Home > Diesel Price Hike, Petrol Price Hike > കൊള്ള സര്‍ക്കാര്‍ ഒത്താശയോടെ

കൊള്ള സര്‍ക്കാര്‍ ഒത്താശയോടെ

കൊള്ള സര്‍ക്കാര്‍ ഒത്താശയോടെ
June 4, 2011 DilliPost
ഡി ശ്രീജിത്ത്

ഗള്‍ഫ്‌ യുദ്ധത്തെ തുടര്‍ന്ന്‌ അന്തരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില ചാഞ്ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന അതേ കാലഘട്ടത്തില്‍ തന്നെയാണ്‌ ഇന്ത്യയില്‍ സ്വകാര്യ കമ്പനികളും വിദേശ കമ്പനികളും എണ്ണ സംസ്‌കരണത്തിലും വിപണനത്തിലും താതപര്യം എടുത്തത്‌. അതേ തുടര്‍ന്ന്‌ പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന്‌ ഇവര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വില നിയന്ത്രണം തുടരുകയാണെങ്കില്‍ അണ്ടര്‍ റിക്കവറി മൂലം കോടാനുകോടികളുടെ നഷ്ടം പൊതു മേഖലയ്‌ക്കും സ്വകാര്യ മേഖലയ്‌ക്കും ഉണ്ടായിക്കൊണ്ടിരിക്കും എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇതേ കുറിച്ച്‌ പഠിക്കാനും നികുതി ഘടനയില്‍ മാറ്റം വരുത്തമോ എന്ന്‌ അന്വേഷിക്കാനുമായി പാര്‍ലമെന്ററി സമിതിയെ ഒന്നാം യുപിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്‌. കോണ്‍ഗ്രസ്‌ നേതാവും മുന്‍മന്ത്രിയുമായ എന്‍ ജനാര്‍ദ്ദനന്‍ റെഡ്‌ഢി ചെയര്‍മാനായ സമിതി 2005 ആഗസ്റ്റ് 4നാണ്‌ ഇതു സംബന്ധിച്ച റിപോര്‍ട്ട് നല്‍കിയത്‌. ഇത്‌ പഠിച്ച സര്‍ക്കാര്‍ 2006 മെയ്‌ 22ന്‌ ആക്‌ഷന്‍ റ്റൈക്കന്‍ റിപോര്‍ട്ടും (എറ്റിആര്‍) സമര്‍പ്പിച്ചു. എന്നാല്‍ ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ സ്വകാര്യ മേഖലയയ്‌ക്ക്‌ തിരിച്ചടിയായിരുന്നു. ഇതിനിടയില്‍ നാടകീയമായി കേന്ദ്ര പെട്രോളിയം മന്ത്രി പോലും മാറി. മണിശങ്കര്‍ അയ്യര്‍ക്ക്‌ പകരം മുരളി ദിയോറ ഈ വകുപ്പിലേയ്‌ക്കെത്തി. എന്നാല്‍ ഈ മാറ്റത്തിന്‌ പിന്നില്‍ അമേരിക്കന്‍ താത്‌പര്യം പോലുമുണ്ടായിരുന്നുവെന്ന സൂചന വിക്കിലീക്ക്‌സ്‌ വെളിപ്പെടുത്തലുകളില്‍ നിന്ന്‌ അടുത്തിടെ ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും സ്വാഭാവികമായ പുനസംഘടന മാത്രമായിരുന്നു അതെന്നുമാണ്‌ കേന്ദ്രസര്‍ക്കാരിന്റേയും സര്‍ക്കാരിനെ നയിക്കുന്ന കക്ഷിയായ കോണ്‍ഗ്രസിന്റേയും നിലപാട്‌.

എന്തായാലും പാര്‍ലമെന്ററി സമിതിയുടെ കണ്ടെത്തലുകളെ കുറിച്ച്‌ പഠിക്കാനായി പിന്നീട്‌ സര്‍ക്കാര്‍ നിയമിച്ച കിരിത്‌ പരീഖിന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ നിര്‍ദ്ദേശിച്ചു. പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ടിന്‌ വിരുദ്ധമായ അഭിപ്രായങ്ങളാണ്‌ കിരിത്‌ പരീഖ്‌ മുന്നോട്ടു വച്ചത്‌. ഈ നിര്‍ദേശങ്ങള്‍ ഭാഗികമായി നടപ്പാക്കാന്‍ സ്വാഭാവികമായും സര്‍ക്കാര്‍ തയ്യാറായി. അങ്ങനെയാണ്‌ പെട്രോള്‍ വില അന്തരാഷ്ട്ര കയറ്റിറക്കങ്ങള്‍ക്കനുസരിച്ച്‌ തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക്‌ ലഭിച്ചത്‌.

പാര്‍ലമെന്ററി സമിതി പരിഗണിച്ചിരുന്ന പ്രധാന കാര്യങ്ങളിലൊന്നായിരുന്നു നികുതി ഘടനയിലുള്ള വൈരുധ്യം. മറ്റ്‌ വികസ്വര രാജ്യങ്ങളേക്കാള്‍ വളരെ കൂടിയ നികുതിയാണ്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ മേല്‍ ഇന്ത്യ ചുമത്തുന്നത്‌. പെട്രോളിന്‌ ശ്രിലങ്ക 37 ശതമാനവും തായ്‌ലാന്‍ഡ്‌ 24 ശതമാനവും പാകിസ്ഥാന്‍ 30 ശതമാനവും നികുതി ചുമത്തുമ്പോള്‍ ഇന്ത്യയുടെ നികുതി 51 ശതമാനമാണ്‌. ഡീസലിനാകട്ടെ ശ്രീലങ്ക 20ഉം തായ്‌ലാന്റും പാകിസ്‌താനും 15 ശതമാനവും നികുതി ചുമത്തുമ്പോള്‍ ഇന്ത്യയുടേത്‌ 30 ശതമാനം! പെട്രോളിന്‌ 58.41 രൂപ വിലയുള്ളപ്പോള്‍ ഇതിന്റെ 51.47 ശതമാനവും, അതായത്‌ 30.06 രൂപയും, നികുതിയിനത്തിലാണ്‌ ഇപ്പോള്‍ നല്‍കുന്നത്‌. ഇതില്‍ എക്‌സൈസ്‌ നികുതി 31.16 ശതമാനവും കസ്റ്റംസ്‌ ഡ്യൂട്ടി 3.65 ശതമാനവും സെയില്‍സ്‌ ടാക്‌സ്‌ 7.9 ശതമാനവും ഉള്‍പ്പെടുന്നു (2010 മാര്‍ച്ചിലെ കണക്കനുസരിച്ച്‌). സാധാരണക്കാരുടെ പക്കല്‍നിന്നും പെട്രോളിന്‌ എക്‌സൈസ്‌ നികുതി അടിസ്ഥാനത്തില്‍ ഒരു ലിറ്ററിന്‌ 16.51 രൂപയും ഡീസലിന്‌ 6.54 രൂപയും സര്‍ക്കാര്‍ വസൂലാക്കുമ്പോള്‍ വിമാന ഇന്ധനത്തിന്‌ ഒരു കിലോലിറ്ററിന്‌ നല്‍കേണ്ടത്‌ വെറും 2.6 രൂപമാത്രമാണ്‌ എന്നതാണ്‌ വൈരുധ്യം.

ജനാര്‍ദ്ദനന്‍ റെഡ്‌ഢി അധ്യക്ഷനായിരുന്ന പാര്‍ലമെന്ററി കമ്മിറ്റി പൊതുവേ ഈ മേഖലയിലെ നികുതി നിര്‍ദേശങ്ങളിലുള്ള വൈരുധ്യങ്ങള്‍ പലതും ചൂണ്ടിക്കാണിക്കുന്നുണ്ട്‌. കയറ്റുമതി നടത്തുന്ന എണ്ണക്കമ്പനികള്‍ക്ക്‌ ഇളവ്‌ നല്‍കുന്ന രീതി ഇതില്‍ പ്രധാനമാണ്‌. എണ്ണസംസ്‌കരണ രംഗത്ത്‌ ഇന്ത്യ കൈവരിച്ച വന്‍ മുന്നേറ്റമാണ്‌ പെട്രോളിയം ഉത്‌പന്നങ്ങളായ ഡീസല്‍, പെട്രോള്‍, നാഫ്‌ത, എറ്റിഎഫ്‌ (വിമാന ഇന്ധനം) തുടങ്ങിയവ കയറ്റി അയ്‌ക്കാന്‍ മാത്രം നമ്മളെ പര്യാപ്‌തമാക്കിയത്‌. പെട്രോളിയം ഉത്‌പന്നങ്ങളുടെ കയറ്റുമതി ചെയ്യുന്ന കമ്പിനികള്‍ക്ക്‌ സര്‍ക്കാര്‍ ഇറക്കുമതിക്ക്‌ നികുതി ഒഴിവാക്കി നല്‍കുന്നുമുണ്ട്‌. അഥവാ കയറ്റുമതിയിലൂടെ രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തരുന്ന എണ്ണവിതരണ കമ്പനികള്‍ക്ക്‌ അസംസ്‌കൃത എണ്ണ കസ്റ്റംസ്‌ നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാം. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ കയറ്റുമതിയുടെ ലാഭത്തിന്‌ പുറമേ കസ്റ്റംസ്‌ തീരുവയുടെ ഇളവ്‌ കൂടിയാകുമ്പോള്‍ ഈ സ്ഥാപനങ്ങള്‍ക്ക്‌ ഇരട്ടി ലാഭം ലഭിക്കുന്നു. സ്വകാര്യ എണ്ണക്കമ്പനികള്‍ക്കാണ്‌ ഇത്‌ ലഭിക്കുന്നത്‌. ഈ വ്യവസ്ഥിതി തെറ്റാണെന്നാണ്‌ പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാണിച്ചത്‌. എല്ലാ എണ്ണക്കമ്പനികള്‍ക്കും എക്‌സൈസ്‌ നികുതി ഇളവുനല്‍കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ.

