Home > Interview-With-r-b-Shreekumar-keralashabdam > വംശഹത്യയുടെ നാളുകള്‍

വംശഹത്യയുടെ നാളുകള്‍

ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച വംശഹത്യയെന്ന അജണ്ട ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാന്‍ സംഘപരിവാര്‍ പദ്ധതിയിടുകയാണെന്ന് ഗുജറാത്ത് ഇന്റലിജന്‍സിന്റെ മുന്‍ അഡീഷണല്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. കലാപകാല ഗുജറാത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ചിത്രം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ പ്രധാനപങ്കുവഹിച്ച ശ്രീകുമാര്‍ അനുഭവങ്ങളും കാശ്‌ചപ്പാടുകളും ഷിജു ഏലിയാസുമായി പങ്കുവെയ്‌ക്കുന്നു.

മനുഷ്യത്വം മരവിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ നടന്ന ഒരു കാലയളവില്‍ വളരെ ഉത്തരവാദപ്പെട്ട ഒരു പദവിയില്‍ ഇരുന്നുകൊണ്ട് കാര്യങ്ങള്‍ നോക്കിക്കാണാന്‍ കഴിഞ്ഞ ഒരാളാണു താങ്കള്‍. ഒരു സാധാരണ പൌരനു സാധിക്കാത്ത രീതിയില്‍ ആധികാരികരേഖകളും രഹസ്യസ്വഭാവമുള്ള വിവരങ്ങളുമടക്കം, വഹിച്ചിരുന്ന പദവിയുടെ പ്രത്യേകതകൊണ്ട് താങ്കള്‍ക്ക് ലഭിക്കുമായിരുന്നു. ഒരു കലാപത്തിനുവേണ്ടിയുള്ള സംഘടിതമായ ആസൂത്രണം വളരെ മുമ്പുതന്നെ ഗുജറാത്തില്‍ ആരംഭിച്ചിരുന്നു എന്ന് എങ്ങനെയാണ് വ്യക്തമായി പറയാന്‍ കഴിയുക?

സംഘപരിവാര്‍ അവരുടെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആളുകളെ സദാ തയ്യാറാക്കി നിര്‍ത്തുന്ന ഒരു വിഭാഗമാണ്. ഗുജറാത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും, ഈ തയ്യാറെടുപ്പ് വളരെ വ്യക്തമായിരുന്നു. ആരെയൊക്കെയാണ് ആക്രമിക്കേണ്ടത്, ആരെയൊക്കെയാണ് വെറുതെ വിടേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. വ്യക്തിപരമായ ഒരു ഉദാഹരണം പറയാം. അഹമ്മദാബാദില്‍ ക്വാര്‍ട്ടേഴ്‌സ് കിട്ടി താമസിക്കാന്‍ തുടങ്ങിയ കാലത്ത് ഞാന്‍ ഹിന്ദുവാണോ, ക്രിസ്‌ത്യാനിയാണോ എന്ന കാര്യത്തില്‍ അവിടുത്തെ ആര്‍ എസ് എസ്സുകാര്‍ക്ക് ചെറിയ സംശയമുണ്ടായിരുന്നു. പൊലീസുകാരടക്കം പലരോടും അവര്‍ അക്കാര്യം ചോദിക്കുകയുണ്ടായി. എന്റെ പൂജാമുറിയില്‍ ക്രിസ്‌തുവിന്റെ പടമുള്ളതുകൊണ്ട് അവര്‍ക്കും ഞാന്‍ ഏതു മതക്കാരനാണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍, മൂന്നുമാസത്തോളം കഴിഞ്ഞ് കാര്യം വ്യക്തമായപ്പോള്‍ അവര്‍ ഒരു സ്വസ്‌തികയടയാളം വീടിന്റെ പരിസരത്തുകൊണ്ടുവന്നൊട്ടിച്ചു. “കലാപമുണ്ടായാല്‍ ഈ വീട് ഒഴിവാക്കണം” എന്നുതന്നെയാണ് അതിന്റെ വ്യക്തമായ അര്‍ത്ഥം. ഞങ്ങളുടെ കോളനിയിലെ മുസ്ലീം വീടുകള്‍ക്കു മുന്നില്‍ മാത്രം അവര്‍ സ്വസ്‌തിക പതിച്ചില്ല. ആരെയാണ്, എങ്ങനെയാണ് ആക്രമിക്കേണ്ടത് എന്ന കാര്യത്തില്‍ കൃത്യമായ പഠനവും തയ്യാറെടുപ്പും അവര്‍ നടത്തിയിരുന്നു. ഗോധ്രാസംഭവം സംഘപരിവാര്‍ ആസൂത്രണം ചെയ്‌തതാണെന്നാണ് പലരും പറയുന്നത്. ഒരു പൊലീസുകാരനെന്ന നിലയില്‍ എനിക്കത് ഉറപ്പിച്ചുപറയാന്‍ വയ്യ. എന്നാല്‍, ഒരു കാരണം ഉണ്ടായിക്കിട്ടിയാല്‍ അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും മുസ്ലീം വിരുദ്ധമായ ഒരജണ്ട നടപ്പിലാക്കാനുമുള്ള ആസൂത്രിതമായ പദ്ധതി അവര്‍ക്കുണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ചേരിപ്രദേശങ്ങളും ഏറ്റവും ദുര്‍ബലരായ ആളുകള്‍ താമസിക്കുന്ന പുറമ്പോക്കുകളും അവര്‍ പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നു. അവരെയെല്ലാം ആട്ടിയോടിച്ചിട്ട് ഈ ഭൂമി വന്‍കിട ബില്‍ഡര്‍മാരുടെ കൈയിലെത്തിക്കുകയെന്ന ഉദ്ദേശ്യവും അവര്‍ക്കുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബാറ്റാ കമ്പനിയുടെ ഷോറൂമുകള്‍ അക്രമിക്കപ്പെട്ടു. ബോംബെക്കാരനായ ഒരു മേമന്റെ കൈയിലാണ് ബാറ്റ കമ്പനിയുടെ അറുപതുശതമാനത്തോളം ഷെയറും. അത് ഇവര്‍ കൃത്യമായി മനസ്സിലാക്കിവച്ചിരുന്നു. അതുപോലെ പാന്റ്ലൂംസും കത്തിച്ചു. ഹിന്ദുപേരിലുള്ള ഒരു ഡസനോളം ഹോട്ടലുകള്‍ കത്തിച്ചു. ഹിന്ദുദേവതകളുടെ പടങ്ങള്‍ മാത്രം വച്ചിട്ടുള്ള ഹിന്ദുപേരുള്ള ഹോട്ടലുകള്‍ പോലും, മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മനസ്സിലാക്കി വച്ചിട്ട് ആസൂത്രിതമായി ആക്രമിച്ചു. ജോലിക്കാരില്‍ അധികവും മുസ്ലീങ്ങളായിട്ടുള്ള ഹോട്ടലുകളും ഇതുപോലെ ആസൂത്രിതമായി കത്തിച്ചു നശിപ്പിക്കപ്പെട്ടു. യാദൃച്‌ഛികമായി പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയകലഹങ്ങളില്‍ ഒരിക്കലും ഇത്രമാത്രം ആസൂത്രിതമായ വിവേചനം ഉണ്ടാവുകയില്ല.

മുസ്ലീങ്ങള്‍ക്കെതിരായ ഹിന്ദുത്വതീവ്രവാദികളുടെ പ്രചാരണവും വളരെ ശക്തമാണ്. മുസ്ലീങ്ങളില്‍ നല്ലൊരുഭാഗവും വളരെ ദയനീയമായ അവസ്ഥയിലാണ് ജീവിക്കുന്നത്. പൊതുസമൂഹത്തിന് അവരോട് മതിയായ സഹതാപമോ പരിഗണനയോ ഇല്ല.

ദീര്‍ഘകാലത്തെ ആസൂത്രണത്തിന്റെ ഫലമായിരുന്നു ഗുജറാത്തിലെ വംശഹത്യ എന്ന് താങ്കള്‍ പറഞ്ഞതില്‍നിന്ന് വളരെ വ്യക്തമാണ്. ഇത്രമാത്രം വിശദമായ ഒരു പ്ലാനിംഗ് പൊലീസും സിവില്‍സര്‍വീസും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ സഹായത്തോടെയല്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല എന്നു തീര്‍ച്ചയാണ്.

അക്കാര്യം വളരെ വ്യക്തമാണ്. കലാപത്തില്‍ ഗുജറാത്തിലെ ഭരണസംവിധാനത്തിന്റെ പങ്കാളിത്തത്തെപ്പറ്റി അസന്ദിഗ്ദ്ധമായ തെളിവുകള്‍ ഞാന്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്.

എങ്കില്‍, എങ്ങനെയാണ് ഗുജറാത്ത് പോലൊരു സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെയാകെ കുത്സിതമായ രാഷ്‌ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇത്ര ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മോഡിക്കു കഴിഞ്ഞിരിക്കുക? മോഡിയും കൂട്ടരും മുന്നോട്ടുവയ്‌ക്കുന്ന വര്‍ഗീയ അജണ്ട ഉദ്യോഗസ്ഥസമൂഹത്തിലെ കാര്യമായ ഒരുവിഭാഗം പങ്കുവയ്‌ക്കുന്നുണ്ടെന്നു പറയേണ്ടി വരുമോ?

അങ്ങനെ കരുതുന്നില്ല. ഉദ്യോഗസ്ഥസമൂഹത്തിലെ 30 ശതമാനത്തോളം ആളുകളെ വര്‍ഗീയവല്‍ക്കരിക്കാന്‍ മോഡിഭരണത്തിനു കഴിഞ്ഞുവെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഞാന്‍ അതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണസംവിധാനത്തെ രാഷ്‌ട്രീയനേതൃത്വം സങ്കുചിതലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. ഗുജറാത്തില്‍ ആദ്യമായി പോസ്‌റ്റ് ചെയ്യപ്പെട്ടപ്പോള്‍ത്തന്നെ അവിടുത്തെ പൊലീസിലെ അഴിമതി എനിക്കുബോധ്യപ്പെട്ടതാണ്. കൈക്കൂലി വീതിച്ചെടുക്കുന്ന ഹപ്‌ത സമ്പ്രദായം അന്നേ അവിടെയുണ്ട്. എനിക്കും അതിലൊരു ഷെയറുണ്ടെന്ന് ഡിവൈഎസ്‌പിയായിരുന്ന സുഹൃത്ത് പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം അടക്കാനായില്ല. എന്റെ പേരില്‍ കൈക്കൂലി വാങ്ങിക്കരുതെന്ന് സഹപ്രവര്‍ത്തകരായ പൊലീസുകാരെ എനിക്ക് താക്കീതുചെയ്യേണ്ടിവന്നു. ഇങ്ങനെ ഹപ്‌ത വാങ്ങി ശീലിച്ച പൊലീസുകാള്‍ നല്ലൊരു പങ്കും പണത്തിനുവേണ്ടി കോംപ്രമൈസ് ചെയ്യുകയാണ്. ഉദ്യോഗസ്ഥന്മാരില്‍ ചെറിയൊരു വിഭാഗത്തിന് വര്‍ഗീയ താല്‍പര്യം ഉണ്ടായെന്നും വരാം. എന്നാല്‍ ഉദ്യോഗസ്ഥസംവിധാനത്തിന്റെ വര്‍ഗീയവല്‍ക്കരണത്തേക്കാള്‍ പ്രധാനഘടകം പണമാണെന്നുതന്നെയാണ് എന്റെ അഭിപ്രായം.

ഗുജറാത്തിലെ പൊലീസ് സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ അജണ്ടയ്‌ക്ക് കൂട്ടുനിന്നതിന്റെ മറ്റൊരു കാരണം മോഡിയുടെ ഇമേജാണ്. എതിര്‍ക്കുന്നവരെ മോഡി കൊന്നുകളയുമെന്നുതന്നെ പലരും വിശ്വസിച്ചു. എനിക്കെന്തെങ്കിലും സംഭവിക്കുമോയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഭയന്നിരുന്നു. മോഡി സൃഷ്‌ടിച്ചെടുത്ത ഭയം എതിര്‍പ്പുകളെ നിശ്ശബ്‌ദമാക്കി. പാണ്ഡെയായിരുന്നു കലാപകാലത്ത് അഹമ്മദാബാദ് സിറ്റിയിലെ കമീഷണര്‍. ഒരു വിധം സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരുള്ള ഒരാളാണ് പാണ്ഡെ. അദ്ദേഹവും ഇതിനു കൂട്ടിനില്‍ക്കുകയായിരുന്നു. മെട്രോപോളിറ്റന്‍ നഗരങ്ങളിലെ കമീഷണര്‍മാര്‍ക്ക് വിപുലമായ അധികാരങ്ങളാണ്. അദ്ദേഹവും ഇതിനു കൂട്ടുനിന്നു. മുഖ്യമന്ത്രിയുമായി നേര്‍ക്കുനേര്‍ നില്‍ക്കാന്‍ ഏത് ഉദ്യോഗസ്ഥന്‍ തയ്യാറാവും. രാഷ്‌ട്രീയ നേതൃത്വം അധ:പതിച്ചപ്പോള്‍ അതിന്റെ ഹീനപദ്ധതികള്‍ക്ക് ഉദ്യോഗസ്ഥന്മാര്‍ കൂട്ടുനില്‍ക്കുകയായിരുന്നു.

കലാപത്തിനുശേഷം നടന്ന അന്വേഷണങ്ങള്‍പോലും മുസ്ലീം വിരുദ്ധമായിരുന്നു. മുസ്ലീങ്ങള്‍ നല്‍കിയ പരാതികള്‍പലതും പരിഗണിക്കപ്പെട്ടിട്ടില്ല. ക്രിമിനല്‍ നീതി ആകെ തകര്‍ന്നു. മുസ്ലീം വിരുദ്ധമായ മുന്‍വിധികള്‍ക്ക് പൊലീസ് സംവിധാനം വഴങ്ങി. കൂടുതല്‍ മുസ്ലീം ചെറുപ്പക്കാര്‍ തീവ്രവാദ-ഭീകരവാദ സംഘങ്ങളില്‍ എത്തിപ്പെടുന്നതിന് ഇതിടയാക്കുമെന്ന് ഞാന്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എഴുതിയ റിപ്പോര്‍ട്ടിന്റെ കോപ്പി നാനാവതി കമീഷന് കൊടുത്തതിന് എതിര്‍പ്പുണ്ടായി. കമീഷന് ഏത് രേഖകൊടുത്താലും അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിയമമില്ല.

ഗുജറാത്ത് സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു വരുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരാളാണല്ലോ താങ്കള്‍. ധാരാളം എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടല്ലാതെ താങ്കള്‍ ചെയ്‌തതുപോലുള്ള കാര്യങ്ങള്‍ ഒരാള്‍ക്കും ചെയ്യാന്‍ കഴിയില്ല.

ഞാന്‍ കൊടുത്ത അഫിഡവിറ്റില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2002 ഏപ്രില്‍ 9 നാണ് എന്നെ സ്‌റ്റേറ്റ് ഇന്റലിജന്‍സില്‍ നിയമിക്കുന്നത്. സെന്‍ട്രല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചുള്ള എന്റെ പരിചയം പറഞ്ഞുകൊണ്ടായിരുന്നു നിയമനം. ഡി ജി പിയോട് ഞാന്‍ എന്റെ വിഷമം പറഞ്ഞതാണ്. കലാപത്തില്‍ അത്രയധികം ആളുകള്‍ കൊലചെയ്യപ്പെട്ടതിലുള്ള ദു:ഖവും അമര്‍ഷവും കൊണ്ട് എനിക്ക് ഉറക്കംപോലും നഷ്‌ടപ്പെട്ടു. ഞാന്‍ കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊണ്ടിരുന്നു. 2002 ജൂലായ് 15 ന് ഇതെല്ലാം ചേര്‍ത്ത് ഞാന്‍ 175 പേജുള്ള ഒരു അഫിഡവിറ്റ് നാനാവതി കമ്മീഷന് നല്‍‌കി. അവരാണതു പുറത്തുവിട്ടത്.

ആഗസ്റ് 8 ന് ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ഞാന്‍ ഒരു സ്‌റ്റേറ്റ്മെന്റും റിപ്പോര്‍ട്ടും നല്‍കി. കമ്മീഷന്‍ അത് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കുകയും ചെയ്‌തു. ഗവണ്‍മെന്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന വിവരം ആ ഘട്ടത്തില്‍ ഞാന്‍ ഡിജിപിയെ അറിയിച്ചതാണ്. സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തയ്യാറായിരുന്നില്ലെങ്കിലും അദ്ദേഹത്തിന് എന്റെ സമീപനത്തോട് അനുഭാവമുണ്ടായിരുന്നു.

സെപ്‌തംബറില്‍ മോഡി വളരെ പ്രകോപനപരമായ ഒരു പ്രസംഗം നടത്തി. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് ന്യൂനപക്ഷകമ്മീഷന്റെ കത്തുകിട്ടി. അതു റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഹോം സെക്രട്ടറിഎന്നോട് ആവശ്യപ്പെട്ടു. ഞാന്‍ കൂട്ടാക്കിയില്ല. അന്നുരാത്രിതന്നെ ഞങ്ങള്‍ കൂടിയിരുന്ന് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. ഇത്തരം പ്രസംഗങ്ങള്‍ വര്‍ഗീയമായ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് അതില്‍ വ്യക്തമായി പറഞ്ഞിരുന്നു. അന്നുരാത്രി എന്നെ ചുമതലയില്‍ നിന്നു മാറ്റി. യാതൊരു അസൈന്‍മെന്റുമില്ലാത്ത ഒരു പോസ്‌റ്റിലേക്ക്. 2002 സെപ്‌തംബര്‍ 18 മുതല്‍ 2007 ഫെബ്രുവരി 28 വരെ ആ ചുമതലയില്‍ ഞാന്‍ ഇരുന്നു. സഹായത്തിന് ഒരു പ്യൂണ്‍. ഒരു പേപ്പറും, വരാത്ത പോസ്‌റ്റ്. ഒരു കാറും ഗണ്‍മാനും. ഒരാളും കാണാന്‍ വരില്ല. ശ്രീകുമാറിനെ കണ്ടാല്‍ മോഡി അറിയുമെന്ന് എല്ലാവര്‍ക്കും പേടി. പരമാവധി വായിക്കാന്‍ സമയം കിട്ടി. രണ്ട് എം എ ഡിഗ്രി എഴുതിയെടുത്തു. ക്രിമിനോളജി എല്‍ എല്‍ എം എടുത്തു.

ആഗസ്‌റ്റോടെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. പത്രക്കാര്‍ ഉദ്യോഗസ്ഥന്‍മാരില്‍നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. എന്റെ റിപ്പോര്‍ട്ടും അവര്‍ക്കു കിട്ടി. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍ എന്നെ വിളിച്ചു. ഞാന്‍ സത്യസന്ധമായ റിപ്പോര്‍ട്ട് കമ്മിഷന് കൊടുക്കുകയേ ചെയ്‌തുള്ളു. ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥനെന്ന നിലയില്‍ എനിക്ക് അതേപ്പറ്റി പത്രക്കാരോട് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടുത്തദിവസം അവര്‍ പുറത്തുവിട്ടു. മോഡിക്കെതിരായ ഡൈനമിറ്റ് എന്നായിരുന്നു വിശേഷണം Anti- Modi dynamite in Additional D G P .ആന്റിമോഡി ഡൈനമൈറ്റ് ഇന്‍ അഡിഷണല്‍ ഡി ജി പി. ഇന്റലിജന്‍സിന് അതൊരു വലിയ ഷോക്കായിരുന്നു. അവര്‍ എന്നെ വിളിച്ചു ചോദിച്ചു. ഇതിന്റെ കോപ്പി നിങ്ങള്‍ക്കും തന്നിട്ടുണ്ട് എന്ന് ഞാന്‍ മറുപടിയും കൊടുത്തു. അവരതുമുഴുവന്‍ വായിച്ചുനോക്കിയിരുന്നില്ല എന്നതാണു വാസ്‌തവം. ജെറ്റ്ലി പാഞ്ഞുവന്നു. അദ്ദേഹം അവരെ ഏറെ ചീത്തയൊക്കെ പറഞ്ഞിട്ട് പോയതായാണ് അറിയാന്‍ കഴിഞ്ഞത്. അതുകഴിഞ്ഞ് 31-ാം തീയതി എന്നെ ക്രോസ് എക്‍സാമിനേഷന് വിളിച്ചു. എന്നോട് അടുപ്പമുള്ള ആളുകള്‍ എന്നെ ഉപദേശിച്ചു. ഡി ജി പി പോസ്‌റ്റിലേക്കു പരിഗണിക്കപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി അവരെന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഞാനൊന്ന് അഴകൊഴമ്പനായി സംസാരിച്ചാല്‍ മാത്രം മതിയായിരുന്നു. പറഞ്ഞതില്‍ ഒരിഞ്ചുപോലും മാറ്റി പറയാന്‍ ഞാന്‍ തയ്യാറായില്ല. 21-ാം തീയതി അണ്ടര്‍സെക്രട്ടറി, ഹോം എന്നോടു സംസാരിച്ചു. സ്ഥിരമായി സമ്മര്‍ദ്ദങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇദ്ദേഹം പറഞ്ഞത് ഞാന്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്തു. Commissions are useless. Nothing is going to happen. They will give a pro Mody report (കമീഷനൊക്കെ വെറുതെയാണ്. ഒന്നും നടക്കില്ല. അവര്‍ മോഡിക്കനുകൂലമായ ഒരു റിപ്പോര്‍ട്ടേ കൊടുക്കൂ) അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ശരിയാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു. ഹോം സെക്രട്ടറി അരവിന്ദ് പട്ടേല്‍ എന്നെ വിളിച്ച് സംസാരിച്ചു. ടെഹല്‍ക്കയുമായുള്ള സംഭാഷണത്തില്‍ എന്നെ ഭീഷണിപ്പെടുത്തിയ കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് ഇവര്‍ രണ്ടുപേര്‍ക്കും ഒരു നോട്ടീസ് പോലും കിട്ടിയില്ല.

ഗുജറാത്തില്‍ (പ്രത്യക്ഷത്തില്‍) കലാപങ്ങളുണ്ടാവാത്ത ഇന്നും ഈ ഭീതിദമായ അവസ്ഥ നിലനില്‍ക്കുകയാണല്ലോ. മോഡി ഭരണവും മോഡിയുടെ പാര്‍ട്ടിയും ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ ഭയപ്പാടും വര്‍ഗീയമായ ചേരിതിരിവുകളും ഇന്നും ദുര്‍ബലമായിട്ടില്ല. മുമ്പുണ്ടായിരുന്ന ആപല്‍സാധ്യത ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്ന് വളരെ സ്‌പഷ്‌ടമല്ലേ?

അപകടസാധ്യത അതേപോലെ നിലനില്‍ക്കുന്നു എന്നു പറഞ്ഞാല്‍ പോര. കൂടുതല്‍ ഭീകരമായ അന്തരീക്ഷം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ അസ്‌തിത്വത്തിന് ശക്തമായ ഭീഷണി രൂപപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തോന്നല്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രബലമാവുകയാണ്. ഗുജറാത്തില്‍ ഇത് കൂടുതല്‍ തീവ്രമാണ്. ഈ ആശങ്ക അസ്ഥാനത്താണെന്ന് പറയാനും കഴിയില്ല. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യയിലെ മുസ്ലീങ്ങളില്‍ നല്ലൊരു വിഭാഗം അനുഭവിക്കുന്ന അരക്ഷിതത്വ ഭീഷണിയുടെ ഭാഗമാണ് ഗുജറാത്തിലെ അവസ്ഥയും. താജ്‌മഹലിന്റെ പേര് തേജോമഹല്‍ എന്ന് മാറ്റണമെന്നാണ് പറയുന്നത്. നാളെ റെഡ്‌ഫോര്‍ട്ടിന്റെ പേരു ശിവാലയം എന്നുമാറ്റില്ലെന്ന് ആര് കണ്ടു! എത്‌നിക് ന്യൂനപക്ഷങ്ങളുടെ മേലുള്ള ബുദ്ധിപരമായ കടന്നാക്രമണം എന്നേ തുടങ്ങിയതാണ്. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയോടെ അരക്ഷിതത്വത്തിലായ ഇന്ത്യയുടെ സാമുദായികസുസ്ഥിതി ഗുജറാത്തിലെ വംശഹത്യയോടെ കൂടുതല്‍ വഷളാവുകയാണുണ്ടായത്. ഹിന്ദുക്കളെ അക്രമോല്‍സുകമായി സംഘടിപ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്‌ട്രീയപദ്ധതിയാണ് എല്ലാറ്റിന്റെയും മൂലകാരണം. ഒരു വിഭാഗത്തിനെതിരെ പരസ്യമായി ആളെ സംഘടിപ്പിച്ച്, അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി അക്രമം നടത്തുകയാണ് അയോധ്യയിലും ഗുജറാത്തിലും നടന്നത്. ഭീകരപ്രവര്‍ത്തനത്തിലൂടെ ഇതിനു തിരിച്ചടി നല്‍കാന്‍ ന്യൂനപക്ഷസമുദായത്തില്‍ നിന്ന് കുറച്ചുപേരെങ്കിലും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ദുര്‍ബലരായവര്‍ ശക്തരായവര്‍ക്കെതിരെ പ്രതികരിക്കുന്ന പലരീതികളില്‍ ഒന്നാണത്.

ഗുജറാത്ത് ഇന്ത്യമുഴുവന്‍ വ്യാപിക്കുന്നുവെന്ന വലിയ ഭീഷണിയാണ് ഇന്ന് നമ്മള്‍ നേരിടുന്നത്. ഒറീസയിലെയും കര്‍ണ്ണാടകത്തിലെയും സ്ഥിതി ഇത് തെളിയിക്കുന്നുണ്ട്.

ഗുജറാത്ത് സംഘപരിവാറിന്റെ രാഷ്‌ട്രീയഭാവിപരിപാടിയുടെ പരീക്ഷണശാലയാണെന്ന കാര്യം വളരെ വ്യക്തമാണ്. ആ പരീക്ഷണത്തില്‍ അവര്‍ വിജയിച്ചുകഴിഞ്ഞു. ഹിന്ദുത്വം പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളെ ക്രൂരമായി നേരിട്ടും വലിയ രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കുന്നതിലൂടെ രാഷ്‌ട്രീയനേട്ടത്തിനുപുറമെ സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടാക്കണമെന്ന തോന്നല്‍ ഹിന്ദുസമുദായത്തിലെ ഒരു ചെറിയ വിഭാഗത്തിലെങ്കിലും ശക്തമായി വരികയാണ്. ഇങ്ങനെ പോയാല്‍ രാഷ്‌ട്രത്തിന്റെ ഭാവി വലിയ അപകടത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ സാധാരണഹിന്ദുപോലും വര്‍ഗീയവല്‍ക്കരണത്തിന് വിധേയമാവുകയാണ്. ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നക്‍സലൈറ്റുകള്‍ പൂര്‍ണ്ണമായി ഏറ്റെടുത്തതാണ്. എന്നാല്‍ ഗോധ്രാസംഭവം ഗുജറാത്തിലെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തിയതുപോലെ, ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെ വധം ഒറീസയിലെ ഹിന്ദുത്വതീവ്രവാദികള്‍ അവസരമാക്കുകയാണ്. നക്‍സലൈറ്റുകള്‍ എത്രയോ ഭീകരമായ ഓപ്പറേഷനുകള്‍, ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. എത്രയോ പേരെ കൊന്നിട്ടുണ്ട്. അതില്‍ ഒടുവിലത്തേതായി മാത്രം ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെ കണ്ടാല്‍ മതി. എത്രയോ സ്‌ഫോടനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. സാധാരണ നിലയിലല്‍ ബോംബുവച്ചാല്‍പോലും തകരാത്ത കവചിതവാഹനങ്ങള്‍ തീവ്രതയേറിയ ലാന്റ് മൈനുകള്‍ ഉപയോഗിച്ച് പൊട്ടിത്തെറിപ്പിച്ചിട്ടുണ്ട്.

മതപരിവര്‍ത്തനത്തെക്കുറിച്ച് സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തില്‍ കഴമ്പുണ്ടോ? നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ ഔദ്യോഗികജീവിതത്തില്‍ എപ്പോഴെങ്കിലും താങ്കള്‍ക്കു കൈകൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ടോ?

ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ ആളുകളെ മതം മാറ്റുന്നുണ്ടെങ്കില്‍, അത് നിയമം അനുവദിക്കുന്ന പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമാധാനപരമായാണ് ചെയ്യുന്നത്. ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെയും സംഘത്തിന്റെയും കൊലപാതകം പോലൊരു കൃത്യം ഒറീസയിലെ ക്രിസ്‌ത്യാനികള്‍ ചെയ്യുമെന്നു കരുതുന്നതില്‍ ഒരു ന്യായവുമില്ല. മതപരിവര്‍ത്തനത്തെക്കുറിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് ഊതിപ്പെരുപ്പിച്ച ചിത്രമാണ്. ഏഴുജില്ലകളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഞാന്‍. ക്രിസ്‌ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. കൃത്യമായ സംഭവം ചൂണ്ടിക്കാട്ടി പരാതി എഴുതിത്തരാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള സംവിധാനം ഇന്ത്യയിലുണ്ട്. മതപരിവര്‍ത്തനം സംബന്ധിച്ച് രേഖാമൂലമായ ഒരൊറ്റ പരാതിപോലും എന്റെ മുന്നില്‍ വന്നിട്ടില്ല എന്നതാണു വാസ്‌തവം. അല്ലെങ്കില്‍, മതപരിവര്‍ത്തനത്തെ നേരിടേണ്ടത് ആളെക്കൊന്നും കുഷ്‌ഠരോഗകേന്ദ്രങ്ങള്‍ നശിപ്പിച്ചുമാണെന്നു പറയുന്നത് എന്ത് അസംബന്ധമാണ്?

മോഡിയും സംഘപരിവാറുമായി നേര്‍ക്കുനേര്‍ നിന്നിട്ടും താങ്കളിന്നും സുരക്ഷിതനാണ്. ചോദ്യം അനുചിതമല്ലെങ്കില്‍, അതിനെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

മോഡിഭരണത്തില്‍ കീഴില്‍ നടന്ന ഇത്രയും ഭീകരമായ അതിക്രമങ്ങള്‍ തുറന്നുകാട്ടിയിട്ടും ഞാനിന്നും സുരക്ഷിതനായിരിക്കുന്നതിന്റെ കാരണം ഇവിടുത്തെ ഒരു വിഭാഗം മാധ്യമങ്ങളാണ്. 1984 ലെ കലാപവും 1985 ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വിരുദ്ധ കലാപവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ കലാപത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വ്യാപകമായി വന്നു. അതുകൊണ്ട് ജനങ്ങള്‍ക്കിതിന്റെ ശരിയായ ചിത്രം മനസ്സിലാക്കാന്‍ കഴിഞ്ഞു. ജുഡീഷ്യറിയുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു. പ്രധാനപ്പെട്ട രണ്ട് കൂട്ടക്കൊലക്കേസുകളുടെ വിചാരണ ടീസ്‌റ്റയുടെ ശ്രമഫലമായി മഹാരാഷ്‌ട്രയിലേക്ക് മാറ്റുകയുണ്ടായി – ബിള്‍ക്കീസ് ഭാനുകേസും ബെസ്‌റ്റ് ബേക്കറി കേസും. രണ്ടിലും കുറ്റം തെളിയിക്കപ്പെട്ടു, പ്രധാനപ്പെട്ട പതിനൊന്നോളം കൂട്ടകൊലക്കേസുകള്‍ ഇപ്പോള്‍ വീണ്ടും അന്വേഷിക്കുകയാണ്. ഔദ്യോഗികകണക്കനുസരിച്ച് നൂറോളം പേര്‍ കൊല്ലപ്പെട്ട കേസുകള്‍വരെ ഇതില്‍പ്പെടും.

തീവ്രവാദികളെയും ഭീകരപ്രവര്‍ത്തകരെയും നേരിടുന്ന കാര്യത്തില്‍ ഭരണകൂടം പുലര്‍ത്തുന്ന എത്‌നിക് പരിഗണനകള്‍ വച്ചുകൊണ്ടുള്ള ഇരട്ടത്താപ്പ് രാജ്യത്തെ സമാധാനജീവിതവും സാമുദായിക സുസ്ഥിതിയും തകര്‍ക്കുകയാണ്.

അതെ. ശത്രുരാജ്യങ്ങളുമായി യുദ്ധമുണ്ടായാല്‍ അവരുമായിപോലും ചര്‍ച്ചനടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, മതപരമായ സെക്‍ടേറിയന്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവരുമായി ഒരു തരത്തിലും ബന്ധം പുലര്‍ത്താന്‍ കഴിയില്ല. സിമി അത്തരത്തിലുള്ള ഒരു സംഘടനയാണ്. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’തുടങ്ങിയ മുദ്രാവാക്യങ്ങളെല്ലാം ഫാസിസ്‌റ്റു സ്വഭാവമുള്ളവയാണ്. അത് ഹിന്ദുത്വഫാസിസത്തെ സഹായിക്കുന്നതുകൂടിയാണ്. നക്‍സലൈറ്റു വിഭാഗങ്ങളും തീവ്രവാദനിലപാടുള്ള സംഘങ്ങളാണ്. അവരെ നേരിടുന്നതുപോലെ ബജ്രംഗദളിനെ നേരിടാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? ഇന്ത്യന്‍ ഭരണകൂടം അവരെ എന്തുകൊണ്ട് നിരോധിക്കുന്നില്ല? തീവ്രവാദസമീപനമാണ് എതിര്‍ക്കപ്പെടേണ്ടതെങ്കില്‍ ഇവരെയെല്ലാം ഒരുപോലെ കാണാന്‍ കഴിയേണ്ടതാണ്.
അഭിമുഖം: ഷിജു ഏലിയാസ്, കടപ്പാട് : യുവധാര

Sunday, November 16, 2008

http://workersforum.blogspot.com/2008/11/blog-post_16.html

Advertisements
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: