Archive

Archive for the ‘Against America’ Category

മാന്ദ്യ ഭീതി പടരുന്നു; ആശങ്ക കുറക്കാന്‍ സര്‍ക്കാര്‍ രംഗത്ത്

August 9, 2011 Leave a comment

Madhyamam Published on Mon, 08/08/2011 – 23:27
എ.എസ്. സുരേഷ്‌കുമാര്‍
മാന്ദ്യ ഭീതി പടരുന്നു; ആശങ്ക കുറക്കാന്‍ സര്‍ക്കാര്‍ രംഗത്ത്

ന്യൂദല്‍ഹി: അമേരിക്കയും യൂറോപ്പും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌രംഗത്തും ഭീതിയുടെ നിഴല്‍ വിരിച്ചു. ഓഹരിക്കമ്പോളത്തിലെ തകര്‍ച്ചയില്‍ പ്രതിഫലിക്കുന്ന ആപദ്‌സൂചനകള്‍ക്കിടയില്‍, വിവിധ മേഖലകളിലെ വിപണി വിശ്വാസം ചോര്‍ന്നു പോകാതിരിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. പ്രതിസന്ധി നേരിടാനുള്ള കരുത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഉണ്ടെന്നും നാണയപ്പെരുപ്പ നിരക്കില്‍ വല്ലാത്ത ആശങ്ക വേണ്ടെന്നുമുള്ള പ്രസ്താവനയുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി രംഗത്തിറങ്ങി.

എന്നാല്‍, 2008ല്‍ തുടങ്ങിയ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ കടുത്ത പ്രതിസന്ധിയാണ് ഇന്ത്യക്ക് നേരിടേണ്ടി വരുകയെന്ന ഭീതി പടരുകയാണ്. കഴിഞ്ഞ തവണത്തെ മാന്ദ്യ സാഹചര്യങ്ങളില്‍നിന്ന് ഭിന്നമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥിതി. സര്‍ക്കാറിന്റെ സാമ്പത്തിക നില മെച്ചമല്ല. നാണയപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നു. റിസര്‍വ് ബാങ്കിന് പലവട്ടം നിയന്ത്രണ നടപടികളുമായി രംഗത്തിറങ്ങേണ്ടി വന്നു. വളര്‍ച്ചാ നിരക്ക് ആദ്യം പ്രവചിച്ചതിനേക്കാള്‍ താഴേക്ക് പലവട്ടം സര്‍ക്കാര്‍ തന്നെ മാറ്റിക്കുറിച്ചു. കാര്‍ഷികോല്‍പാദനത്തിന്റെയും കയറ്റുമതിയുടെയും കണക്കുകള്‍ മുരടിപ്പിന്‍േറതാണ്. മന്ത്രിസഭ രാഷ്ട്രീയമായി നേരിടുന്ന പ്രതിസന്ധി കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ല. അപ്പോഴാണ് പുതിയ കുഴപ്പം.

കഴിഞ്ഞ തവണ ചെയ്തതുപോലെ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിനും സര്‍ക്കാറിന് പലവിധ പരിമിതികളുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാണയപ്പെരുപ്പ നിരക്ക് വീണ്ടും ഉയരാന്‍ ഇത് ഇടയാക്കുമെന്നത് പ്രധാന കാരണം. ധനക്കമ്മി കൂടും. ധനസ്ഥിതി മെച്ചപ്പെട്ടുനിന്ന ഘട്ടത്തിലാണ് കര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളലും ആറാം ശമ്പള കമീഷന്‍ നടപ്പാക്കലുമൊക്കെ ഉണ്ടായത്. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല. അമേരിക്ക-യൂറോപ്പ് പ്രതിസന്ധി ഇല്ലായിരുന്നെങ്കില്‍ പോലും സമ്പദ്‌രംഗം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് ആഗോളതലത്തില്‍ ഉണ്ടാവുന്ന അസ്ഥിരത ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേശകര്‍ തയാറാവുന്നില്ല.  ഇതിനെല്ലാമിടയില്‍, പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസം എല്ലാ മേഖലക്കും നല്‍കുകയെന്ന ഉത്തരവാദിത്ത നിര്‍വഹണത്തിലാണ് സര്‍ക്കാര്‍. ഇന്ത്യന്‍ സമ്പദ്ഘടന ശക്തമാണെന്നും ആഗോള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്ം നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ രാജ്യത്തേക്കുള്ള മൂലധന ഒഴുക്കിനെ അത് ബാധിക്കാമെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

എണ്ണവിലയിലെ ഏറ്റക്കുറച്ചില്‍ എന്ന ഒറ്റ പ്രശ്‌നം പോലും സര്‍ക്കാറിന് താങ്ങാന്‍ കഴിയാത്ത ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിന്റെ വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്; ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയില്‍ സാധാരണക്കാരന് നല്‍കുന്ന ആശ്വാസം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലാണ് ആത്മവിശ്വാസം പകരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍. മറുവശത്ത്, വ്യവസായ ലോകത്തിന് ഉറപ്പു നല്‍കിയ പരിഷ്‌കരണ നടപടികളും മറ്റും മരവിപ്പിച്ചുനിര്‍ത്താനും സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഓഹരി വില്‍പനക്ക് വേഗം കുറച്ചത്, കലങ്ങിയ സമ്പദ് സ്ഥിതിയില്‍ ന്യായയുക്തമായ വില കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്.

Advertisements
Categories: Against America

യു.എസ് പ്രതിസന്ധി: ഇന്ത്യയിലെ പ്രത്യാഘാതം പരിമിതം -ആര്‍.ബി.ഐ

August 9, 2011 Leave a comment

മുംബൈ: യു.എസ് സര്‍ക്കാര്‍ ഇറക്കുന്ന കടപത്രങ്ങളുടെ സുരക്ഷാ നിലവാരം പ്രമുഖ റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്റ് പി) കുറച്ചതു മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് വളരെ പരിമതമായ  പ്രശ്‌നങ്ങളേ ഉണ്ടാകൂവെന്ന റിസര്‍വ് ബാങ്ക്. ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള കരുത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കുണ്ടെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

വെള്ളിയാഴ്ച ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ച ആഗോള സാമ്പത്തിക പ്രശ്‌നങ്ങളുടെ പ്രത്യാഘാതങ്ങളില്‍നിന്ന് ഇന്ത്യ മുക്തമല്ലെന്ന് വ്യക്തമാക്കി. എന്നാല്‍, അഗോളമാന്ദ്യം ഏറ്റവും ശക്തമായിരുന്ന സമയത്തുപോലും ഇന്ത്യ 6.8 ശതമാനം വളര്‍ച്ച നേടിയെന്ന് ആര്‍.ബി.ഐ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ വളര്‍ച്ച കുറയാന്‍ സാധ്യതയുണ്ടെങ്കിലും അത്  പരിമിതമായിരിക്കും.

അതേസമയം, യു.എസ് സര്‍ക്കാറിന്റെ കടപ്പത്രങ്ങളുടെ സുരക്ഷാ നിലവാരം കുറച്ചതുമൂലം രാജ്യാന്തര വിപണികളിലെല്ലാം വന്‍ വില്‍പന സമ്മര്‍ദം ഉയര്‍ന്നതോടെ തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണികളിലും കാര്യമായ ഇടിവ് പ്രകടമായി. പ്രതിസന്ധിമൂലം വിദേശ മൂലധനം പുറത്തേക്ക് തിരികെ പോകുന്ന സാഹചര്യം ഉണ്ടായാല്‍ അത് നേരിടാന്‍ ആവശ്യമായ വിദേശ നാണയ ശേഖരം ഇന്ത്യക്കുണ്ടെന്നും -റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

Categories: Against America

അമേരിക്കയെ മൂക്കുകുത്തിച്ചത് ഇന്ത്യക്കാരന്‍

August 9, 2011 Leave a comment
Madhyamam Published on Mon, 08/08/2011 –

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെ കഴിഞ്ഞ ആഴ്ച മൂക്കുകുത്തിച്ചതിനു പിന്നില്‍ ഒരു ഇന്ത്യക്കാരനും. ഝാര്‍ഖണ്ഡ് സ്വദേശിയായ ദേവന്‍ ശര്‍മയാണ് അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവറിന്റെ (എസ്.ആന്റ്.പി) തീരുമാനത്തിനു പിന്നില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഇന്ത്യക്കാരന്‍.

എസ് ആന്‍ഡ് പി തീരുമാനത്തിനു പിന്നിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യു.എസ് സര്‍ക്കാര്‍ രംഗത്തുവന്നപ്പോള്‍ പ്രതിരോധിക്കാന്‍ ഏജന്‍സി പ്രസിഡന്റായ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു.

റേറ്റിങ് താഴ്ത്തുമ്പോള്‍ മറ്റ് ഏതു രാജ്യത്തിന്റെയോ കമ്പനിയുടെയോ പ്രതികരണവും ഇതേ രീതിയില്‍ തന്നെയായിരിക്കുമെന്നാണ് ദേവന്‍ ശര്‍മ അമേരിക്കയോട് രോഷത്തോടെ പ്രതികരിച്ചത്.

2007ലാണ് ദേവന്‍ ശര്‍മ എസ് ആന്‍ഡ് പി പ്രസിഡന്റായി നിയമിതനായത്. എസ്. ആന്‍ഡ് പിയുടെ ഇന്ത്യന്‍ സഹോദര സ്ഥാപനമായ ക്രിസിലിന്റെ പ്രസിഡന്റും ഇദ്ദേഹം തന്നെയാണ്.

ഝാര്‍ഖണ്ഡിലെ ദന്‍ബാദിലായിരുന്നു ദേവന്‍ ശര്‍മയുടെ പ്രാഥമിക വിദ്യാഭ്യാസം. ഝാര്‍ഖണ്ഡിലെ മെശ്രയിലെ ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടി. ഒഹായോ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റും നേടി.

2006ലാണ്  എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി ശര്‍മ എസ് ആന്‍ഡ് പിയില്‍ എത്തുന്നത്. അതിനു മുമ്പ് അഞ്ചു വര്‍ഷം മക്ഗ്രാവ്ഹില്‍ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായിരുന്നു. ബ്രിട്ടീഷ് അമേരിക്ക ബിസിനസ് കൗണ്‍സിലിന്റെയും ഏഷ്യ സൊസൈറ്റി ബിസിനസ് കൗണ്‍സിലിന്റെയും ഉപദേശക സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Categories: Against America