Home > Bihar > ജാതിപ്പോരിനും വറുതിക്കുമിടയില്‍ വരണ്ടുണങ്ങി ബിഹാര്‍

ജാതിപ്പോരിനും വറുതിക്കുമിടയില്‍ വരണ്ടുണങ്ങി ബിഹാര്‍

mathrubhumi
ഡി. ശ്രീജിത്ത്‌

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിഹാറില്‍ ബി.ജെ.പി.-ജെ.ഡി.യു സഖ്യം പിളര്‍പ്പിന്റെ വക്കിലാണ്. എങ്കിലും സഖ്യം തുടരുമെന്നുതന്നെയാണ് ഇരു കക്ഷികളുടെയും നേതാക്കള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. വിലാസ് പാസ്വാനോടും ഇടതുകക്ഷികളോടുമൊപ്പം ചേര്‍ന്ന് ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിക്കസേരയിലേക്ക് വീണ്ടും കണ്ണെറിയുകയാണ്. കോണ്‍ഗ്രസ്സാകട്ടെ എന്തുവേണമെന്ന തീരുമാനത്തില്‍ ഇനിയും എത്തിയിട്ടില്ല. ജാതിസമവാക്യങ്ങള്‍ കൊഴുക്കുന്ന ബിഹാറില്‍ തിരഞ്ഞെടുപ്പുഗോദയുടെ ചിത്രം തെളിയാന്‍ ഇനിയും താമസം വന്നേക്കാം. ബിഹാര്‍ സന്ദര്‍ശിച്ച ‘മാതൃഭൂമി’ പ്രതിനിധി ഡി. ശ്രീജിത്ത് തയ്യാറാക്കിയ വിശകലന പരമ്പരയുടെ ആദ്യഭാഗം.

പ്ര
തീക്ഷിച്ചിരുന്ന ഒരു വഴിപിരിയലിന്റെ നാന്ദിയായിരുന്നു ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ കഴിഞ്ഞയാഴ്ച നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി. പതിറ്റാണ്ടിലേറെ പഴക്കമുള്ള ജനതാദള്‍ യു- ബി.ജെ.പി. ബന്ധം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു അത്. ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വിശ്വാസയാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഞായറാഴ്ച ബി.ജെ.പി. നേതാവും ഉപ മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി പ്രഖ്യാപിക്കുന്നതുവരെയെത്തി ആ അകല്‍ച്ച. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിക്കിടെ അവരുടെ അഭിമാനത്തിന് കനത്ത ക്ഷതമേല്പിച്ചാണ് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്, നിശിതമായ ആക്രമണം നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അത്. സഖ്യകക്ഷികളും സംസ്ഥാനത്തെ അതിഥികളുമായ ബി.ജെ.പി. ദേശീയ നേതാക്കള്‍ക്ക് നല്കാന്‍ നിശ്ചയിച്ച അത്താഴവിരുന്ന് റദ്ദാക്കിയും ബി.ജെ.പി.യുടെ അഭിമാനസ്തംഭമായ നരേന്ദ്ര മോഡിയെ അല്പനെന്ന് വിശേഷിപ്പിച്ചും നിതീഷ് സഖ്യകക്ഷിയെ നാണം കെടുത്തി. തൊട്ടടുത്ത ദിവസം നടന്ന പൊതുസമ്മേളനത്തില്‍ ബിഹാറില്‍ വികസനത്തിന്റെ മുഴുവന്‍ ബഹുമതിയും ഉപ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോഡിക്ക് നല്കി നരേന്ദ്ര മോഡി തിരിച്ചടിച്ചു. കൃത്യം ഒരാഴ്ച കഴിഞ്ഞ് ശനിയാഴ്ച, ഗുജറാത്ത് സര്‍ക്കാര്‍ ബിഹാറിന് കോശി ദുരിതാശ്വാസ സഹായമായി നല്കിയ അഞ്ച് കോടി രൂപ തിരിച്ചുനല്കി നിതീഷ് വീണ്ടും ബി.ജെ.പി.ക്കും മോഡിക്കും എതിരെ തിരിഞ്ഞു. ഇപ്പോഴിതാ സുശീല്‍കുമാര്‍ മോഡി വിശ്വാസയാത്രയില്‍ നിന്ന് പിന്മടങ്ങി സഖ്യത്തിനുണ്ടായ വിള്ളലിന്റെ ആഴം വര്‍ധിപ്പിച്ചു.

എന്നാല്‍ ഇതുകൊണ്ടൊന്നും ബിഹാറിന്റെ രാഷ്ട്രീയം പ്രവചിക്കാനാവില്ല. മൂന്ന് മാസംകൂടി കഴിഞ്ഞാലേ നിയമസഭാതിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങൂ. അതുവരെ കാത്തിരിക്കണം സഖ്യങ്ങളുടെ അന്തിമ രൂപത്തിന്. ഒറീസ്സയില്‍ നവീന്‍ പട്‌നായിക്കിന്റെ മാര്‍ഗം പിന്തുടര്‍ന്ന് ബി.ജെ.പി.യെ പുറന്തള്ളി ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പാക്കി തുടര്‍ന്നും ബിഹാറിലെ മുഖ്യമന്ത്രി പദവിയിലേക്ക് നിതീഷ് കുമാറെത്തുമോ ? അതോ, തിരഞ്ഞെടുപ്പിന് മുന്നേ വെടിനിര്‍ത്തി ജെ.ഡി.യു.-ബി.ജെ.പി. സഖ്യം ബിഹാറില്‍ ഭാഗ്യപരീക്ഷണം നടത്തുമോ ? രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പി.യോടും ഇടതുപക്ഷത്തോടുമൊപ്പം പുതുമുന്നണിയുണ്ടാക്കി ഒരിക്കല്‍ക്കൂടി യാദവ പ്രമുഖന്‍ ലാലുപ്രസാദ് മുഖ്യമന്ത്രിക്കസേരയിലെത്തുമോ ? ലാലു-പാസ്വാന്‍ സഖ്യത്തിനൊപ്പം ഒരുകൈ നോക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ ?

ഒട്ടേറെ സമവാക്യങ്ങള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ് അടുത്ത മൂന്ന് മാസങ്ങളില്‍ ബിഹാര്‍ രാഷ്ട്രീയക്കാരുടെ മുഖ്യ പരിപാടി. അതിനിടയില്‍ മുഖ്യ ഭരണകക്ഷിയായ ജെ.ഡി.യു.വില്‍ പിന്നാക്ക-മുന്നാക്ക വേര്‍തിരിവ് ശക്തമാവുകയാണ്. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജാതിക്കാരും പിന്നാക്കക്കാരുമായ കുര്‍മികളും മുന്നാക്കക്കാരായ ഭൂമിഹാറുകളും രജ്പുത്തുകളുമായാണ് ജെ.ഡി.യു.വിനകത്ത് സംഘര്‍ഷം. ലല്ലന്‍ സിങ് എന്ന രാജീവ് രഞ്ജന്‍ സിങ്ങും പ്രഭുനാഥ്‌സിങ്ങുമാണ് അതില്‍ മുന്നാക്കസംഘത്തെ നയിക്കുന്നത്. ‘കുര്‍മി കി താജ്, ഭൂമിഹാര്‍ കി രാജ്’ എന്നായിരുന്നു 2005-ല്‍ നിതീഷ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ പറഞ്ഞിരുന്നത്. കുര്‍മികള്‍ക്കാണ് അധികാരമെങ്കിലും ഭരണം നടത്തുന്നത് ഭൂമിഹാര്‍മാരാണ് എന്നതാണ് അതിന്റെ ലളിതമായ അര്‍ഥം. 2006-ല്‍ ഭൂപരിഷ്‌കരണത്തിന് ബന്ദോപാധ്യായ കമ്മീഷനെ നിയമിച്ചപ്പോള്‍ത്തന്നെ മുന്നാക്കക്കാര്‍ക്ക് അപകടം മണത്തതാണ്. ബന്ദോപാധ്യായ കമ്മീഷന്‍ പലവട്ടമായി നല്കിയ നിര്‍ദേശങ്ങള്‍ നിയമമാക്കുമെന്ന് കുറേക്കാലമായി മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. പക്ഷേ, കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് ‘ഭട്ടൈയ്ദാര്‍’ എന്ന കുടികിടപ്പുകാരായ കൃഷിപ്പണിക്കാര്‍ക്ക് ഭൂമി നല്കുന്നതിനെതിരെ ബിഹാറിലെ 60ശതമാനത്തിലേറെ ഭൂമി സ്വന്തമാക്കിവെച്ചിരിക്കുന്ന പതിനഞ്ച് ശതമാനം മാത്രമുള്ള മുന്നാക്കക്കാര്‍ സംഘടിതരാണ്.

തിരഞ്ഞെടുപ്പില്‍ ഈ വിഷയം കൊഴുക്കുമെന്ന് അറിയാവുന്ന ബി.ജെ.പി. അതുകൊണ്ടുതന്നെയാണ് സി.പി. താക്കൂര്‍ എന്ന ഭൂമിഹാര്‍ നേതാവിനെ സംസ്ഥാന അധ്യക്ഷനായി അടുത്തിടെ അവരോധിച്ചത്. ബി.ജെ.പി.ക്കൊപ്പം മുന്നാക്കക്കാരുടെ ഒരു സഖ്യമുണ്ടാക്കാന്‍ ലല്ലന്‍, പ്രഭുനാഥ് സിങ്ങുമാര്‍ മുന്നോട്ടുവന്നാല്‍ ജനതാദള്‍ വീണ്ടും പിളരുമോ എന്നകാര്യം കാത്തിരുന്ന് കാണേണ്ടിവരും. പിന്നാക്ക മുസ്‌ലിങ്ങളുടെയും മറ്റ് പിന്നാക്കക്കാരുടെയും വോട്ടാണ് നിതീഷിന്റെ തുറുപ്പുചീട്ട്. അതുറപ്പിക്കാനാണ് ബി.ജെ.പി.ക്കും പ്രത്യേകിച്ച്, മോഡിക്കുമെതിരെയുള്ള നിതീഷിന്റെ പരസ്യയുദ്ധമെല്ലാം. ബിഹാറിന്റെ ഏറ്റവും വലിയ വിഭാഗമായ യാദവരുടെ കൂട്ടായ്മതന്നെയാണ് ലാലുവിന്റെ ശക്തി; പിന്നെ പാസ്വാനൊപ്പമുള്ള ‘മുന്നാക്ക’ ദളിതരുടെ പിന്തുണയും. അതുകൊണ്ടുതന്നെ ബിഹാറിന്റെ ജാതകം കുറിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പിക്കാം.

പട്ടിണി മരണങ്ങളുടെ ദളിത് ഗ്രാമങ്ങള്‍

ജാതിപ്പോരിനും വറുതിക്കുമിടയില്‍ വരണ്ടുണങ്ങി ബിഹാര്‍-2

്ഇന്ത്യയിലെ ജാതി-വര്‍ണ വിവേചനം തുടച്ചു നീക്കാന്‍ പുതിയ ചിന്താപദ്ധതിക്ക് രൂപം നല്‍കിയ ശ്രീബുദ്ധന്റെ പ്രവൃത്തിപഥമെന്ന് വിഖ്യാതമായ ഗയയില്‍ നിന്നാണ് മോഹ്‌ല ഗ്രാമത്തിലേക്ക് യാത്രതിരിച്ചത്. ബുദ്ധനു ശേഷം രണ്ടു സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ബിഹാറില്‍ പ്രബലമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയില്‍ ഏറ്റവും കീഴാളരായി പരിഗണിക്കപ്പെടുന്ന, എലി പിടിത്തക്കാര്‍ എന്നുകൂടി അറിയപ്പെടുന്ന, മുഷാര്‍ സമൂഹം ജീവിക്കുന്ന ഗ്രാമമാണ് മോഹ്‌ല. ഫാല്‍ഗുനീ നദി കടന്ന് രണ്ടുമണിക്കൂറോളം സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. ഹിന്ദുക്കള്‍ക്കിടയില്‍ പുണ്യമായ ഗയാശ്രാദ്ധം നടക്കുന്ന ഈ നദീതീരം ഉണങ്ങി വരണ്ടുകിടക്കുന്നു.

വര്‍ഷം ചതിച്ച ഗയ, നളന്ദ, ജഹാനാബാദ് മേഖലകളിലെല്ലാം വേനല്‍തിളച്ച് മറിയുകയാണ്. ഭൂമിഹാറുമാരും ദളിതരും തമ്മില്‍ ആക്രമണങ്ങള്‍ പലതു നടത്തിയ ഈ പ്രദേശങ്ങളിലെ ചുവപ്പുരാശികലര്‍ന്ന തവിട്ടുനിറമാര്‍ന്ന മണ്ണ് അടുത്തിടെയായി ചോരവീണുമാത്രമാണ് നനഞ്ഞിട്ടുള്ളത്.

മാന്‍പൂര്‍ ബ്ലോക്കിലെ സുര്‍ഹരി ഗ്രാമവും ബുദ്ധഗിരിയും പിന്നിട്ട് വരണ്ടു കിടക്കുന്ന പേമാര്‍ നദിക്ക് കുറുകെയുള്ള പാലത്തിനപ്പുറമെത്തുമ്പോള്‍ ബിഹാര്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരിച്ചുപോകും. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ഭരണനേട്ടങ്ങളില്‍ ഒന്നാമതായി പരിഗണിക്കപ്പെടുന്ന മെച്ചപ്പെട്ട നിരത്തുകള്‍ക്ക് ഇരുപുറവും കണ്ണെത്താത്ത ദൂരത്തോളം മരൂഭുമി പോലുള്ള കൃഷിയിടം. പാതയോരങ്ങളില്‍ മണ്ണും പുല്ലുംകൊണ്ട് തീര്‍ത്ത അസഖ്യം കൂടിലുകള്‍. അവയുടെ പടികളില്‍ ഉച്ചവെയിലില്‍ തളര്‍ന്നുറങ്ങുന്ന അര്‍ധനഗ്‌നരും പൂര്‍ണനഗ്‌നരുമായ കുഞ്ഞുങ്ങളും വെയിലിലേക്ക് നിസ്സംഗരായി നോക്കിയിരിക്കുന്ന പ്രായം ഗണിക്കാനാവാത്ത സ്ത്രീപുരുഷ ന്മാരും.

കഴിഞ്ഞ ആറു മാസത്തിനിടെ നടന്ന നാലു പട്ടിണി മരണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞാണ് മോഹ്‌ല ഗ്രാമത്തിലെത്തുന്നത്.ഗയയിലെ സാമൂഹിക പ്രവര്‍ത്തകനായ ജഗത്ഭൂഷണന്‍ വഴികാട്ടിയും പരിഭാഷകനുമായി കൂടെവന്നു. ലാലുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഹേമമാലിനിയുടെ കഴുത്തു പോലെ’ സുന്ദരമായ പാതകള്‍. പക്ഷേ, എല്ലായിടത്തേക്കുമില്ല. അത്രി ബ്ലോക്കില്‍ നിന്ന് നജീര്‍ ഗഞ്ച് ബ്ലോക്കിലേക്ക് ഗഹ്‌ലോര്‍ ഘാട്ട് എന്ന ചെറുപര്‍വതം വെട്ടി നാട്ടുകാര്‍ തന്നെയുണ്ടാക്കിയ പാത കടന്ന്, വരണ്ടുണങ്ങിയ പാടത്തിന് നടുവേയുള്ള ഒറ്റയടിപ്പാതയിലൂടെ നടന്നുവേണം മോഹ്‌ലയിലെത്താന്‍. ജഗത് വിവരമറിയിച്ചതനുസരിച്ച് മോഹ്‌ല ഉള്‍പ്പെടുന്ന ദക്ഷിണ കാഞ്ചൂര്‍ പഞ്ചായത്തിന്റെ സര്‍പഞ്ചായ ലാലുമാഞ്ചി ഗ്രാമത്തിനൊപ്പം ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അപരിചിതര്‍ മുഷാര്‍ ഗ്രാമത്തിലേക്ക് പോകുന്നതെന്തിനെന്നറിയാതെ അവിടെത്തന്നെയുള്ള യാദവഗ്രാമത്തിലെ ചെറുപ്പക്കാര്‍ സംശയിച്ചുനിന്നു. പിന്നാക്കാവസ്ഥയും ദാരിദ്ര്യവുമാണനുഭവിക്കുന്നതെങ്കിലും മുഷാര്‍ ഗ്രാമത്തിലേക്ക് യാദവര്‍ കയറില്ല. മുഷറുകള്‍ക്കൊപ്പം ഇരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യില്ല.

പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ആറുമാസമായി. പക്ഷേ, മോഹ്‌ലയിലേക്ക് ആദ്യമായാണ് പുറത്തുനിന്ന് ഒരാള്‍ വരുന്നത്. പത്രപ്രവര്‍ത്തകര്‍ സര്‍ക്കാറുദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിച്ച ഗ്രാമം മുഴുവനും ആരെക്കൊണ്ടൊക്കെയോ തയ്യാറാക്കിപ്പിച്ച അപേക്ഷകളുമായി കാത്തുനില്‍ക്കുകയായിരുന്നു. ദൊമന്‍മാഞ്ചിയുടെ മരണം പട്ടിണി കൊണ്ടാണെന്ന് പോലും അവര്‍ തിരിച്ചറിഞ്ഞത് വൈകിയാണ്. പട്ടിണി ഈ ഗ്രാമത്തിനൊരു ശീലമാണ്. മറ്റു സംസ്ഥാനങ്ങളിലെ സര്‍പഞ്ച് എന്ന പഞ്ചായത്ത് അധ്യക്ഷന്റെ പദവികളോ അധികാരങ്ങളോ ഇല്ലാത്ത ഇവിടത്തെ ലാലുമാഞ്ചിക്ക് പോലും എന്തുകൊണ്ടാണ് ഈ ഗ്രാമത്തിലെ 65 കുടുംബങ്ങള്‍ക്ക് നാളുകളായി റേഷന്‍ ലഭിക്കാത്തത് എന്നറിയില്ല; അതിനാരോട് പരാതിപ്പെടണമെന്നും. റേഷന്‍ കടകളില്‍ നിന്ന് ഗോതമ്പും അരിയും ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും ലഭിക്കാന്‍ ആവശ്യമായ കൂപ്പണുകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ അവര്‍ക്കെത്തിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടു ചെന്നിട്ട് റേഷന്‍ ലഭിച്ചില്ല എന്ന് ലാലുമാഞ്ചി പറഞ്ഞു. വൈദ്യുതി, ശുദ്ധജലം, കക്കൂസുകള്‍ എന്നിവയെ കുറിച്ചൊന്നും ഈ ഗ്രാമം ആലോചിച്ചിട്ടുപോലുമില്ല. 65 കുടുംബങ്ങളില്‍ നിന്നുള്ള 450 ലധികം വരുന്ന ഗ്രാമവാസികളില്‍ ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്നത് ഒരേ ഒരു വിദ്യാര്‍ഥിമാത്രം. ബാക്കി എല്ലാവരും അതെല്ലാം നേരത്തേ അവസാനിപ്പിച്ചു. സ്വന്തം ഭൂമിയില്ലാത്തവരെല്ലാം ഉന്നതജാതിക്കാരുടെ ജോലിക്കാരാണ്.

ജഗത് ഭൂഷന്‍ മഗധി ഭാഷയില്‍ നിന്ന് പരിഭാഷപ്പെടുത്തിത്തന്നതിന്റെ രത്‌നച്ചുരുക്കം ഇതാണ്- ഇവിടെ ഒരു പെണ്‍കുട്ടിക്കും നിതീഷ് കുമാറിന്റെ ‘മുഖ്യമന്ത്രി ബാലിക സൈക്കിള്‍ യോജന’ പ്രകാരമുള്ള സൈക്കിളുകള്‍ ലഭിച്ചിട്ടില്ല.

വരളുന്ന നദികള്‍; ഒടുങ്ങാത്ത ദുരിതം
ജാതിപ്പോരിനും വറുതിക്കുമിടയില്‍ വരണ്ടുണങ്ങി ബിഹാര്‍-3

ബിഹാറിലെ വലിയ നദികളിലൊന്നായി സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പേരാണ് മൊഹാന. എന്നാല്‍ സംസ്ഥാനത്തെ ഈ വലിയ നദി കഴിഞ്ഞ 35 വര്‍ഷമായി പുസ്തകത്താളുകളിലേയുള്ളൂ. ഒരു സുപ്രഭാതത്തില്‍ അധികാരികള്‍ നടുക്ക് ഒന്നരക്കിലോമീറ്റര്‍ വീതിയില്‍ അണകെട്ടി നദിയെ മാറ്റിയൊഴുക്കി. ഒരു മന്ത്രിയുടെ രാജിക്കും ഒട്ടേറെ ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റത്തിനും രാഷ്ട്രീയവിവാദങ്ങള്‍ക്കും കാരണമായി ഈ സംഭവം. നദിക്കരയിലുള്ള മൂന്ന് ജില്ലക്കാര്‍ – നാളന്ദ, ഗയ, ജഹാനാബാദ്- കൃഷിക്ക് വഴി കാണാതെ നിവേദനങ്ങളും സമരങ്ങളും നിരാഹാരവുമായി പ്രതിഷേധങ്ങള്‍ തങ്ങളിലൊതുക്കിക്കഴിയുന്നു. നാളന്ദ ജില്ലക്കാരന്‍ കൂടിയായ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായശേഷം അണയുടെ നടുവില്‍ സുഷിരങ്ങളുണ്ടാക്കി സര്‍ക്കാര്‍ ചില സമയങ്ങളില്‍ വെള്ളം തുറന്നുവിടാന്‍ തുടങ്ങി. അങ്ങനെ ഒരു തവണയെങ്കിലും കൃഷി നടത്താന്‍ കഴിയുന്നു എന്നതാണ് ജനങ്ങള്‍ക്ക് ഇപ്പോഴുള്ള സമാധാനം.

ബിഹാര്‍ പണ്ട്, വിഹാരങ്ങളുടെയും നദികളുടെയും നാടായിരുന്നു. ഗംഗമാത്രമല്ല, ഖാഗ്ര, ഗണ്ടക്ക്, സോനെ, കോശി, ഫാല്‍ഗു, കമല, മഹാനന്ദ, സപ്തകോശി തുടങ്ങി നിറഞ്ഞൊഴുകിയിരുന്ന ഒട്ടേറെ നദികള്‍ ബിഹാറിന് കൃഷിസമൃദ്ധിയും ഒപ്പം വെള്ളപ്പൊക്ക ദുരിതവും നല്‍കി. ഇപ്പോഴും ബിഹാറിന്റെ ഒരു മേഖലയെ കോശി നദി പ്രളയത്തില്‍ മുക്കുമ്പോള്‍ മറ്റുമേഖലയില്‍ വരള്‍ച്ച വറുതി വിതയ്ക്കുകയാണ്. ഗോതമ്പും നെല്ലും പച്ചക്കറികളും സമൃദ്ധമായി കൃഷിചെയ്തിരുന്ന ഈ മേഖലയില്‍ മുപ്പതാണ്ട് മുമ്പുവരെ മൂന്ന് വിളവുണ്ടായിരുന്നു. നദികളില്‍ നിന്ന് പൈന്‍ എന്നറിയപ്പെടുന്ന മണ്ണുകൊണ്ടുള്ള ബണ്ടുകളിലൂടെ വെള്ളമൊഴുക്കി അഹര്‍ എന്നും പൊക്കര്‍ എന്നും വിളിക്കുന്ന ജലാശയങ്ങളില്‍ ശേഖരിച്ച് കൃഷിക്കുപയോഗിക്കുകയായിരുന്നു പരമ്പരാഗത ബിഹാര്‍ ശൈലി. എഴുപതുകളുടെ മധ്യത്തില്‍ ഈ രീതി അട്ടിമറിച്ച് കോണ്‍ക്രീറ്റ് ബണ്ടുകളെന്ന ആശയം ആവിഷ്‌കരിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് ഇവിടത്തെ വരള്‍ച്ചയ്ക്ക് തുടക്കമിട്ടത്. പുതിയ കോണ്‍ക്രീറ്റ് ബണ്ടുകളുടെ നിര്‍മാണം സുഗമമാക്കാനെന്ന പേരില്‍ ഗയ ജില്ലയില്‍ ഫാല്‍ഗൂ നദിയില്‍ നിന്ന് മൊഹാന വേര്‍പിരിയുന്ന ഉദയരാജ്സ്ഥാനില്‍ അണകെട്ടി. അതോടെ മൂന്ന് ജില്ലകളിലൂടെ മുന്നൂറു കിലോമീറ്ററോളം ഒഴുകിയിരുന്ന ഒരു നദി ഓര്‍മയായി.

മേഖല പൂര്‍ണമായും വരള്‍ച്ചയുടെ പിടിയിലുമായി. പര്‍വല്‍പുരിലെ ‘ലോക്‌സ്വരാജ് സംഘ്’ എന്ന സാമൂഹിക സംഘടനയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ‘മൊഹാന നനായി സംഘര്‍ഷ് സമിതി’ എന്ന പേരില്‍ നദി വീണ്ടെടുക്കാന്‍ സമരം നടക്കുകയാണ്. സത്യാഗ്രഹസമരങ്ങളും നിവേദനങ്ങളുമായി മുന്നേറിയ ആദ്യഘട്ടസമരത്തില്‍ അണിചേരാന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി നിതീഷ്‌കുമാറുമുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോഡി ഒരാഴ്ചയിലധികം ഇതിനായി സത്യാഗ്രഹവും കിടന്നിട്ടുണ്ട്. എന്നാല്‍ നിതീഷും മോഡിയും ഭരണത്തിലേറിയിട്ടും മൊഹാനനദി വീണ്ടുമൊഴുകിത്തുടങ്ങിയില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇതെല്ലാം ഈ മേഖലയിലെ വിഷയമാകില്ലേ എന്നു ചോദിച്ചാല്‍ സമരനേതാക്കളും നാട്ടുകാരുമായ വിജയകുമാര്‍ സിങ്ങും അര്‍ച്ചനഭാരതിയും രേഖാകുമാരിയും ചിരിച്ചൊഴിയും – ”ഇതൊന്നുമല്ല, ജാതിയാണ്, ജാതി മാത്രമാണ് ഈ മേഖലയിലെ തിരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്നത്”. കൃഷിഭൂമിയുടെ ഉടമസ്ഥരായ ഭൂമിഹാര്‍മാര്‍ക്കും പണിക്കാരായ ദളിതര്‍ക്കും കൃഷിയില്ലാതായതില്‍ ദുഖമുണ്ട്. കുര്‍മികള്‍ക്കും യാദവര്‍ക്കുമെല്ലാം വരള്‍ച്ച അവരുടെ ജീവിതത്തെ തകിടം മറിച്ചുവെന്നറിയാം. പക്ഷേ, തിരഞ്ഞെടുപ്പില്‍ ഇതൊരു വിഷയമായി ഉയര്‍ത്താന്‍ ആര്‍ക്കും താത്പര്യമില്ല. ആരുവന്നാലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. അപ്പോള്‍ സ്വന്തം ജാതിക്കാരുടെ താത്പര്യം നോക്കുന്നതല്ലേ ഭേദം എന്ന ലളിതചോദ്യമാണ് നാട്ടുകാരുടെ സ്ഥിരം മറുപടി.

വെള്ളവും ഭൂമിയുമാണ് ഇപ്പോഴും ബിഹാറിലെ ജനങ്ങളെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങള്‍. ക്രമസമാധാന നിലയില്‍ കൈവരിച്ച ഗണ്യമായ പുരോഗതിയും റോഡുകളെ മുന്‍നിര്‍ത്തി അവകാശപ്പെടുന്ന അടിസ്ഥാന സൗകര്യവികസനവും കൊണ്ട് ജാതിവ്യവസ്ഥയുടെ ചരടില്‍ ബന്ധിക്കപ്പെട്ട ഈ അടിസ്ഥാന പ്രശ്‌നങ്ങളെ മറികടക്കാന്‍ സംസ്ഥാനത്തിനിനിയും ആയിട്ടില്ല. ബിഹാറില്‍ താമസിച്ചിരുന്ന ദിവസങ്ങളിലെല്ലാം പ്രാദേശിക പത്രങ്ങളുടെ ഒന്നാം പേജില്‍ കവര്‍ച്ചയുടെയും കൊലപാതങ്ങളുടെയും വലിയ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മികച്ച റോഡുകളിലൂടെയുള്ള സുഗമമായ യാത്ര പലപ്പോഴും നല്ല ആസൂത്രണത്തിന്റെയും ക്രമസമാധാനനിലയുടെയും സാക്ഷ്യപത്രമായിരുന്നു; മാവോവാദി ഭീതി ചൂണ്ടിക്കാണിച്ച് രാത്രിയാത്രകളില്‍ നിന്ന് ഡ്രൈവര്‍മാര്‍ പിന്മാറിയിരുന്നുവെങ്കിലും.

ഭൂമിയും ജാതിയും നിര്‍ണയിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍

ബി
ഹാറിലെ പരമ്പരാഗത രാഷ്ട്രീയ അധികാരഘടനയില്‍ വിപ്ലവകരമായ അട്ടിമറിയാണ് ലാലുപ്രസാദ് യാദവ് എന്ന പിന്നാക്കക്കാരന്‍ എണ്‍പതുകളുടെ അവസാനം നടത്തിയത്. ജനതാദളായും രാഷ്ട്രീയ ജനതാദളായും ലാലുവും ഭാര്യ റാബ്രിദേവിയും നടത്തിയ പതിനഞ്ചുവര്‍ഷത്തെ ഭരണമാണ് ബിഹാറിലെ പിന്നാക്കക്കാര്‍ക്കും ദളിതര്‍ക്കും ആത്മാഭിമാനം വീണ്ടെടുത്ത് നല്‍കിയതെന്നത് ചരിത്രം. സവര്‍ണജനത പരമ്പരകളായി ആസ്വദിച്ചുപോന്നിരുന്ന ഭരണവും അധികാരവും കീഴാള ജനതയ്ക്ക് വഴങ്ങിക്കൊടുത്ത കാലമായിരുന്നു അത്.

എന്നാല്‍, അഴിമതിയും ദുര്‍ഭരണവും ലാലുവിനെ സ്വന്തം ജനതയില്‍നിന്നു വരെ അകറ്റി. ലാലുവിന്റെ പഴയ സഹപ്രവര്‍ത്തകന്‍ നിതീഷ് കുമാര്‍ എന്‍.ഡി.എ.ക്കൊപ്പം ചേര്‍ന്ന് 2005-ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായി. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം ലാലുവിന്റെ പതിനഞ്ചു വര്‍ഷത്തേക്കാള്‍ പ്രധാനമാണെന്ന് കരുതുന്നവരുമുണ്ട്. ലാലുവിന്റെ സാമൂഹികവിപ്ലവത്തെ അട്ടിമറിക്കുന്ന തിരിച്ചുപോക്കാണ് നിതീഷ് നടത്തിയതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എന്തായാലും ബിഹാര്‍ കണക്കുകളിലെങ്കിലും മാറിയിട്ടുണ്ട്. ഇവിടെ വളര്‍ച്ചനിരക്ക് 11 ശതമാനമാണ്. തിളങ്ങുന്ന നിരത്തുകളും സൈക്കിളുകളില്‍ സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളും ആഭ്യന്തര ക്രമസമാധാനവും നിതീഷിന്റെ സദ്ഭരണത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ ജനസംഖ്യയില്‍ പതിനഞ്ചു ശതമാനത്തോളം മാത്രം വരുന്ന സവര്‍ണ വിഭാഗം കൃഷിഭൂമിയുടെ 70 ശതമാനം കൈയടിക്കിവെച്ച അവസ്ഥയ്ക്ക് കാര്യമായ മാറ്റമില്ല. ജാതിയില്‍ ഏറ്റവും കീഴാളരായ മുഷാറുകള്‍ തീണ്ടാപ്പാടകലെ കഴിയുന്നു. ധോമുകള്‍ തലസ്ഥാനനഗരമായ പട്‌നയിലടക്കം മലം കോരുകയും ചുമക്കുകയും ചെയ്യുന്നു. കേന്ദ്രപദ്ധതികളും സാമൂഹിക ഉദ്ഗ്രഥനത്തിനുള്ള പരിപാടികളും ഇവരുടെ പരിസരങ്ങളില്‍ പ്പോലുമെത്തുന്നില്ല.
ജമീന്ദാര്‍മാരുടെ ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതര്‍ക്ക് വീതിച്ചു നല്‍കുന്ന ആചാര്യ വിനോബ ഭാവെയുടെ ഭൂദാന പരിപാടിയനുസരിച്ച് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുത്ത സംസ്ഥാനമാണ് ബിഹാറെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പക്ഷേ, ഭൂദാനമൊന്നും ഇത്രകാലം കാര്യമായി നടന്നിട്ടില്ലെന്നും ഇതേ രേഖകള്‍ പറയുന്നു. എന്നാല്‍ നിതീഷ് സര്‍ക്കാറിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ് ഭൂദാന പരിപാടിയുടെ പുനരുജ്ജീവനം. ‘ജെ.പി. മൂവ്‌മെന്റ്’ എന്ന് വിഖ്യാതമായ എഴുപതുകളിലെ ജയപ്രകാശ് നാരായണ്‍ പ്രസ്ഥാനത്തിന്റെ ദേശീയ യൂത്ത് കോ-ഓര്‍ഡിനേറ്ററായിരുന്ന ശിവമൂര്‍ത്തി ‘ബിഹാര്‍ ഭൂദാന്‍ സമിതി’യുടെ അധ്യക്ഷപദവി ഏറ്റടുത്തതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങളിലാണ് കാര്യമായ മാറ്റമുണ്ടായത്. സംസ്ഥാന റവന്യൂ മന്ത്രാലത്തിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമാണിപ്പോള്‍ ഭൂദാന്‍ സമിതി.

സമൂഹത്തിന്റെ പിന്നാക്കവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഭൂമി ലഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ഭൂപരിഷ്‌കരണം നടത്താനായാണ് അധികാരമേറ്റ് ഒരു വര്‍ഷത്തിനകം നിതീഷ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. പശ്ചിമബംഗാളില്‍ ഭൂപരിഷ്‌കരണ കമ്മീഷന്റെ ചെയര്‍മാനായിരുന്ന ഡി. ഭട്ടാചാര്യയെ സര്‍ക്കാര്‍ ഈ ചുമതലയേല്പിച്ചു. രണ്ടുവര്‍ഷത്തിനകം ഭട്ടാചാര്യ കമ്മീഷന്‍ ശുപാര്‍ശകര്‍ സമര്‍പ്പിച്ചു. ഭട്ടെയ്ദാര്‍ (കുടിയായ്മ) നിയമം നടപ്പാക്കണമെന്നായിരുന്നു ശുപാര്‍ശയുടെ കാതല്‍. അതായത് ജമീന്ദാര്‍മാരുടെ ഭൂമിയില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭൂമി പതിച്ചു നല്‍കണം. സംസ്ഥാനത്തെമുഴുവന്‍ കുടിയായ്മക്കാരുടെ പട്ടികയും തയ്യാറാക്കുക, നിയമം നടപ്പാക്കുന്നതിനിടയില്‍ കുടിയായ്മക്കാരെ ഒഴിപ്പിക്കാന്‍ ജന്മിമാര്‍ക്ക് അധികാരമില്ല എന്നീ നിര്‍ദേശങ്ങളും ഭട്ടാചാര്യ ശുപാര്‍ശ ചെയ്തു.

ഹിന്ദുക്കള്‍ വിറളിപിടിക്കാന്‍ ഇതു ധാരാളമായിരുന്നു. ഭൂമിഹാറുമാരും രജപുത്തുകളും നിയമം നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയതോടെ നീതിഷിനും പ്രശ്‌നമായി. ഭൂപ്രഭുക്കള്‍ കലാപക്കൊടിയുയര്‍ത്തി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യംനല്‍കാന്‍ പഞ്ചായത്തുകളില്‍ 20 ശതമാനം ഇ.ബി.സി.ക്കും 50 ശതമാനം സ്ത്രീകള്‍ക്കും സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇവരെ കൂടുതലായി ചൊടിപ്പിച്ചു.

അതേ സമയം ഭൂപരിഷ്‌കരണത്തിലൂടെ നിതീഷ് ലക്ഷ്യം വെക്കുന്ന പിന്നാക്ക വോട്ടുകള്‍ പൂര്‍ണമായും സര്‍ക്കാറിനു ലഭിക്കുമോ? നെറ്റി ചുളിക്കുന്നവര്‍ ഏറെയാണ്. നിയമത്തെക്കുറിച്ചുള്ള ദളിത് വിഭാഗങ്ങളുടെ ആശങ്കയാണതില്‍ പ്രധാനം. ഭൂപരിഷ്‌കരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്ന ചര്‍ച്ചയും രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ദളിത് വിഭാഗങ്ങള്‍ നടത്തുന്നുണ്ട്. മഹാദളിത് എന്ന ഒരു വിഭാഗം കൂടി സൃഷ്ടിച്ച് സംസ്ഥാനത്തെ ദളിതരെ വേര്‍തിരിച്ചതിനു പൂച്ചെണ്ടുകളും ചീമുട്ടകളും തുല്യതോതിലാണ് നിതീഷിനു ലഭിക്കുന്നത്. 22 ദളിത് വിഭാഗങ്ങളില്‍ 21 വിഭാഗവും ഇപ്പോള്‍മഹാദളിത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് എന്നതാണ് അപഹാസ്യമായ തീരുമാനം.

പുതുബാന്ധവങ്ങള്‍; പുതുലക്ഷ്യങ്ങള്‍

ബി.ജെ.പിയുടെ ഹൈന്ദവ പ്രതീകമായ നരേന്ദ്രമോഡിയെ പരസ്യമായി അപമാനിച്ച് മുസ്‌ലിംവോട്ട് ഉറപ്പാക്കാനുള്ള നിതീഷിന്റെ ശ്രമം ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. അതിനിടയിലാണ്പട്‌നയിലെ കുര്‍ജി രാജപുള്‍ മസ്ജിദ് പരിസരത്തുനിന്ന് ഉസ്മാന്‍ ഹാലാല്‍ ഖോറിനെ കണ്ടത്. ബിഹാര്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായിരുന്ന ഖോര്‍ സാഹേബ് മുസ്‌ലിങ്ങള്‍ക്കിടയിലെ പിന്നാക്ക പസ്മാന്റ വിഭാഗത്തിന്റെ നേതാവാണ്. ദളിത് സമുദായത്തില്‍നിന്ന് മതംമാറിയെത്തിയ ഇവരുടെ അവസ്ഥ ഇപ്പോഴും തികച്ചും ശോചനീയമാണെന്ന് അദ്ദേഹം പറയുന്നു. ബിഹാര്‍ ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളം വരുന്ന മുസ്‌ലിങ്ങള്‍ക്കിടയിലെ 85 ശതമാനവും പിന്നാക്കവിഭാഗക്കാരാണ്. മാലിക്, സയ്യദ്, ശൈഖ്, പഠാന്‍ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍മാത്രമാണ് മുന്നാക്ക മുസ്‌ലിങ്ങള്‍. പൊതുവേ രാഷ്ട്രീയപ്രാതിനിധ്യം കുറവാണ് ഇവിടെ മുസ്‌ലിങ്ങള്‍ക്ക്. 243 എം.എല്‍.എമാരില്‍ 14 പേരാണ് മുസ്‌ലിങ്ങള്‍. ഇതില്‍ രണ്ടുപേര്‍മാത്രമാണ് പിന്നാക്കക്കാര്‍. എം.എല്‍.സിമാര്‍ എം.പിമാര്‍ എന്നീ ജനപ്രതിനിധികള്‍ക്കിടയിലും സ്ഥിതി ഇതുതന്നെ. പിന്നാക്കവിഭാഗം മുസ്‌ലിങ്ങള്‍ക്ക് ദളിത് പദവി നല്‍കണമെന്ന ആവശ്യത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടുമില്ല. സച്ചാര്‍ കമ്മീഷന്‍, രംഗനാഥ് മിശ്ര കമ്മീഷന്‍ എന്നിങ്ങനെ മുസ്‌ലിങ്ങളുടെ സാമൂഹികാവസ്ഥയെ ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പ്രായോഗികതലത്തില്‍ പിന്നാക്കക്കാര്‍ക്ക് പരിഗണന നല്‍കണമെന്ന് ഖോര്‍ ചൂണ്ടിക്കാണിച്ചു.

മുസ്‌ലിങ്ങള്‍ക്ക് പൊതുവായി സംവരണംനല്‍കരുതെന്ന് അഭിപ്രായപ്പെടുന്ന ഖോര്‍ ദളിത് മുസ്‌ലിങ്ങളുടെ സംവരണം പരിഗണിക്കുന്നവര്‍ക്കു മാത്രമേ ഇത്തവണ വോട്ടുള്ളൂ എന്നും വ്യക്തമാക്കി. സാമൂഹിക പദവിയനുസരിച്ച് മൂന്നുതരം മുസ്‌ലിങ്ങളാണ് ബിഹാറിലുള്ളത്. അഷ്‌റഫ്, അജ്‌ലാഫ്, അര്‍ജാല്‍. ഇതില്‍ ഏറ്റവും പിന്നാക്കവിഭാഗക്കാരായ അര്‍ജാലുകള്‍ക്കെങ്കിലും ദളിത് പദവി നല്‍കണം. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യയിലെ നിര്‍ണായകഘടകമായ അന്‍സാരികളും മന്‍സൂരിമാരും (നെയ്ത്തുതൊഴില്‍ ചെയ്യുന്നവര്‍) പൂര്‍ണമായും അധികാരശ്രേണിയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ അധികാരത്തില്‍ വരാന്‍ സഹായിച്ചത് പിന്നാക്ക മുസ്‌ലിങ്ങളുടെ നിലപാടാണെന്നും ഖോര്‍ പറഞ്ഞു. ”എന്നാല്‍ നിതീഷ് നിരാശപ്പെടുത്തി. ലാലുവിന്റെ കാലത്ത് ആര്‍.എസ്.എസിനെയും തൊഗാഡിയയെയും ബിഹാറിന്റെ മണ്ണില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. അദ്വാനിയുടെ രഥയാത്ര അവസാനിപ്പിച്ചത് അദ്ദേഹത്തെ അറസ്റ്റുചെയ്താണ്. നിതീഷ് ബി.ജെ.പിയേയും മോഡിയെയും ബിഹാറിന്റെ മണ്ണിലേക്ക് സ്വീകരിച്ചു വരുത്തി. നിതീഷിന്റെ വികസനം മുന്നാക്കക്കാര്‍ക്കുള്ളതാണ്. മേല്‍ജാതിക്കാരായ ഉദ്യോഗസ്ഥന്മാരെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്തി എന്നതായിരുന്നുലാലുവിന്റെ വലിയ സംഭാവന. നിതീഷാകട്ടെ ഉദ്യോഗസ്ഥരാജിനും പോലീസ് രാജിനും വഴി തുറക്കുകയായിരുന്നു. ക്രമസമാധാനനില നന്നാക്കാനെന്ന പേരില്‍ പോലീസിനെ കയറൂരി വിട്ടാല്‍ നക്‌സല്‍വാദം ശക്തിപ്പെടും” – അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബിഹാറില്‍ മുസ്‌ലിങ്ങള്‍ ഒരുകാലത്തും സംഘടിതമായി വോട്ടുചെയ്തിട്ടില്ല എന്നാണ് സാമൂഹികപ്രവര്‍ത്തകനും ഗയ മിര്‍സഗാലിബ് കോളേജിലെ സാമ്പത്തികശാസ്ത്ര അധ്യാപകനുമായ അബ്ദുള്‍ഖാദര്‍ അഭിപ്രായപ്പെടുന്നത്. ബിഹാര്‍ മുസ്‌ലിങ്ങള്‍ സംഘടിച്ച് വോട്ടുചെയ്യുന്നു എന്നതൊരു തെറ്റിദ്ധാരണയാണ്. നിതീഷിന്റെ സാമ്പത്തികവളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദം തെറ്റാണ്. എന്നാല്‍ ബി.ജെ.പിയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജെ.ഡി.യു മത്സരിക്കാന്‍ തയ്യാറായാല്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍നിന്ന് നിതീഷിന് അനുകൂലമായ തരംഗമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ലാലുവിന്റെ കരുത്തിനെ കുറച്ചുകാണുകയുമരുത്. പതിനാല്, പതിനഞ്ച് ശതമാനത്തോളമുള്ള യാദവര്‍ക്കിടയില്‍ ലാലുവിന്റെ സ്വാധീനം കൂടിയിട്ടുമുണ്ട്.

****

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പുതിയ സാധ്യതകളെക്കുറിച്ചാണ് സി.പി.ഐ എം.എല്‍ സംസ്ഥാനസെക്രട്ടറി നന്ദകിഷോര്‍ പ്രസാദ് പറഞ്ഞത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നക്‌സലൈറ്റുകള്‍ എന്നും ബിഹാറില്‍ മാല (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) എന്നും അറിയപ്പെടുന്ന എം.എല്‍ പാര്‍ട്ടി ബിഹാറിലെ ഇടതുകൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നവരാണ്. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വംനല്‍കുന്നത് തങ്ങളാണെന്നാണ് നന്ദകിഷോര്‍ അവകാശപ്പെടുന്നത്. ബന്ദോപാധ്യായ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറുള്ളവരെ ഇടതുപക്ഷം പിന്തുണയ്ക്കും- അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ വരുന്ന മൂന്നുമാസങ്ങളില്‍ സഖ്യങ്ങളെയും സാധ്യതകളേയുംകുറിച്ചുള്ള കണക്കുകൂട്ടലുകള്‍ സക്രിയമായിരിക്കും. ആര്‍.ജെ.ഡിയും എല്‍.ജെ.പിയും സാധ്യതകളെ ഉത്തേജിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ബിഹാറിന്റെ പ്രതിച്ഛായ ഒരളവുവരെ മാറ്റാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസമാണ് നിതീഷിന്റെ കരുത്ത്. മാധ്യമങ്ങളില്‍ പരസ്യംനല്‍കുന്നതിന് ഒരു പ്രത്യേക സെക്രട്ടറിയെത്തന്നെ നിയമിച്ചാണ് തന്റെ പ്രചാരണപരിപാടികള്‍ ബിഹാറില്‍ നിതീഷ് നടത്തിയത്. സമാധാനവും വികസനവും കാംക്ഷിക്കുന്ന മധ്യവര്‍ഗത്തിന്റെ വോട്ട് ലാലുവിന് എതിരായും തനിക്കനുകൂലമായും വീഴുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പക്ഷേ, പ്രവചനാതീതമാണിപ്പോള്‍ ബിഹാറിന്റെ പ്രകൃതം. പുറമേക്ക് നിശബ്ദവും ശാന്തവുമായ ബിഹാര്‍ഗ്രാമങ്ങള്‍ നിന്ദ്യമായ ജാതിപ്പക തങ്ങളിലൊളിപ്പിച്ചുവെക്കുന്നു. അതുപോലെ അവരുടെ അടക്കിപ്പിടിച്ച രാഷ്ട്രീയമനസ്സിലുള്ളതെന്തെന്ന് ഇപ്പോള്‍ ചികഞ്ഞെടുക്കാനാവില്ല.

(അവസാനിച്ചു)

Advertisements
Categories: Bihar
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: