാമന്തളി പഞ്ചായത്ത് പൗരസമിതിയുടെ ജനറല്‍ സെക്രട്ടറി എ. നാരായണന്‍ പറയുന്നു.

ഉദുമയില്‍നിന്ന് ഒരനുഭവം

ഏഴിമലയില്‍ നിന്ന് അധികം ദൂരത്തല്ല ഉദുമ. അവിടെ പലചരക്കുകട നടത്തുന്ന തൊട്ടിയില്‍ കുഞ്ഞിക്കണ്ണന്‍ എന്ന 62 കാരന്റെ അനുഭവം അറിഞ്ഞിരിക്കേണ്ടതാണ്. പാലം പണിയാന്‍ റെയില്‍വേയാണ് ആദ്യം കുഞ്ഞിക്കണ്ണന്റെ നാലര സെന്റ് ഏറ്റെടുത്തത്. 2000 ത്തിലായിരുന്നു അത്. സെന്റിന് ഒരു ലക്ഷം വിലയുള്ളിടത്ത് റെയില്‍വേ കൊടുത്തത് 12,000 വീതം. കുഞ്ഞിക്കണ്ണന്‍ കോടതിയെ സമീപിച്ചു. 32,000 വീതം കൊടുക്കാനായിരുന്നു കോടതിവിധി. അതു കിട്ടുകയും ചെയ്തു. 2002ല്‍ റെയില്‍വേ വീണ്ടും റോഡിനുവേണ്ടി കുഞ്ഞിക്കണ്ണന്റെ പതിമ്മൂന്നര സെന്റ് ഏറ്റെടുത്തു. അതിനും കണക്കാക്കിയ വില 12,000 തന്നെ എന്നതാണ് കൗതുകം. വീണ്ടും കോടതിയെ ശരണം പ്രാപിച്ചിരിക്കുകയാണ്അദ്ദേഹം. ദുരിതം അതുകൊണ്ടും തീരുന്നില്ല. കുടിവെള്ള ടാങ്ക് പണിയാന്‍വേണ്ടി ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി.) തന്റെ ഒന്‍പതേകാല്‍ സെന്റ് പിടിച്ചെടുക്കുകയായിരുന്നുവെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അതിനെതിരെയും കോടതിയെ സമീപിക്കേണ്ടിവന്നു. കുടിവെള്ള പദ്ധതിയായതുകൊണ്ട് സ്ഥലം കൊടുക്കണമെന്നും പദ്ധതി തുടങ്ങുന്നില്ലെങ്കില്‍ സ്ഥലം തിരികെ നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങിയില്ല. പകരം ഒരു കുഴിമാത്രം ഉണ്ടാക്കി പദ്ധതി തുടങ്ങിയെന്നുവരുത്താന്‍ ഒരു ശ്രമം നടത്തിനോക്കി. സ്ഥലത്തിന്റെ ഫോട്ടോസഹിതം കുഞ്ഞിക്കണ്ണന്‍ വീണ്ടും കോടതിയെ സമീപിച്ചു. അതിനിടയ്ക്കാണ് ഇതേസ്ഥലം റോഡിനുവേണ്ടി കെ.എസ്.ടി.പി. ആവശ്യപ്പെടുന്നത്. ഭരണാധികാരികള്‍ കണ്ണടച്ചിരിക്കുമ്പോള്‍ നീതിപീഠം മാത്രമാണ് ഈ വയോധികന് തുണയാകുന്നത്. മൂന്നു കേസുകള്‍ ഹൈക്കോടതിയില്‍ ഉണ്ടെന്നും ഒന്നര ലക്ഷത്തോളം രൂപ കേസിനുവേണ്ടി ചെലവായെന്നും കുഞ്ഞിക്കണ്ണന്‍ പറയുന്നു. കോടികള്‍ അനാവശ്യമായി തുലയ്ക്കുന്ന നാട്ടില്‍ നിരാലംബരുടെ കണ്ണീരില്‍ ചാലിച്ച് തന്നെ വികസനം കെട്ടിപ്പൊക്കണം എന്ന് നിര്‍ബന്ധം പിടിച്ചാല്‍ എന്തുചെയ്യും?.
മരവിപ്പിക്കല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് കുന്നുംപുറത്ത് രാഘവന്‍പിള്ളയുടെ മകന്‍ ഗോപാലകൃഷ്ണന്‍നായരുടെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ വേണ്ടി 1953-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. സെന്റിന് 17 രൂപ തോതിലായിരുന്നു നഷ്ടപരിഹാരം. കേസുകൊടുത്തപ്പോള്‍ 83 രൂപയാക്കി. 44 സെന്റ് സ്ഥലമേ ബാക്കിയുണ്ടായിരുന്നുള്ളൂ. 1976 ല്‍ മെഡിക്കല്‍ കോളേജ് ഏരിയാ വികസനത്തിന് എന്നപേരില്‍ 105 ഏക്കര്‍ മരവിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥലവും അതില്‍പ്പെട്ടു. ചെറുവയ്ക്കല്‍, മടത്തുവിളാകം, കടകംപള്ളി വില്ലേജുകളില്‍ പെട്ടതാണ് മരവിപ്പിച്ച ഭൂമി. ഒരു നിര്‍മാണപ്രവര്‍ത്തനവും അവിടെ നടത്താന്‍ പറ്റില്ല. ക്രയവിക്രയവും പാടില്ല. ഈ 105 ഏക്കറില്‍ വാഴവിളക്കോണം മുതല്‍ കൊക്കണത്തലവരെ 25 ഏക്കര്‍ 2010 ആഗസ്ത് 20 ന് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ വീണ്ടും മരവിപ്പിച്ചിരിക്കുന്നു. 104 കുടുംബങ്ങള്‍ ഈ 25 ഏക്കറില്‍ കഴിയുന്നുണ്ട്.

ഭൂമി ഏറ്റെടുക്കലിനേക്കാള്‍ ദുസ്സഹമാണ് മരവിപ്പിക്കല്‍. ഏറ്റെടുക്കുമ്പോള്‍ തുച്ഛമെങ്കിലും കുറച്ച് പണം കൈയില്‍ കിട്ടും. മരവിപ്പിക്കുമ്പോള്‍ ഒരു നഷ്ടപരിഹാരവുമില്ലാതെ സ്വന്തം ഭൂമിയുടെ അവകാശികള്‍ അല്ലാതാവുകയാണ്. മിക്ക ഭരണാധികാരികളോടും നേരിട്ടും നിവേദനങ്ങളിലൂടെയും ഇവര്‍ പലവട്ടം സങ്കടം പറഞ്ഞുനോക്കി. ”എലി എത്ര കരഞ്ഞിട്ടും പൂച്ചയുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണീര്‍ വീണില്ല” എന്നുപറഞ്ഞ താണ് അവസ്ഥയെന്ന് ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മരവിപ്പിക്കലിനെതിരെ സ്ഥലവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.


ഹരിയാണയെ മാതൃകയാക്കാം

വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്ത് ആളുകള്‍ സമ്പന്നരാകുന്ന വാര്‍ത്തയാണ് ഹരിയാണയില്‍ നിന്ന് വരുന്നത്. സംസ്ഥാനങ്ങള്‍ക്ക്‌മെച്ചപ്പെട്ടപുനരധിവാസപാക്കേജ് ഉണ്ടാക്കാമെന്ന്2007ലെ ദേശീയ പുനരധിവാസ നയരേഖയില്‍ത്തന്നെ പറയുന്നുണ്ട്. ഇന്ത്യയില്‍ ഭൂമി ഏറ്റെടുക്കലിന് ഏറ്റവും മികച്ച മാതൃകയാക്കാവുന്ന സംസ്ഥാനം ഹരിയാണയാണ്. ജനസാന്ദ്രത കേരളത്തിന്റെ പകുതിയോളമേ ഹരിയാണയിലുള്ളൂ (കേരളത്തില്‍ 819,ഹരിയാണയില്‍ 478). അതുകൊണ്ടുതന്നെ സ്ഥലത്തിന്റെ മാര്‍ക്കറ്റ്‌വില പകുതിപോലുമില്ല. യഥാര്‍ഥ മാര്‍ക്കറ്റ് വിലയേക്കാള്‍ മീതെയാണ് അവിടെ അടുത്ത കാലത്ത് ഭൂമിയുടെ തറവില നിശ്ചയിച്ചിരിക്കുന്നത്. ഒരേക്കര്‍ ഭൂമിക്ക് 45 ലക്ഷം മുതല്‍ 75 ലക്ഷംവരെയാണ് കൊടുക്കുന്നത്. കോടതിയില്‍ പരാതിയുമായി പോകുന്നില്ലെങ്കില്‍ 20 ശതമാനം അധികംകൊടുക്കും . വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടുവെക്കാനും കടയുണ്ടാക്കാനും പകരം ഭൂമി സര്‍ക്കാര്‍ കൊടുക്കുന്നു. വിവേചനത്തിനും തട്ടിപ്പിനും തീരെ പഴുതില്ല. നേരത്തേ ഒരേക്കറിനു 22ലക്ഷം കിട്ടിയസ്ഥാനത്ത് പുതിയ നിയമമനുസരിച്ച് 45ലക്ഷം കിട്ടിയെന്ന് ചമരിയ വില്ലേജിലെ രാമേശ്വര്‍ പറഞ്ഞതായി 2010 ഡിസംബര്‍20ന്റെ ഔട്ട്‌ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.സ്ഥലം നഷ്ടമാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നു.അതുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും ഹരിയാണ സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍നടപടിയെ അടുത്തകാലത്ത് പ്രകീര്‍ത്തിച്ചത്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ്ഹൂഡയ്ക്കാണ്.

ഉത്തര്‍പ്രദേശിലും ബിഹാറിലും ദേശീയപാത വികസനത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ടര ഇരട്ടി കൂടുതലാണ് നല്‍കുന്നതെന്നും കേരളത്തിലും അങ്ങനെ ചെയ്യണമെന്നും കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ പി.സി സിറിയക്ക്, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ കെ.എം. അബ്ദുള്ള തുടങ്ങിയവര്‍ 2010 മെയ് 25ന് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.

എന്റെ ഭൂമി ഒന്ന് ഏറ്റെടുത്തിരുന്നെങ്കില്‍ എന്ന് ജനം ആഗ്രഹിച്ചുപോകുന്ന സാഹചര്യം സൃഷ്ടിച്ചാല്‍ കേരളത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി കിട്ടാത്ത പ്രശ്‌നമുണ്ടാവില്ല. എന്നുവെച്ചാല്‍ പഴഞ്ചന്‍ നിയമങ്ങളുടെ വരട്ടുവാദങ്ങള്‍ പറഞ്ഞ് ഭൂമി തട്ടിപ്പറിക്കുന്നതിനു പകരം മാന്യമായ നഷ്ടപരിഹാരം നല്‍കണം.

വേണമെങ്കില്‍ മെച്ചപ്പെട്ട പാക്കേജ് കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നതിന് കേരളത്തില്‍ത്തന്നെ തെളിവുകളുണ്ട്. സ്മാര്‍ട്ട് സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും ഉദാഹരണം. സ്മാര്‍ട്ട് സിറ്റിക്കുവേണ്ടി 48 വീടുകളാണ് പൊളിച്ചുമാറ്റിയത്.ഒരു വീട്ടില്‍ത്തന്നെ വിവാഹിതരെ പ്രത്യേക കുടുംബമായി പരിഗണിച്ചു. സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് വീടുവെക്കാന്‍ ആറുസെന്റുവീതം കൊടുത്തു. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി കണക്കാക്കിയ വിലയനുസരിച്ച് സെന്റിന് 94000 രൂപ വീതമാണ്‌കൊടുത്തത്. ആദായ നികുതി ഒഴിവാക്കി. 15 സെന്റില്‍ കൂടുതല്‍ നഷ്ടപ്പെട്ടവര്‍ക്ക് സെന്റിന് 94000 എന്ന നിരക്കില്‍ അഞ്ചുസെന്റ് സ്ഥലം തിരികെ വാങ്ങാമെന്ന വ്യവസ്ഥ എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കുവീതം ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കി. പുനരധിവസിപ്പിച്ച സ്ഥലത്ത് ആദ്യവീടിന്റെ പാലുകാച്ചലിന് അന്നത്തെ എറണാകുളം കളക്ടര്‍ ഡോ.ബീനതന്നെ പോയി. വാഗ്ദാനം ചെയ്ത റോഡ് ശരിയാകാത്തതുകൊണ്ട് കുറച്ചുദൂരം കളക്ടര്‍ക്ക് നടന്നുപോകേണ്ടിവന്നു എന്നുമാത്രം. പദ്ധതി വരാന്‍ വൈകിയെങ്കിലും സ്ഥലം നഷ്ടപ്പെട്ടവര്‍ കിട്ടിയ നഷ്ടപരിഹാരത്തില്‍ പൊതുവെ സംതൃപ്തരാണ്.

കണ്ണൂര്‍ വിമാനത്താവളത്തിന്സ്ഥലം വിട്ടുകൊടുത്തതില്‍ 136 കുടുംബങ്ങള്‍ക്കാണ് മൂര്‍ഖന്‍ പറമ്പില്‍ വീടുകള്‍ നഷ്ടപ്പെട്ടത്.2008ല്‍ മാര്‍ക്കറ്റ് റേറ്റിന്റെ ഒന്നര ഇരട്ടിയാണ് സ്ഥലവില കണക്കാക്കിയത്.ഇപ്പോള്‍ ആ പ്രദേശത്ത് സ്ഥലവില കുതിച്ചുകയറിയി ട്ടുണ്ടെങ്കിലും ജനവാസം കുറഞ്ഞ പ്രദേശമായതുകൊണ്ട് അന്നത്തെ മികച്ച വിലയാണ് കിട്ടിയത്.

ആദായ നികുതിയില്‍ നിന്ന് ഇളവുകൊടുത്തു. റജിസ്‌ട്രേഷന്‍ ചാര്‍ജും ഒഴിവാക്കി. വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാന്‍ 10 സെന്റുവീതം അനുവദിച്ചു. മാതൃകാ പുനരധിവാസ പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി അച്യുതാനന്ദന്‍ വിമാനത്താവള നിര്‍മാണ ഉദ്ഘാടന സമയത്ത് പ്രഖ്യാപിക്കുകയുണ്ടായി. പട്ടയം കൊടുക്കുന്നത് അല്പം മന്ദഗതിയിലാണെന്ന് പറയാതിരിക്കാന്‍ വയ്യ . പക്ഷേ, വീടുകള്‍ ഉയരുന്നുണ്ട്. ഉദ്ഘാടന സമയത്ത് ഒരാള്‍ക്ക് മാത്രമേ പട്ടയം കൊടുത്തുള്ളൂ.ദേശീയപാതയുടെ കാര്യത്തില്‍ പുനരധിവാസമില്ലെന്നുമാത്രമല്ല നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ പോലും നിസ്സാര വിലയാണ് നല്‍കിയത്. അധികാരികളുടെ മറ്റൊരു കൊടും ചതിമൂലമാണ് വടകര ചോറോട് പുഞ്ചിരിമില്ലിനു സമീപം ചീളുപറമ്പത്ത് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്യേണ്ടിവന്നത്. 1999ലായിരുന്നു അത്. സുരേന്ദ്രന്റെ എട്ടേമുക്കാല്‍ സെന്റ് സ്ഥലവും കൊച്ചു വീടും ദേശീയപാതയ്ക്കുവേണ്ടിയാണ് ഏറ്റെടുത്തത്. ആധാരം ബാങ്കില്‍ പണയം വെച്ച് വായ്പ എടുത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട സമയത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവര്‍ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെച്ച് സ്ഥലം ഏറ്റെടുത്തു. അതാണ് നിയമം. പശുവിനെവളര്‍ത്തിയും ബീഡിതെറുത്തും കുടുംബം പുലര്‍ത്തിയിരുന്ന സുരേന്ദ്രന്‍ മറ്റൊരു വഴിയും കണ്ടില്ല. ഭാര്യയും മൂന്ന് പെണ്‍മക്കളുമാണ് സുരേന്ദ്രന്.ബാങ്ക് വായ്പ എടുത്തവരുടെസ്ഥലം ഏറ്റെടുക്കുമ്പോള്‍ കൃത്യ സമയത്ത് ആധാരം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് കോടതിയെ സമീപിച്ച് വേണം പണം തിരികെ വാങ്ങാന്‍. അതിന് വക്കീലിന് ഫീസ് കൊടുക്കണം. അതുംകൂടി കഴിയുമ്പോള്‍ നഷ്ടപരിഹാരം നേര്‍ത്തുനേര്‍ത്തു പോകും. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഒറ്റ വഴിയേ ഉള്ളൂ-എല്ലാം നാടിനുവേണ്ടിയാണെന്ന് സമാധാനിക്കാം. മറ്റുള്ളവര്‍ക്ക് എന്റെ സ്ഥലത്തുകൂടി വികസനം വരല്ലേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കാം.


ഭൂമിയുടെ ആവശ്യം ഏറുന്നു

ഒരു കാര്യം ഉറപ്പാണ്. ഭൂമി ആവശ്യമുള്ള ഒരു പാട് പദ്ധതികള്‍ കേരളത്തില്‍ വരാന്‍ പോകുകയാണ്.ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന അവസരത്തില്‍ ത്തന്നെയാണ് 90 മീറ്റര്‍ വീതിയില്‍ തൃശ്ശൂര്‍-കന്യാകുമാരി എക്‌സ്പ്രസ്‌വേ പദ്ധതിയെക്കുറിച്ച് ആലോചനകള്‍ നടക്കുന്നത്. 2012ല്‍ തുടങ്ങി 2020ല്‍ തീര്‍ക്കാനാണ് പ്ലാന്‍. നെടുമങ്ങാട് ,ആറ്റിങ്ങല്‍, തെന്മല, പുനലൂര്‍, പത്തനംതിട്ട, തിരുവല്ല,കോട്ടയം, മൂവാറ്റുപുഴ, ചാലക്കുടി എന്നിങ്ങനെ 400കിലോമീറ്റര്‍വരുന്നതാണ് എക്‌സ്പ്രസ്‌വേ. ഇതിനു പുറമെ മൂന്ന് എക്‌സ്പ്രസ് വേ കൂടി കേരളം ആവശ്യപ്പെടുന്നുണ്ട്. തൃശ്ശൂര്‍- മംഗലാപുരം, കോഴിക്കോട്-മൈസൂര്‍, കൊല്ലം-തേനി എന്നിവയാണവ. പൊന്നാനിയില്‍ നിന്ന് എലത്തൂരിലേക്ക് 67 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് ഓഷ്യന്‍ ഹൈവേയുടെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 45മീറ്റര്‍ വീതിയില്‍ വരുന്ന ഈ പാത യാഥാര്‍ഥ്യമായാല്‍ കോഴിക്കോട് നിന്ന് എറണാകുളം യാത്രയ്ക്ക് 35കിലോമീറ്റര്‍ ദൂരം കുറയും.

അങ്കമാലി ശബരി റെയില്‍പ്പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതു തിരുവനന്തപുരം വരെ നീട്ടാനും അനുമതിലഭിച്ചു. അവിടെയും സ്ഥലമെടുപ്പിനെതിരെ പലയിടത്തും പ്രതിഷേധം ഉയരുന്നുണ്ട്.

കൊച്ചിയില്‍ ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്കിനുവേണ്ടി 500 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ലൈഫ്‌സയന്‍സ് പാര്‍ക്കിനായി 260 ഏക്കര്‍ വെയിലൂര്‍ വില്ലേജില്‍ കണ്ടെത്തിയിട്ടുണ്ട്.കൊച്ചിയില്‍16000കോടിയുടെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിനും പദ്ധതിയുണ്ട്. കാസര്‍കോട്- തിരുവനന്തപുരം,പാലക്കാട്-എറണാകുളം റൂട്ടില്‍ ഹൈസ്പീഡ് റെയില്‍പ്പാതയുടെ സാധ്യതാപഠനം ഡെല്‍ഹി മേട്രോറെയില്‍ കോര്‍പ്പറേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

കൊച്ചി പുതുവൈപ്പിനില്‍ എല്‍.എന്‍.ജി. ടെര്‍മിനല്‍ 2012ല്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് കരുതുന്നത്. 700 കോടി അമേരിക്കന്‍ ഡോളറാണ് (ഏകദേശം 3080 കോടി രൂപ) പദ്ധതിച്ചെലവ്.3700 കോടി രൂപയുടെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയാണ് വരാന്‍പോകുന്ന മറ്റൊന്ന്.കൊച്ചി, കൂറ്റനാട്, ബാംഗ്ലൂര്‍, മംഗലാപുരം ഭാഗത്ത് ആദ്യഘട്ടവും കൊച്ചി, കായംകുളം ഭാഗത്ത് രണ്ടാം ഘട്ടവുംഎന്ന രീതിയിലാണ് ആലോചിക്കുന്നത്.

കൊച്ചിയില്‍നിന്ന് കോയമ്പത്തൂരിലേക്കും കാസര്‍കോട്ടേക്കും വ്യവസായ ഇടനാഴി വരികയാണെങ്കില്‍ 5000ഏക്കര്‍ഭൂമി ആദ്യഘട്ടത്തില്‍ വേണ്ടിവരും. കോഴിക്കോട് വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കിലും പുതിയ പാക്കേജുമായി സ്ഥലവാസികളെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കണ്ണൂര്‍ വിമാനത്താവളത്തിന് ആയിരം ഏക്കര്‍കൂടി ഇനിയും വേണം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി 2008ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവനുസരിച്ച് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമായിരുന്നു. ജനം പ്രത്യക്ഷസമരത്തില്‍ ഏര്‍പ്പെട്ടതോടെ തത്കാലം 120 ഏക്കര്‍മതിയെന്നു തീരുമാനിച്ചിരിക്കുകയാണെന്ന് സമരസമിതിയില്‍ ഉണ്ടായിരുന്ന ബെന്നിജോസഫ് പറഞ്ഞു.കരമന- കളിയിക്കാവിള റോഡ് കേരളസര്‍ക്കാര്‍ 30 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയാക്കാന്‍ പോകുകയാണ്.അവിടെ സ്ഥലമേറ്റെടുക്കാന്‍ 100 കോടി നീക്കിവെച്ചിട്ടുണ്ട്. കഞ്ചിക്കോട്ട് ഇനിയും സ്ഥലം തന്നാല്‍ ബെമലിന്റെ രണ്ടാം ഘട്ടം ഉടന്‍ തുടങ്ങാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞത് ഈയിടെയാണ്.കണ്ണൂരില്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമിക്കുവേണ്ടി 160ഏക്കര്‍ കൈമാറിക്കഴിഞ്ഞു. ഗുരുവായൂര്‍- തിരുനാവായ റെയില്‍പ്പാതയാണ് സ്ഥലം ആവശ്യംവരുന്ന മറ്റൊരു പദ്ധതി.ഐ.ഐ.ടി ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ കേരളത്തിന് ലഭിക്കണമെങ്കിലും ഭൂമി ധാരാളം വേണ്ടിവരും. എന്തുപദ്ധതിയുമായി സമീപിക്കുമ്പോഴും സ്ഥലം തരൂ പദ്ധതി തരാമെന്ന പല്ലവിയാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്.


നിയമങ്ങള്‍ പൊളിച്ചെഴുതണം, സമീപനം മാറണം

പൊതു ആവശ്യത്തിനു യോഗ്യമെന്നുതോന്നിയാല്‍ ഏതുസ്ഥലവും ഏറ്റെടുക്കാനുള്ള അധികാരം ‘ഭൂമി ഏറ്റെടുക്കല്‍ നിയമ’ത്തിലെ നാലാം വകുപ്പ് പ്രകാരം സര്‍ക്കാറിനുണ്ട്. 1894-ലെ നിയമമനുസരിച്ചാണ് സ്ഥലമേറ്റെടുക്കുന്നത്. 1956-ലെ നാഷണല്‍ ഹൈവേ അതോറിറ്റി നിയമത്തിലും പൊന്നുംവില കൊടുത്ത് സ്ഥലം ഏറ്റെടുക്കാമെന്നാണ് പറയുന്നത്. പക്ഷേ, ഒരു പവന്‍ പൊന്നിന്റെ വില ഒരു സെന്റ് ഭൂമിക്ക് പലയിടത്തും കൊടുക്കുന്നില്ല. സ്ഥലത്തിന്റെ ഉടമ സമ്മതിക്കുന്നില്ലെങ്കില്‍ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കാം. വേണ്ടിവന്നാല്‍ ബലം പ്രയോഗിക്കാം. കിനാലൂരിലും മൂലമ്പള്ളിയിലും കരുവാറ്റയിലും വടക്കഞ്ചേരിയിലുമെല്ലാം നാം കണ്ടത് ഭരണകൂടത്തിന്റെ ആ മുഖമാണ്. കാലിനടിയിലെ മണ്ണ് ഊര്‍ന്നുപോകുന്നതുപോലെ സ്വന്തം കിടപ്പാടം ഇല്ലാതാകുമെന്ന് ഭയന്നാണ് കിനാലൂരിലെ അമ്മമാരും ഉമ്മമാരുമുള്‍പ്പെടെ ഗ്രാമീണജനത റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് സര്‍വേ തടഞ്ഞത്. അവിടെ നടന്ന നരനായാട്ടും പിന്നീടുണ്ടായ ന്യായീകരണങ്ങളും കണ്ട് കേരളജനത മൂക്കത്ത് വിരല്‍വെച്ചുപോയി.
ഇന്‍ഡൊനീഷ്യയിലെ സലീം ഗ്രൂപ്പിനുവേണ്ടി ബംഗാളിലെ നന്ദിഗ്രാമില്‍ 5000 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴും ടാറ്റയ്ക്ക് നാനോ കാര്‍ ഉണ്ടാക്കാന്‍ സിംഗൂരില്‍ 997ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴും കര്‍ഷകര്‍ പ്രതിഷേധിച്ചതും വെടിവെപ്പും മരണവും സംഭവിച്ചതുമെല്ലാം സമാനസംഭവങ്ങളാണ്. കൃഷിഭൂമി കര്‍ഷകന് എന്ന പഴയ മുദ്രാവാക്യം നാം മറക്കുകയാണ്.
വികസനം വരുമ്പോള്‍ അതുമൂലം ദരിദ്രനാരായണന്മാര്‍ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഭരണാധികാരികള്‍ക്ക് ചിന്തയില്ല. പകരം അവര്‍ വികസനം വന്നില്ലെങ്കില്‍ നാടിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് വാതോരാതെ ഉദ്‌ഘോഷിക്കുന്നു. നിയമത്തിന്റെ പഴുതുപയോഗിച്ച് കൃഷിഭൂമികളും പറമ്പുകളും അക്വയര്‍ചെയ്ത് വന്‍കിട റിസോര്‍ട്ടുകള്‍ പണിയാന്‍ പാട്ടത്തിനു നല്‍കും. ഗോള്‍ഫ് കളിക്കാന്‍ മൈതാനമുണ്ടാക്കും. നദികള്‍ വില്പനച്ചരക്കാക്കും. കണ്ടല്‍ക്കാടുകള്‍ തൂത്തെറിയും. കുന്നുകള്‍ ഇടിച്ചുനിരത്തും. ഭരണം മാറിമറിയുമ്പോഴും അധികാരികളുടെ വികസന സങ്കല്പങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നില്ല.

1963-ല്‍ എച്ച്.എം.ടി.ക്കുവേണ്ടി ഏറ്റെടുത്ത 900 ഏക്കറില്‍നിന്നാണ് 70 ഏക്കര്‍ സ്വകാര്യ കമ്പനിക്കു നല്‍കാന്‍2006 ഒക്ടോബര്‍ 17-ന് സര്‍ക്കാര്‍ സമ്മതം നല്‍കിയത്. പ്രതിഷേധം ശക്തമായപ്പോഴാണ് വാങ്ങിയ ഭൂമിയുടെ 70 ശതമാനം ഐ.ടി. ബിസിനസ്സിന് ഉപയോഗിക്കുമെന്ന്2007 ജൂണ്‍ ആറിന് കമ്പനിവക്താക്കള്‍ ഉറപ്പുനല്‍കിയത്.
ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമത്തില്‍ പൊന്നും വിലയുടെ 42 ശതമാനം അധിക നഷ്ടപരിഹാരമായി (സൊലേഷ്യം) നല്‍കാനും കാലതാമസത്തിന് 23 ശതമാനം പലിശ നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. മാത്രമല്ല, പരാതിയുണ്ടെങ്കില്‍ നേരിട്ടു കോടതിയെ സമീപിക്കാം. 1956-ലെ നിയമത്തില്‍പൊന്നുംവില മാത്രമേയുള്ളൂ. പരാതിയുണ്ടെങ്കില്‍ കളക്ടറെയാണ് സമീപിക്കേണ്ടത്. അതു കഴിഞ്ഞേ കോടതിയെ സമീപിക്കാന്‍ കഴിയൂ. ആവശ്യപ്പെടുന്ന അധിക നഷ്ടപരിഹാരത്തിന്റെ 11 ശതമാനം മുന്‍കൂറായി കോടതിയില്‍ കെട്ടിവെക്കണം.
ദേശീയ പാതയ്ക്കുവേണ്ടി ഏറ്റെടുത്ത 45 മീറ്ററിനു പുറമേ 15 മീറ്റര്‍ മരവിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 2007 ഒക്ടോബര്‍ 18-ന്റെ 24035 നമ്പര്‍ ഉത്തരവനുസരിച്ച്90 മീറ്റര്‍ വീതിയില്‍ നിര്‍മാണവിലക്കുണ്ട്. ചിലയിടത്ത് അതില്‍ അടുത്തിടെ ഇളവുകൊടുത്തിട്ടുണ്ട്.
മനുഷ്യപ്പറ്റില്ലാത്ത ഉദ്യോഗസ്ഥരുടെ നടപടികള്‍ മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. നിയമത്തില്‍ കടിച്ചുതൂങ്ങുന്ന അവര്‍ നീതി മറക്കുന്നു. ചേരാനല്ലൂര്‍ കല്ലപറമ്പില്‍ കൊച്ചുണ്ണിയുടെ മകന്‍ പരമേശ്വരന് വീടും സ്ഥലവും നഷ്ടപ്പെട്ടത് വല്ലാര്‍പാടത്തേക്കുള്ള റോഡുപണിയാന്‍വേണ്ടിയാണ്. ഇതേ റോഡിനുവേണ്ടി സ്ഥലം നഷ്ടപ്പെട്ട 326 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പരമേശ്വരനെ ഒഴിവാക്കിയത് ആദ്യം ഇറക്കിയ നോട്ടിഫിക്കേഷനില്‍ പരമേശ്വരന്റെ സ്ഥലം ഉള്‍പ്പെട്ടിരുന്നില്ല എന്നതുകൊണ്ടാണ്. അതു പരമേശ്വരന്റെ കുറ്റമല്ലല്ലോ. ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതിന്റെ ശിക്ഷയും ജനങ്ങള്‍ അനുഭവിക്കണമെന്നുവരുന്നത് വലിയ കഷ്ടമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ വലിയ പ്രക്ഷോഭം നടക്കുമ്പോഴും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ പൊന്നും വില കൊടുക്കാനാണ് നിയമം എന്ന് ആണയിടുകയായിരുന്നു വകുപ്പ് മന്ത്രി. ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം നിയമമെന്നത് ഇക്കൂട്ടര്‍ മറക്കുന്നു. പണമില്ലാത്തതുകൊണ്ടല്ലല്ലോ ദേശീയപാത അതോറിറ്റി പഴയ നിയമങ്ങളില്‍ മുറുകെപ്പിടിച്ച് തുച്ഛമായ നഷ്ടപരിഹാരം നല്‍കുന്നത്. മാന്ദ്യത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കൊടുത്ത ഉത്തേജന പാക്കേജ് 30,000 കോടി. 2007 വരെ 1,19,000 കോടി രൂപ ആദായനികുതി കുടിശ്ശികയുണ്ട്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ 75 ലക്ഷം കോടി രൂപ സ്വിസ് ബാങ്കില്‍ ഉണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് പറയുന്നു. സ്വിസ്ബാങ്കിലെ നിക്ഷേപ വിവരം പുറത്തുവിടാത്തതിന്റെ പേരില്‍ സുപ്രീംകോടതി തന്നെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നു.
കാലം മാറുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ടിവരും. അതിനൊക്കെ ഭൂമിയും വേണ്ടിവരും. പഴഞ്ചന്‍ നിയമങ്ങളില്‍ പിടിച്ചുതൂങ്ങി ജനങ്ങളുടെ ഭൂമി തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്പുകളും സംഘര്‍ഷവും ഉണ്ടാകുമെന്ന് നാം കണ്ടുകഴിഞ്ഞു. ക്ഷേത്രവികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ മാന്യമായ നഷ്ടപരിഹാരം കിട്ടുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് ഗുരുവായൂരില്‍ 2011 ഏപ്രില്‍ 18-ന് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചത്. സര്‍വേ തടഞ്ഞ 18 പേരെ അന്ന് പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. കോഴിക്കോട് കാരപ്പറമ്പ്-കല്ലുത്താന്‍ കടവ് റോഡില്‍ കാരപ്പറമ്പ് – എരഞ്ഞിപ്പാലം ഭാഗത്ത് വീതി കൂട്ടലിനെതിരെയും പ്രതിഷേധവുമായി 18 കുടുംബങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയില്‍ ഗോശ്രീ മാമംഗലം റോഡിനെതിരെ തദ്ദേശവാസികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. കേരളമൊട്ടാകെ ഭൂമി പ്രശ്‌നത്തില്‍ ഇത്തരം ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ ഉടലെടുക്കുന്നുണ്ട്.
കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിന് അനുയോജ്യമായ ഒരു ഭൂമി ഏറ്റെടുക്കല്‍ നയമാണ് ഇവിടെയുണ്ടാകേണ്ടത്. പുനരധിവാസ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ഹരിയാണയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കേരളത്തിനും ആയിക്കൂടാ? സംസ്ഥാനത്തെ മൊത്തം ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഏകോപിപ്പിക്കാനും നിര്‍വഹണത്തിനു നേതൃത്വം കൊടുക്കാനും ഒരു ഏജന്‍സി രൂപവത്കരിക്കുന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. സാധാരണക്കാരുടെ വേദന തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥസംഘത്തിനായിരിക്കണം അതിന്റെ മേല്‍നോട്ടം. സന്തോഷത്തോടെ ഭൂമി വിട്ടുകൊടുക്കാന്‍ ജനം തയ്യാറാവുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ജനക്ഷേമത്തില്‍ താത്പര്യമുള്ള ഒരു സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്.

കോടതികള്‍ തുണ

ജനങ്ങളുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അത് പാടില്ലെന്നും 2011 മാര്‍ച്ച് 20-ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഷഹ്‌റന്‍പുരില്‍ ജില്ലാ ജയില്‍ നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുത്ത ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജി.എസ്. സിംഘ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. ഭരണഘടനയുടെ 13-ാം വകുപ്പ് പ്രകാരം ഭരണഘടന രൂപവത്കരിക്കുന്നതിനു മുമ്പുള്ള നിയമങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
1894-ലെ ബ്രിട്ടീഷുകാരുടെ നിയമമനുസരിച്ച് ഭൂമി ഏറ്റെടുക്കുമ്പോള്‍ മൗലികാവകാശത്തിന്റെ ലംഘനമാകരുതെന്നാണ് കോടതി വ്യക്തമാക്കിയത്. സ്റ്റേറ്റിന്റെ ആവശ്യത്തിനുവേണ്ടി പൗരന്റെ തുണ്ടുഭൂമി നഷ്ടപ്പെടുന്നത് ഗൗരവമായി കാണണമെന്നും വിധിയിലുണ്ട്.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി 2005-ല്‍ വിധിപ്രഖ്യാപനം നടത്തിയിട്ടുണ്ട്. പ്രസിദ്ധമായ നര്‍മദക്കേസിലായിരുന്നു അത്. വികസനത്തിന്റെ പേരിലുള്ള ഭൂമി ഏറ്റെടുക്കല്‍ പലപ്പോഴും മനുഷ്യാവകാശ ലംഘനങ്ങളായിത്തീരുന്നുണ്ടെന്നും സുപ്രീം കോടതി അഭിപ്രായപ്പെടുകയുണ്ടായി. 2007-ല്‍ ഇന്‍ഡോര്‍ വികാസ് പ്രതികരണിന്റെ കേസിലായിരുന്നു അത്. 2007 ഒക്ടോബര്‍ 31-ന് കേന്ദ്രസര്‍ക്കാര്‍ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച ദേശീയ പുനരധിവാസ നയമനുസരിച്ചല്ല നമ്മുടെ നാട്ടില്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കുന്നതിനു മുമ്പുതന്നെ പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നാണ് നയരേഖയില്‍ പറയുന്നത്. എന്നാല്‍ ദേശീയ പാതയുടെ ഓരങ്ങളില്‍നിന്ന് കുടിയൊഴിപ്പിച്ച പതിനായിരങ്ങളില്‍ ഒരാള്‍ക്കെങ്കിലും പുനരധിവാസം നല്‍കിയിട്ടുണ്ടോ? റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് അലവന്‍സ് എന്നപേരില്‍ ഷിഫ്റ്റിങ് ചാര്‍ജായി 10,000 രൂപ ഒരു കുടുംബത്തിന് നല്‍കുന്നതില്‍ ഒതുങ്ങുന്നു ദേശീയപാത അതോറിറ്റിയുടെ പ്രഖ്യാപിത പുനരധിവാസം. കഴിയാവുന്നത്ര കുറച്ചുപേരെ മാത്രമേ കുടിയൊഴിപ്പിക്കാവൂ, അത്യാവശ്യസ്ഥലം മാത്രമേ ഏറ്റെടുക്കാവൂ, സത്യസന്ധവും സുതാര്യവുമായി മാത്രമേ പദ്ധതി നടപ്പാക്കാവൂ, കൂടുതല്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നുണ്ടെങ്കില്‍ അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക ആഘാതപഠനം നടത്തണം എന്നൊക്കെയുണ്ട് നയരേഖയില്‍. മിനിമം ഇത്രയെങ്കിലും വേണം. ഇതിനെക്കാള്‍ മെച്ചപ്പെട്ട പുനരധിവാസ പദ്ധതി സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാമെന്നും നയരേഖ പറയുന്നു. ജുഡീഷ്യറി മാത്രമാണ് ഭരണകൂടത്തിന്റെ ഇത്തരം കടന്നാക്രമണങ്ങള്‍ക്കു മുന്നില്‍ പകച്ചുപോകുന്ന പാവം പൗരന് തുണയാകുന്നത്.

(അവസാനിച്ചു)

Advertisements
Categories: Against B.O.T Road