സമിതി ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന പ്രശ്‌നം എണ്ണ സെസ്‌ സംബന്ധിച്ചുള്ളതാണ്‌. ആഭ്യന്തരമായി ഒരു ടണ്‍ എണ്ണയ്‌ക്ക്‌ 2,500 രൂപവീതം 1974ലെ എണ്ണ വ്യവസായ വികസന നിയമം അനുസരിച്ച്‌ സെസ്‌ ഈടാക്കുന്നുണ്ട്‌. നേരത്തേ അത്‌ 1,800 രൂപയായിരുന്നു. 1975ല്‍ ഈ മേഖലയ്‌ക്ക്‌ സഹായം ചെയ്യുന്നതിന്‌ എണ്ണ വ്യവസായ വികസന ബോര്‍ഡും സ്ഥാപിച്ചു. ഒരു വര്‍ഷം ഏകദേശം 5,400 കോടി രൂപയോളം ഈയിനത്തില്‍ സര്‍ക്കാരിന്‌ ലഭിക്കുന്നുണ്ട്‌. പാര്‍ലമെന്ററി സമിതിയുടെ പരിശോധനയില്‍ അതുവരെ അതായത്‌ മാര്‍ച്ച് 31, 2005 വരെ 55,966.81 കോടി രൂപ സെസ്‌ ഇനത്തില്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്‌. എണ്ണ വികസനബോര്‍ഡിന്‌ നല്‍കിയതാകട്ടെ വെറും 902.40 കോടി രൂപയും. ഈ സെസ്‌ തുക ഉപയോഗിച്ച്‌ എണ്ണ വില സന്തുലന ഫണ്ട്‌ രൂപവത്‌കരിക്കണമെന്നാണ്‌ പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചത്‌. അതായത്‌ എണ്ണ വിലയില്‍ ആഗോളവിപണിയില്‍ അതിഭികരമായ ചാഞ്ചാട്ടമുണ്ടായാലും ഈ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച്‌ സര്‍ക്കാരിന്‌ വില പിടിച്ചു നിര്‍ത്താന്‍ കഴിയും. പക്ഷേ, സര്‍ക്കാര്‍ അതും പരിഗണിച്ചില്ല.

ശുപാര്‍ശകളുടെയും നിര്‍ദ്ദേശങ്ങളുടെയും കുറവല്ല, തീരുമാനം കൈക്കൊള്ളുന്നതിലുള്ള ആര്‍ജവക്കുറവാണ്‌ പെട്രോളിയം മേഖലയെന്നുകേള്‍ക്കുമ്പോള്‍ പൊതുജനങ്ങളുടെ മനസില്‍ തീയാളിക്കത്തുന്ന സാഹചര്യം ഉണ്ടാക്കുന്നത്‌. കുത്തകകളുടെ താത്‌പര്യത്തിന്‌ ഒത്തു തുള്ളുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ ചങ്ങാത്തമാണ്‌ ഈ മേഖലയില്‍ പൊതുജനങ്ങള്‍ക്കാശ്വാസം നല്‍കുന്ന നിയമനിര്‍ണ്ണാണത്തിന്‌ തടസം നില്‍ക്കുന്നതാണ്‌ അന്വേഷണം ചൂണ്ടിക്കാണിക്കുന്നത്‌. ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്‌ ദീര്‍ഘദൃഷ്ടിയോടെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാവുന്നതേയുള്ളൂ.
(അവസാനിച്ചു)

—കഴിഞ്ഞ ഏപ്രിലില്‍ ‘മാതൃഭൂമി’ പത്രത്തില്‍ വന്ന പരമ്പരയാണിത്. എണ്ണവിലയുടെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനം ലേഖകന്റെ അനുമതിയോടെ പുനപ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗങ്ങള്‍ താഴെ :

Advertisements
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: