Home > Koodankulam Nuclear Plant > കൂടന്‍കുളം: ജനകീയ സമരവും ഇടതുപക്ഷവും

കൂടന്‍കുളം: ജനകീയ സമരവും ഇടതുപക്ഷവും

കൂടന്‍കുളം: ജനകീയ സമരവും ഇടതുപക്ഷവും
May 19, 2012
DilliPost
അഖില വിമല്‍

കൂടംകുളം ആണവനിലയത്തിന് എതിരായ നിലപാടുകളും സമരവും ചില ദേശീയ അന്തര്‍ദേശീയ സംഭവവികാസങ്ങളുടെ പരിസരത്തുനിന്നു വേണം മനസിലാക്കാന്‍. നിരാഹാര സമരപരമ്പരകള്‍ പല കാലങ്ങളില്‍ പല അവസരങ്ങളില്‍ നാം കണ്ടിട്ടുള്ളതാണ്. ഈ അടുത്തകാലത്ത് അണ്ണാ ഹസാരെ സമരം ഇന്ത്യയില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത് ഓര്‍ക്കുക. ഇവിടെ മാധ്യമങ്ങള്‍ കൂടംകുളം സമരത്തോട് കാണിക്കുന്ന നീരസം പണമുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പുകളില്‍ മാത്രം പത്രധര്‍മ്മംപുലമ്പുന്ന മാധ്യമധര്‍മ്മത്തിന്റെ ആകെതുകയാണ്. പ്രധാനമന്ത്രിയുടെ വിദേശ ഫണ്ടിനെപ്പറ്റിയുള്ള വിവാദം കൊണ്ട് പ്രശസ്തമായ ഈ പോരാട്ടത്തെ അടിച്ചമര്‍ത്തേണ്ടത് ആരുടെ ആവശ്യമാണ് എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്.

കൂടംകുളം സമരത്തിന്റെ രാഷ്ട്രീയം വിദേശഫണ്ടില്‍ ഊന്നിയതാണെന്നാണ് മന്‍മോഹന്‍ സിംഗ് അവകാശപ്പെട്ടത്. കൃത്യമായ തെളിവുകളോ, വ്യക്തതയോ ഇല്ലാത്ത സമരം ചെയ്യുന്ന പതിനായിരങ്ങളുടെ സത്യസന്ധതയ്ക്ക് മേലുള്ള ചോദ്യം എന്ന നിലയ്ക്ക് ഈ ആരോപണങ്ങള്‍ വ്യക്തവും സുതാര്യവുമായ തെളിവുകള്‍ ആവശ്യപ്പെടുന്നു. ഇക്കാലമത്രയും ഏത് ജനകീയ സമരങ്ങളേയും അട്ടിമറിക്കാന്‍ മെനയുന്ന ഭരണവര്‍ഗത്തിന്റെ തന്ത്രമെന്ന നിലയ്ക്ക് വിദേശ ഫണ്ടിംഗ് എന്ന ആരോപണത്തേയും വിലയിരുത്താവുന്നതാണ്. ഇത് പറയുമ്പോഴും സമരത്തിലെ സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) സാന്നിധ്യത്തെ മറക്കുകയല്ല. എന്‍‌ജിഒ സ്വാധീനം വളരെ ശക്തമാണ് എന്ന് സമ്മതിച്ചുകൊണ്ട് തന്നെ ആലോചിക്കേണ്ടുന്ന ഒരു വസ്തുത, ഭരണകൂടം തന്നെയാണ് ഭരണകൂടേതരമായ ഒരു മൂവ്‌മെന്റാക്കി സമരത്തെ മാറ്റുന്നത് എന്നതാണ്. സമരത്തിന്റെ ആദ്യകാലത്ത് അതിനെ അനുകൂലിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അതില്‍ നിന്ന് പിന്‍മാറുന്നതോടുകൂടി സമരത്തിന്റെ കെട്ടുറപ്പ് കുറഞ്ഞു എന്നുള്ളത് വസ്തുത ആയിരിക്കേ പഠിപ്പും വിദ്യാഭ്യാസവും കുറഞ്ഞ ഒരു ജനക്കൂട്ടത്തിന് അവരുടെ നിലനില്‍പിനെ സഹായിക്കുന്ന ആളുകളെ അംഗീകരിക്കുക എന്നത് സ്വാഭാവികം മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു കാര്യം ഈ സമരത്തോടുള്ള മുഖ്യധാര ഇടതുപക്ഷത്തിന്റെ സമീപനമാണ്. ഞങ്ങള്‍ ആണവശക്തിയെ അനുകൂലിക്കുന്നവരാണ്. അതേ സമയം അണുബോംബിനെ എതിര്‍ക്കുന്നു എന്ന നിലപാടില്‍ ഓര്‍ക്കേണ്ടുന്ന കാര്യം ഓരോ ആണവ റിയാകടറും ഇരുപത് ആണവ ബോംബിന് തുല്യമാണ് എന്നുള്ളതാണ്. ഫൂക്കോഷിമയില്‍ 2011ല്‍ ഉണ്ടായ സുനാമിയും അതേ തുടര്‍ന്നുണ്ടായ ആണവ ദുരന്തവും അതിന്റെ പ്രത്യാഘാതങ്ങളും പഠിച്ച ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഫൂക്കോഷിമ ദുരന്തത്തി ന്റെ പ്രത്യാഘാതങ്ങള്‍ ഹിരോഷിമ-നാഗസാക്കിയേക്കാള്‍ 20 മടങ്ങ് കൂടുതലാണ് എന്നതാണ്. ഫൂക്കോഷിമ അപകടത്തിന് ശേഷം രാജ്യത്തെ പ്രധാന ഇടതുപാര്‍ടിയായ സിപിഎമ്മിന്റെ നിലപാടില്‍ ഉണ്ടായ മാറ്റം സ്വാഗതാര്‍ഹമാണെങ്കിലും, ഫൂക്കോഷിമ പോലുള്ള അപകടത്തെ ഇന്ത്യയ്ക്ക് താങ്ങാന്‍ കഴിയില്ല എന്ന നയം ജയിതപൂരിലെ നൂക്ലിയര്‍ പ്ലാന്റിന് എതിരെയുള്ള സമരത്തില്‍ അവരെ എത്തിക്കുമ്പോഴും, കഴിഞ്ഞ എട്ടു മാസങ്ങളായി തുടരുന്ന കൂടംകുളം സമരത്തോട് അവര്‍ സ്വീകരിക്കുന്ന നയത്തെ എങ്ങിനെയാണ് ന്യായീകരിക്കാനാകുക? പൊതുവേ ജനകീയ സമരങ്ങളില്‍ നിന്നുള്ള സംഘടിത ഇടതുപക്ഷത്തിന്റെ തിരിച്ചുപോക്ക് ഓര്‍ക്കുക. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ ജനകീയ സമരങ്ങളില്‍ വളരെ വിരളമായ മുന്നേറ്റങ്ങള്‍ ഒഴിച്ചാല്‍ എന്താണ് സംഘടിത ഇടതുപക്ഷത്തിന് അവകാശപ്പെടാനുള്ളത്? ഇന്ത്യയ്ക്ക് പരാശ്രയമില്ലാത്ത ആണവ വ്യവസ്ഥ എന്ന ഇവരുടെ വ്യര്‍ത്ഥ സ്വപ്നം അവരെ ഈ സമരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു എന്ന് വേണം കരുതാന്‍.

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചെര്‍ണോബില്ലിലെ നൂക്ലിയര്‍ അപകടമാണ് സോവിയറ്റ് റഷയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ഒരു കാരണമെന്നത് മറന്നുകൊണ്ടായിരിക്കരുത് സോവിയറ്റ് ഗൃഹാതുരതയ്ക്ക് പിറകെ മുഖ്യധാര ഇടതുപക്ഷത്തിന്റെ ഓട്ടം. ചെര്‍ണോബില്‍ ആണവ അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമായിരിക്കേ കൂടംകുളത്ത് തുറക്കാനിരിക്കുന്ന ആണവ നിലയത്തിന് എന്ത് സുരക്ഷിതത്വമാണ് അധികൃതര്‍ അവകാശപ്പെടുന്നത്. മറ്റ് അപകടങ്ങളുമായി ആണവ അപകടത്തെ താരതമ്യം ചെയ്യാന്‍ പോലും കഴിയുന്നതല്ല. ആണവ അപകടങ്ങളുടെ പ്രത്യാഘാതങ്ങളിലൊന്ന് അംഗവൈകല്യങ്ങളോടു കൂടിയും മാറാരോഗങ്ങളോടു കൂടിയും ജനിക്കുന്ന നിങ്ങളുടെ പരമ്പരകളോട് നിങ്ങള്‍ ഉത്തരം പറയേണ്ടി വരും എന്നതാണ്. അപ്രഖ്യാപിതമായ കുടിയൊഴിക്കല്‍ ഭീഷണി നിലനില്‍ക്കുന്ന (sterilized zoneല്‍ താമസിക്കരുത് എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്) മത്സ്യബന്ധനം തൊഴിലാക്കിയ ഒരു ജനതയ്ക്ക് ആണവ നിലയം കൊണ്ട് നഷ്ടമാക്കുന്നത് ജീവിതോപാധിയായ മത്സ്യസമ്പത്ത് കൂടിയാണ്. നൂക്ലിയര്‍ വേസ്റ്റിലൂടെ ജലത്തിലുണ്ടാകുന്ന അമിത ഊഷ്മാവ് ഇല്ലാതാക്കുന്നത് കടലിലെ മത്സ്യസമ്പത്തിനെ കൂടിയാണ്എന്നത് തെളിയിക്കപ്പെട്ടതാണ്.

1978ന് ശേഷം അമേരിക്ക പോലൊരു വികസിത രാജ്യത്ത് ഒരു ആണവനിലയം പോലും തുറന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 1984ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഷോര്‍ഹാം ആണവശക്തി നിലയം ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് ഇക്കാലമത്രയും അടച്ചിട്ടിരിക്കുകയാണ്. ഈയടുത്ത് ഫൂക്കോഷിമ ദുരന്തത്തെ തുടര്‍ന്നുണ്ടായ പ്രതിരോധത്തില്‍ ജപ്പാനിലെ അവസാനത്തെ ആണവനിലയം കൂടി അടച്ചിരിക്കുന്നു. അമേരിക്കയിലെ പ്രധാന വൈദ്യുതി ഉറവിടമായ ആണവോര്‍ജത്തിന് എതിരായ സമരങ്ങള്‍ ഒരു പരിധി വരെയെങ്കിലും (പുതിയതൊന്ന് തുറക്കാത്ത അവസ്ഥവരെയെങ്കിലും) വിജയിച്ചിരിക്കുന്നു. പല പാശ്ചാത്യ വികസിത രാജ്യങ്ങളും ആണവനിലയങ്ങളെ തള്ളി പറയുമ്പോള്‍ അവരുടെ തന്നെ പിന്തുണയോട് കൂടി സൃഷ്ടിക്കപ്പെട്ട ഇന്ത്യയുടെ ആണവനയം ഏത് പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്? കൂടംകുളം ഇന്ത്യയിലെ നാല്പത്തിയൊന്‍പതാമത്തെ ആണവനിലയം എന്ന നിലയ്ക്ക് അധികം വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജയലളിതയുടെ പ്രഖ്യാപനം കണ്‍മുന്നില്‍ കാണുമ്പോള്‍ നാം ചിന്തിക്കേണ്ടത് ഇന്ത്യ ഏത് വികസന നയത്തെയാണ് പിന്തുടരേണ്ടത് എന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെ നീളുന്ന തമിഴ്‌നാട്ടിലെ പവര്‍കട്ട് ഈ സമരത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണേണ്ടതാണ്. ഈ ജനകീയ സമരത്തിന് ജനകീയ പിന്തുണ കുറയ്ക്കാന്‍ ഇത് കാരണമായിട്ടുണ്ട് എന്ന് മനസിലാക്കുമ്പോള്‍ കൂടംകുളം പവര്‍പ്ലാന്റ് തമിഴ്‌നാട്ടിലെ വൈദ്യുത പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമാണ് എന്ന പ്രസ്താവന ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപാടം തിരുനെല്‍വേലിയിലാണ്.തമിഴ്‌നാട്ടില്‍ കാറ്റ് ഉറവിടമാക്കി 5,800 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറു റിയാക്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാവുന്ന പരവാമധി ഊര്‍ജം 10000 മേഗാവാട്ട് വൈദ്യുതി മാത്രമാണ്. കൃത്യമായ രീതിയില്‍ മറ്റ് പ്രകൃതിദത്ത ഉറവിടങ്ങള്‍ കൂടി ഉപയോഗിച്ച് ഇന്ത്യയ്ക്ക് വൈദ്യുതി ക്ഷാമത്തെ മറികടക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കേ കോടികളുടെ നഷ്ടത്തിന്റെ പേരില്‍ നാം കണ്ണടയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ജീവിതസമരത്തോടാണ്. മരണം വരെ സമരം ചെയ്യുമെന്ന് പറയുന്ന ഒരു ജനതയുടെ ആത്മവിശ്വാസത്തെ കണ്ടില്ലെന്നു നടിക്കുന്നത് ഏത് രാഷ്ട്രീയ ബോധത്തിന്റെ മറുപുറമാണ്? ജനകീയ സമരങ്ങളുടെ കെട്ടുറപ്പുകൊണ്ട് മാത്രം വളര്‍ന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആരെയാണ് പേടിക്കുന്നത്. എവിടെയാണ് നിങ്ങള്‍, എന്തിനോടാണ് നിങ്ങള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത്? അഥവാ, നിങ്ങള്‍ ആരുടെ പക്ഷത്താണ്?

Advertisements
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: