Home > Osama Bin Laden > ഉസാമയുടെ സംരക്ഷിത തടങ്കല്‍

ഉസാമയുടെ സംരക്ഷിത തടങ്കല്‍

mathrubhumi
കേശവമേനോന്‍

സൈനിക അക്കാദമിക്ക് വിളിപ്പാടകലെയുള്ള നഗരപ്രാന്തത്തില്‍ ഉസാമ ബിന്‍ ലാദന്‍ ആറുവര്‍ഷം ഒളിച്ചു കഴിഞ്ഞത് പാകിസ്താന്‍ പട്ടാളം അറിയാതെയാണോ? ആബട്ടാബാദില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് അങ്ങനെ വിശ്വസിക്കാനാവില്ല. ഉസാമാ വധത്തിലെ നിഗൂഢതകളിലേക്ക് ഒരന്വേഷണം

പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്ക് 1993-ല്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസം നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രവിശ്യയിലേക്കാണ് ഞാന്‍ പോയത്. പെഷവാറിലെ ഏതാനും പോളിങ് ബൂത്തുകളില്‍ കറങ്ങി, ഉച്ചയോടെ ആബട്ടാബാദിലേക്കു തിരിച്ചു. ശാന്തമായ ഈ പട്ടണത്തിലെ ഏതാനും ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷം ഡ്രൈവറോട് മറീയിലേക്കു വണ്ടിവിടാന്‍ പറഞ്ഞു. നഗരത്തെരുവുകള്‍ കടന്ന് ഹൈവേയിലൂടെ മുന്നോട്ടു കുതിച്ച വണ്ടി പാകിസ്താന്‍ മിലിറ്ററി അക്കാദമി(പി.എം.എ.)യുടെ കമാനരൂപത്തിലുള്ള കവാടത്തിനു മുന്നിലാണെത്തിയത്.

ഒന്നു നടുങ്ങിയ ഞാന്‍ എത്രയും പെട്ടെന്ന് പുറത്തു കടക്കാന്‍ ഡ്രൈവറോടു പറഞ്ഞു. കാരണം, സൈനിക മേഖലകളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് എന്റെ വിസയില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാവുന്ന നഗരപ്രാന്തത്തില്‍ നിന്നു പുറത്തു കടക്കാന്‍ പത്തു മിനിറ്റുനേരം വണ്ടിയോടിക്കേണ്ടിവന്നു എന്നാണെന്റെ ഓര്‍മ.

ഇത്രയും പറഞ്ഞത്, ഈ പ്രദേശത്തു പോകാന്‍ അവസരം കിട്ടിയിട്ടില്ലാത്ത വായനക്കാരെ ലളിതമായൊരു കാര്യം ബോധ്യപ്പെടുത്താനാണ്, പാകിസ്താന്‍ മിലിറ്ററി അക്കാദമി ഒറ്റപ്പെട്ടുകിടക്കുന്ന ഏതെങ്കിലും പ്രദേശത്തല്ല. സേനാസമുച്ചയം സ്ഥിതി ചെയ്യുന്ന ഒരു പട്ടണത്തിലെ നഗരപ്രാന്തത്തിന്റെ ഭാഗമാണത്. പി.എം.എ.യുടെ ചുറ്റുമതിലില്‍ നിന്ന് 800 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലാണ് കഴിഞ്ഞ ആറുവര്‍ഷം ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞത് എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയത് അതുകൊണ്ടാണ്. സൈനിക അക്കാദമിയുടെ പിന്നാമ്പുറത്ത് ഒളിച്ചിരിപ്പായിരുന്നു ഉസാമ എന്ന വിവരം പാകിസ്താന്‍ സൈന്യത്തിനറിയില്ലായിരുന്നു എന്നു നമ്മള്‍ വിശ്വസിക്കണമത്രെ.

സുരക്ഷയുടെ കാര്യത്തില്‍ വലിയ കടുംപിടിത്തമൊന്നുമില്ലാത്ത ഏതെങ്കിലും രാജ്യമാണ് ഇതു പറയുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പാകിസ്താന്റെ കാര്യമതാണോ? മൂന്നു തവണകളിലായി സുദീര്‍ഘമായ പട്ടാളഭരണവും അതിന്റെ ഇടവേളകളില്‍ പാതിവെന്ത ജനാധിപത്യവും അനുഭവിച്ചുപോന്ന പാകിസ്താനില്‍ സാധാരണ പൗരന്റെ ജീവിതം പട്ടാളത്തിന്റെ കണ്‍വെട്ടത്തിനു കീഴെയാണ്. സര്‍വവ്യാപിയാണവരുടെ രഹസ്യാന്വേഷണക്കണ്ണുകള്‍. ലോക്കല്‍ പോലീസും സംസ്ഥാന പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചുകളും ഫെഡറല്‍ പോലീസ് വിഭാഗങ്ങളും മൂന്നു സേനാവിഭാഗങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും എല്ലാറ്റിനും മുകളിലായി ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് എന്ന വല്യേട്ടനും ഉറക്കമൊഴിക്കുന്നത് അന്നാട്ടിലെ പൗരന്മാരുടെ സുരക്ഷയ്‌ക്കൊന്നുമല്ല, ഭരണകൂടരഹസ്യങ്ങള്‍ പുറത്തുപോകുന്നില്ലെന്നുറപ്പാക്കാനാണ്. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും പറ്റുന്നില്ലെന്നുറപ്പാക്കാന്‍ ഇപ്പറഞ്ഞ ഏജന്‍സികളുടെ പരസ്പര നിരീക്ഷണം വേറെയുണ്ട്. പാകിസ്താനിലെ അമുസ്‌ലിങ്ങള്‍ക്ക് ഓരോ മാസവും അനുവദിക്കപ്പെട്ട മദ്യക്വാട്ടയില്‍ നിന്ന് ഒരോരുത്തരും ഏതു ബ്രാന്‍ഡ്, എത്ര വാങ്ങുന്നു എന്നുപോലും കൃത്യമായി അറിഞ്ഞുവെക്കുന്നവരാണ് അവര്‍. അത്രയും നൈപുണ്യമുള്ള ചാരക്കണ്ണുകള്‍ക്ക് ലോകത്തെ ഒന്നാം നമ്പര്‍ പിടകിട്ടാപ്പുള്ളി തങ്ങളുടെ ഒരു ബ്രിഗേഡിന്റെ ആസ്ഥാനത്തെ പട്ടണത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞില്ലെന്നാണോ?

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യ(പഴയ നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രവിശ്യ)യിലെ ഹസാരാ സബ്ഡിവിഷനിലാണ് ആബട്ടാബാദ്. പട്ടാളത്തില്‍ ചേരുകയോ ഗള്‍ഫില്‍ പോവുകയോ അല്ലാതെ ഇവിടത്തെ ആണുങ്ങള്‍ക്ക് വേറെ തൊഴിലവസരങ്ങളൊന്നുമില്ല. ദേവ്ബന്ദ് വിഭാഗത്തിന്റെ തീവ്രമത നിലപാടുകളില്‍നിന്നെല്ലാം മുക്തമായ ബറെല്‍വി ബെല്‍റ്റിലാണ് ഈ പ്രദേശം. രജ്പുത്തുകളും ഗുജ്ജറുകളുമടങ്ങുന്ന പക്തൂണ്‍ ഇതര വംശീയ വിഭാഗങ്ങളാണിവിടെയധികവും. അതുകൊണ്ടുതന്നെ ഉസാമയുടേതുപോലുള്ള മത-വംശീയ ശക്തികള്‍ക്ക് അവിടെ വലിയ സ്വാധീനമില്ല.

പഖ്തൂണ്‍ മേധാവിത്വമുള്ള താലിബാനുമായുള്ള ഉറ്റബന്ധങ്ങളില്‍ നിന്നകന്ന, എന്നാല്‍, ഗോത്രവര്‍ഗ സങ്കേതങ്ങളില്‍ നിന്ന് അത്രയകലെയല്ലാതെയുള്ള ഒളിത്താവളമാണ് ഉസാമയ്ക്കു വേണ്ടിയിരുന്നതെങ്കില്‍ അതിനു പറ്റിയ സ്ഥലമാണ് ആബട്ടാബാദ്. ഇവിടത്തെ സ്ഥിതിഗതികളെല്ലാം വിലയിരുത്തുമ്പോള്‍ നമുക്കു ലഭിക്കുന്ന സൂചനയിതാണ്- ഉസാമ ഇവിടെയാരുടേയോ സംരക്ഷിത തടങ്കലിലായിരുന്നു.

തട്ടിന്‍പുറത്തെ അണുബോംബ്

നിരന്തരം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കാവുന്നൊരു സ്ഥലത്ത് ഉസാമയെ പാകിസ്താന്‍ പാര്‍പ്പിച്ചതാണെങ്കില്‍, അതിനവരെ പ്രേരിപ്പിച്ചത് എന്താകും? അപകടകാരിയായ ഈ ഒറ്റയാനെ തന്നിഷ്ടപ്രകാരം അലഞ്ഞുതിരിയാന്‍ അനുവദിക്കാന്‍ പറ്റില്ല എന്നതു തന്നെയാണതിന്റെ കാരണം. അപ്പോള്‍ സ്വാഭാവികമായും അടുത്ത ചോദ്യമുയരും. ഉസാമയെ സംരക്ഷിക്കേണ്ട കാര്യമെന്താണു പാകിസ്താന്?

ഉസാമയെ പിടികൂടി അമേരിക്കയ്ക്കു നല്‍കിയിരുന്നെന്നു വെക്കുക. എങ്കില്‍ ആ കടപ്പാട് എന്നെന്നും അമേരിക്കയ്ക്കു പാകിസ്താനോടുണ്ടാകുമായിരുന്നു. പക്ഷേ, കടുത്ത വിശ്വാസ വഞ്ചനയായാണ് അല്‍-ഖ്വെയ്ദയും ക്വെറ്റയിലെ താലിബാന്‍ നേതൃത്വവും പാകിസ്താനുള്ളിലെ മത തീവ്രവാദികളും ഐ.എസ്.ഐ.യിലെയും കരസേനയിലെയും വലിയൊരു വിഭാഗവും അതിനെ കാണുക. ഉസാമയെ അമേരിക്കയ്ക്കു കൈമാറാനുള്ള പട്ടാള നേതൃത്വത്തിന്റെ ഏതൊരു നീക്കവും ഐ.എസ്.ഐ.യിലെ ഉസാമ അനുകൂലികള്‍ മണത്തറിയും. ആ പദ്ധതി അട്ടിമറിച്ച് ഉസാമയെ രക്ഷപ്പെടുത്താന്‍ ആവുന്നതെല്ലാം അവര്‍ ചെയ്യുമെന്നുമുറപ്പാണ്. അഥവാ അതില്‍ വിജയിച്ചില്ലെങ്കില്‍ത്തന്നെ അതിനുത്തരവാദികളായവരോട്, ഭാവിയിലെ ചാവേര്‍ പോരാളികള്‍ കണക്കു ചോദിക്കുമെന്നും അവര്‍ക്കറിയാം. ഉസാമയെ അമേരിക്കയ്ക്കു മുന്നില്‍ അടിയറവെക്കുന്നതുകൊണ്ടുണ്ടാകാവുന്ന ആഭ്യന്തരക്കുഴപ്പങ്ങളെപ്പറ്റിയാലോചിക്കുമ്പോള്‍ പാകിസ്താനു മുന്നില്‍ ഒറ്റ വഴിയേ ഉള്ളൂ, സംരക്ഷിത തടങ്കലിലുള്ള ഉസാമയെ തുടര്‍ന്നും സംരക്ഷിക്കുക.

ഇവിടെയാണ് അടുത്ത ചോദ്യമുയരുന്നത്. ഉസാമയെപ്പോലെ ഇത്രയും മാരക വികിരണ ശേഷിയുള്ളൊരാളെ എന്തിനായിരിക്കും പാകിസ്താന്‍ സംരക്ഷിത സങ്കേതതത്തിലെത്തിച്ചത്? 2011 മെയ് രണ്ടിന്റെ സംഭവവികാസങ്ങളില്‍ നിന്നുകൊണ്ടു പിറകോട്ടു നോക്കുമ്പോള്‍ അത്തരമൊരു തീരുമാനം പമ്പര വിഡ്ഢിത്തമായിരുന്നു എന്നേ തോന്നൂ. പക്ഷേ, ഒന്നു മനസ്സിലാക്കണം. 2001ന്റെ അവസാനം അമേരിക്ക താലിബാനെതിരെ ആക്രമണം തുടങ്ങിയ വേളയിലാണ് ഉസാമ പാകിസ്താനിലെത്തുന്നത്. വേറൊരു വഴിക്കായിരുന്നു, അക്കാലത്ത് പാകിസ്താന്റെ കണക്കുകൂട്ടലുകള്‍.

കാബൂളിന്റെയും കാണ്ഡഹാറിന്റെയും പതനത്തിനു ശേഷം, അഫ്ഗാനിസ്താന്റെ കാര്യത്തില്‍ പാകിസ്താന്റെ മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി താലിബാന്റെ ശേഷിപ്പുകളെയും അനുബന്ധങ്ങളെയും സംരക്ഷിച്ചു നിര്‍ത്തുക എന്നതു മാത്രമായിരുന്നു. കാരണമുണ്ട്. ആളും അര്‍ഥവും ഏറെ ചെലവഴിച്ച്, 22 വര്‍ഷത്തെ ഭഗീരഥ യത്‌നത്തിലൂടെ പാകിസ്താന്‍ കെട്ടിപ്പൊക്കിയ ആസ്തികളാണവ. അവയെ രക്ഷിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഉസാമയുടെ അഭയം. ഉസാമയ്ക്കുപോലും സംരക്ഷണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പിന്നെ, പാകിസ്താന്‍ തങ്ങളെ വഞ്ചിച്ചെന്നേ താലിബാന്‍ കരുതൂ.

വേറൊരു കാര്യം കൂടിയുണ്ട്. അഫ്ഗാനിസ്താനില്‍ ഏറെക്കാലം കടിച്ചുതൂങ്ങിക്കിടക്കാനുള്ള ശേഷി അമേരിക്കയ്ക്കില്ലെന്നു തന്നെയാണ് പാകിസ്താന്റെ വിശ്വാസം. അമേരിക്ക പിന്‍വാങ്ങുന്ന സ്ഥിതി വന്നാല്‍, അഫ്ഗാനിസ്താനിലുണ്ടായിരുന്ന ആധിപത്യം തിരിച്ചുപിടിക്കാന്‍ താലിബാനെയും അനുബന്ധ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്താനാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഉസാമയെ സംരക്ഷിക്കുക വഴി, തങ്ങളെ വിശ്വസിക്കാമെന്ന് താലിബാന് സൂചന നല്‍കുകയായിരുന്നു പാകിസ്താന്‍. ഒരു വിശുദ്ധ ദൗത്യത്തോടു തങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു സൂചിപ്പിക്കുകയായിരുന്നു, ഉസാമയെ സംരക്ഷിക്കുക വഴി പാകിസ്താന്‍.


അറിഞ്ഞും അറിയാതെയും


ഉസാമവേട്ടയ്ക്കു തൊട്ടുമുമ്പ് അമേരിക്കയുടെ സേനാമേധാവികള്‍ റാവല്‍പിണ്ടിയിലെത്തിയത്
അതേക്കുറിച്ച് പാകിസ്താനെ ധരിപ്പിക്കാനായിരുന്നോ? അതോ തങ്ങള്‍ക്കൊന്നുമറിയില്ലെന്ന്
പാക് നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനോ?

ഉസാമയുടെ ഒളിത്താവളം അമേരിക്ക കണ്ടുപിടിച്ച കാര്യം പാകിസ്താന്‍ അറിഞ്ഞിരുന്നോ? സൈനിക നടപടി ഉടനുണ്ടാകുമെന്ന് അവര്‍ക്കറിയുമായിരുന്നോ? മെയ് രണ്ടിനും അതിനു ശേഷവും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ നോക്കുമ്പോള്‍ ഇല്ലെന്ന ഉത്തരത്തിലാണു നാമെത്തുക.
ആരുമറിയാതെ ഒളിത്താവളത്തില്‍ കഴിയുന്നിടത്തോളം കാലം ഉസാമ പാകിസ്താന്റെ ആസ്തിയാണ്. എന്നാല്‍ തിരിച്ചറിയപ്പെടുന്നതോടെ ആസ്തി അന്ധാളിപ്പായി മാറുന്നു. ഉസാമയുടെ ഒളിത്താവളം അമേരിക്കയുടെ കണ്ണില്‍പ്പെട്ടെന്ന വിവരം മണത്തറിഞ്ഞാല്‍ പാക് നേതൃത്വത്തിന്റെ സ്വാഭാവിക ചോദന അയാളെ എങ്ങനെയെങ്കിലും അവിടെ നിന്നു മാറ്റാനാവും. ഉപഗ്രഹ നിരീക്ഷണം വഴിയോ ആളില്ലാ വിമാനങ്ങള്‍ വഴിയോ പിന്തുടരാനാവാത്തവിധം കാല്‍നടയായി ഉസാമയെ ആബട്ടാബാദിലെത്തന്നെ മറ്റൊരു സങ്കേതത്തിലേക്ക് മാറ്റാന്‍ അവര്‍ക്കു കഴിയുമായിരുന്നു. അങ്ങനെ കിളി പറന്നു പോയ ശേഷമാണ് അമേരിക്ക ഇത്തരമൊരു കമാന്‍ഡോ ഓപ്പറേഷന്‍ നടത്തിയിരുന്നതെങ്കിലോ? അതിന്റെ ഇച്ഛാഭംഗത്തില്‍ നിന്നു മുക്തിനേടി രണ്ടാമതൊന്ന് ആസൂത്രണം ചെയ്യാന്‍ അവര്‍ക്കു മാസങ്ങള്‍ വേണ്ടിവരുമായിരുന്നു. ഇനി ആബട്ടാബാദിലെ ഒളിത്താവളത്തില്‍ പാകിസ്താന്‍ ബോംബു കെണിയൊരുക്കിയിരുന്നെങ്കിലോ? അതിക്രമിച്ചു കയറിയ കമാന്‍ഡോകള്‍ക്ക് ആ സ്‌ഫോടനത്തില്‍ കനത്ത ആള്‍നാശം നേരിട്ടിരുന്നെങ്കിലോ? അങ്ങനെയാണെങ്കില്‍ ഉസാമയെപ്പിടിക്കാന്‍ ഇത്തരത്തില്‍ രണ്ടാമതൊരു കമാന്‍ഡോ നീക്കം ആവര്‍ത്തിക്കാന്‍ പോലും അമേരിക്കയ്ക്കു കഴിയുമായിരുന്നില്ല. ഇങ്ങനെയൊരു സാഹസത്തിനു മടിക്കേണ്ട കാര്യമൊന്നും പാകിസ്താനില്ല. കാരണം, ഒളിത്താവളത്തില്‍ പാകിയ ബോംബു പൊട്ടി യു.എസ്. ഭടന്‍മാര്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ പഴി അല്‍ ഖ്വെയ്ദയുടെ തലയില്‍ കെട്ടിവെച്ച് പാകിസ്താനു കൈ കഴുകാം.
ഉസാമാ വേട്ട ആസന്നമാണെന്ന വിവരം അറിയാന്‍ പാകിസ്താനു മുന്നില്‍ രണ്ടു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ അമേരിക്ക അവരെ മുന്‍കൂര്‍ അറിയിക്കണം. അല്ലെങ്കില്‍ അവരത് സ്വന്തം നിലയില്‍ മനസ്സിലാക്കിയെടുക്കണം. പക്ഷേ, സീല്‍ ദൗത്യത്തിനു പിന്നാലെ പാക് ഭരണ നേതൃത്വം നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവുക, എല്ലാവരും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത് എന്നുറപ്പാക്കാനുള്ള സാവകാശം പോലും ഇക്കാര്യത്തില്‍ അവര്‍ക്കു കിട്ടിയിരുന്നില്ല എന്നാണ്. അമേരിക്കയുമായി ഏകോപിത നീക്കമുണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ദുര്‍ബല ശ്രമം നടത്തി എന്നതു ശരിയാണ്. പക്ഷേ, എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ നമ്മളെത്തിച്ചേരുക പാകിസ്താന്റെ രാഷ്ട്രീയ-ഭരണ നേതൃത്വത്തെയും സൈന്യത്തെയും തീര്‍ത്തും ഞെട്ടിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ സൈനിക നടപടി എന്ന നിഗമനത്തിലാണ്.
ഉസാമാ വധ ദൗത്യത്തിന്റെ വിജയം പ്രഖ്യാപിച്ചുകൊണ്ട് മെയ് രണ്ടിന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസ്താവനയില്‍ പാകിസ്താന്റെ സഹകരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നതു ശ്രദ്ധിക്കണം. ഭീകര വിരുദ്ധ യുദ്ധത്തിനു പൊതുവായി പാകിസ്താന്‍ നല്‍കുന്ന സംഭാവനകളെപ്പറ്റി ഒബാമ പരാമര്‍ശിച്ചു. എന്നാല്‍ ഈ ദൗത്യത്തിന് പാകിസ്താന്റെ സഹായം കിട്ടിയെന്ന് അദ്ദേഹം പറഞ്ഞില്ല.
ഉസാമാ വധത്തിനുള്ള സീല്‍ ദൗത്യത്തിനു തൊട്ടുമുമ്പ് അമേരിക്കയുടെ വൈസ് അഡ്മിറല്‍ മൈക് മുള്ളനും ലഫ്. ജനറല്‍ ഡേവിഡ് പെട്രയേസും നടത്തിയ പാകിസ്താന്‍ സന്ദര്‍ശനത്തിന് വന്‍ പ്രധാന്യം കല്പിക്കുന്നവരുണ്ട്. റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അവര്‍ക്കായി പ്രത്യേക യോഗം ചേര്‍ന്നിരുന്ന കാര്യം ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഇതെല്ലാംവെച്ച് ഉസാമാ വേട്ടയെക്കുറിച്ച് പാകിസ്താന് വിവരം നല്‍കാനായിരുന്നു ആ സന്ദര്‍ശനം എന്ന നിഗമനത്തില്‍ എത്താമെങ്കില്‍ അതേ വിവരങ്ങള്‍ വെച്ചുതന്നെ പാകിസ്താന് അമേരിക്ക ഒരു വിവരവും നല്‍കിയില്ലെന്ന നിഗമനത്തിലുമെത്താം. പാകിസ്താനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അവരുടെ സന്ദര്‍ശന ദൗത്യം എന്നും വ്യാഖ്യാനിക്കാം. ഉസാമയുടെ തുമ്പുപോലും കിട്ടാതെ നിരാശരായിരിക്കുകയാണ് അമേരിക്ക എന്ന് പാകിസ്താനെ ധരിപ്പിച്ചാല്‍ കമാന്‍ഡോ നീക്കത്തിനു മുമ്പ് ഉസാമ രക്ഷപ്പെടില്ല എന്നുറപ്പിക്കാം. അതായിരുന്നു യു.എസ്. സേനാ മേധാവികളുടെ സന്ദര്‍ശന ലക്ഷ്യമെങ്കില്‍ അതിലവര്‍ ഉജ്ജ്വല വിജയം നേടിയെന്നു സമ്മതിക്കേണ്ടിവരും.

അമേരിക്കയുടെ ‘ടോപ് കവര്‍’
ആബട്ടാബാദില്‍ അമേരിക്കന്‍ കമാന്‍ഡോകളിറങ്ങിയത് പാകിസ്താന്‍ അറിഞ്ഞിരുന്നില്ലേ? അതോ അറിഞ്ഞാലും ഒന്നും ചെയ്യാനാവാത്ത
നിസ്സഹായാവസ്ഥയിലായിരുന്നോ അവര്‍?

ആബട്ടാബാദിലെ സൈനിക നടപടിയെപ്പറ്റി ദൗത്യത്തിനുമുമ്പ് പാകിസ്താന് സൂചനയൊന്നും കിട്ടിയിരുന്നില്ലെന്നു വെക്കുക. ദൗത്യം തുടങ്ങിയ ഉടന്‍ അവരത് മനസ്സിലാക്കിയിരുന്നോ? ഇക്കാര്യത്തില്‍ അവരുടെ നിരാകരണം ലളിതമായിപ്പറഞ്ഞാല്‍ തികച്ചും അവിശ്വസനീയമാണ്. നാലു ഹെലികോപ്റ്ററുകളടങ്ങുന്ന ഒരു ആക്രമണ വ്യൂഹത്തിന് അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തിയും ഒരു രാജ്യത്തിന്റെ പരമാധികാരവും ലംഘിച്ച് അര മണിക്കൂര്‍ പറന്ന്, നിലത്തിറങ്ങി 40 മിനിറ്റു നേരം തങ്ങി, പിന്നെ വേറൊരു അര മണിക്കൂര്‍ തിരിച്ചു പറന്ന് ഒരു സൂചന പോലും നല്‍കാതെ രക്ഷപ്പെടാനാകുമോ?

റഡാറിന്റെ കണ്ണുകളെ കബളിപ്പിക്കാന്‍ പറ്റുന്ന സ്റ്റെല്‍ത്ത് സംവിധാനമുള്ള ഹെലികോപ്റ്ററുകളാണ് അമേരിക്ക ഉപയോഗിച്ചതെന്ന നിഗമനവുമായി യു.എസ്. മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. റഡാറില്‍ നിന്നുള്ള കിരണങ്ങള്‍ക്കു പിടികൊടുക്കാതെ താഴ്ന്നു പറന്നും കഴിയുന്നതും താഴ്‌വരകളിലൂടെ സഞ്ചരിച്ചുമാണ് ഹെലികോപ്റ്ററുകള്‍ ആബട്ടാബാദിലെത്തിയതെന്ന വിശദീകരണം സൈനികവൃത്തങ്ങളും അവതരിപ്പിച്ചിരുന്നു. അമേരിക്കയുടെ സൈനിക തന്ത്രങ്ങളുടെയും സാങ്കേതിക വിദ്യയുടെയും അധീശത്വത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, നാലു ഹെലികോപ്റ്ററുകളുടെ വ്യൂഹം രാത്രിയുടെ നിശ്ശബ്ദതയില്‍ ഇത്രയും ദൂരം താഴ്ന്നു പറന്നാല്‍ അതിന്റെ ശബ്ദം ആരും കേള്‍ക്കാതെപോകുമോ? പകല്‍ ഉയര്‍ന്നു പറക്കുന്ന ചെറിയ ഹെലികോപ്റ്ററുകളുടെ ശബ്ദം പോലും നഗരത്തിലെ ഗതാഗതത്തിരക്കിനിടയിലും കേള്‍ക്കാറുണ്ടെന്നിരിക്കേ വിശ്വസിക്കാന്‍ പ്രയാസമാണീ വാദം.

ഖൈബര്‍ അതിര്‍ത്തിയിലെ സൈനിക കേന്ദ്രവും പെഷവാറിലെയും നൗഷെരയിലെയും വമ്പന്‍ സൈനിക സമുച്ചയങ്ങളും കടന്നുള്ളതാണ് ജലാലാബാദില്‍ നിന്ന് ആബട്ടാബാദിലേക്കുള്ള പാത. പെഷവാര്‍, റാവല്‍പിണ്ടി സൈനിക കോറുകളുടെ യൂണിറ്റു കേന്ദ്രങ്ങള്‍ ഈ പാതയുടെ ഇരുവശങ്ങളിലുമാണ്. വിശാലവും തെളിഞ്ഞതുമായ സിന്ധുനദീതടം മുറിച്ചു കടന്നാവണം യു.എസ്. കമാന്‍ഡോകള്‍ എത്തിയത്. ഈ കടന്നുകയറ്റം കണ്ടെത്താനാവാത്തത്ര പ്രാകൃതമല്ല പാകിസ്താന്റെ റഡാര്‍ സംവിധാനം എന്നുറപ്പാണ്. പടിഞ്ഞാറുനിന്നുള്ള ആക്രമണം കാണാനാകാത്തവിധം ഇന്ത്യയെ മാത്രം ലക്ഷ്യംവെച്ചാണവ വിന്യസിച്ചിരിക്കുന്നതെന്ന വാദവും വിശ്വസനീയമല്ല.

ഉസാമയുടെ ഒളിസങ്കേതത്തിലിറങ്ങിയ സീല്‍ കമാന്‍ഡോകള്‍ ശബ്ദമുണ്ടാക്കാത്ത ആയുധങ്ങളായിരിക്കാം ഉപയോഗിച്ചത്. എന്നാല്‍, കെട്ടിടത്തിന്റെ ഗേറ്റ് അവര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തെന്നാണ് വിവരം. യന്ത്രത്തകരാറിനെത്തുടര്‍ന്ന് പറന്നുയരാന്‍ കഴിയാത്ത ഒരു ഹെലികോപ്റ്ററും അതേപോലെ തകര്‍ത്തെന്നു പറയുന്നു. രാക്കൂത്തുകളൊന്നുമില്ലാത്ത നിശ്ശബ്ദവും ശാന്തവുമായ ആബട്ടാബാദുപോലൊരു പട്ടണത്തില്‍ ഈ സ്‌ഫോടനത്തിന്റെ ശബ്ദമൊന്നും ആരും കേട്ടില്ലെന്നാണോ? ഒട്ടേറെ ചാവേര്‍ സ്‌ഫോടനങ്ങള്‍ നേരിടേണ്ടിവന്ന ഒരു സേനാബ്രിഗേഡിന്റെ ആസ്ഥാനവും സൈനിക അക്കാദമിയും സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഇത്തരം കുഴപ്പങ്ങളുടെ സൂചന ലഭിക്കുമ്പോള്‍ത്തന്നെ കുതിച്ചെത്താന്‍ സജ്ജമായ ദ്രുതകര്‍മസേനാ വിഭാഗങ്ങളൊന്നുമില്ലെന്നാണോ? എന്താണു സംഭവിക്കുന്നതെന്ന് പാകിസ്താനു കൃത്യമായി അറിയാമായിരുന്നിരിക്കണം. പക്ഷേ, അതു തടയാന്‍ അവര്‍ക്കൊന്നും ചെയ്യാനാകുമായിരുന്നില്ല.

ആക്രമണസൂചന കിട്ടിയ ഉടന്‍ എതാനും യുദ്ധവിമാനങ്ങള്‍ ചെറുക്കാനായി പറന്നുയര്‍ന്നിരുന്നതായി പാകിസ്താന്‍ വ്യോമസേന പിന്നീട് അവകാശപ്പെട്ടിരുന്നു. നാട്ടുകാരുടെയും സൈന്യത്തിന്റെയും ആത്മവീര്യം ചോര്‍ന്നുപോകേണ്ടെന്നു കരുതിയാവും ഇത്തരമൊരു പ്രസ്താവന. എങ്കിലും അന്നവിടെ സംഭവിച്ചതെന്താണെന്നതിന്റെ സൂചന ഈ അവകാശവാദത്തിലുണ്ട്.

പ്രതിരോധഭാഷയില്‍ ‘ടോപ് കവര്‍’ എന്നു വിശേഷിപ്പിക്കുന്ന അടിയന്തരസഹായ സന്നാഹമില്ലാതെ അമേരിക്കന്‍ സേന, അല്ലെങ്കില്‍ ഏതൊരു സേനയും ഇത്തരമൊരു സുപ്രധാന കമാന്‍ഡോ ദൗത്യത്തിനിറങ്ങില്ല. താഴത്തെ ദൗത്യത്തിനു തടസ്സവുമായി വരുന്ന എതിരാളികളെ നേരിടാന്‍ മുകളില്‍ കറങ്ങുന്ന യുദ്ധ വിമാനങ്ങളെയാണ് ‘ടോപ് കവര്‍’ എന്നുവിളിക്കുക. അറബിക്കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന യു.എസ്. കാള്‍ വിന്‍സണ്‍ എന്ന വിമാനവാഹിനിക്കപ്പലും അഫ്ഗാനിസ്താനില്‍ വിന്യസിച്ചിരിക്കുന്ന പോര്‍വിമാനങ്ങളുമുള്ളപ്പോള്‍ അമേരിക്കയ്ക്ക് ‘ടോപ് കവര്‍’ വിന്യാസം അനായാസമാണ്. ലോകത്തെ മിക്ക രാജ്യങ്ങളുടെയും വ്യോമസേനയെ നേരിടാന്‍ അമേരിക്കയുടെ ഒരൊറ്റ വിമാനവാഹിനിക്കപ്പലും അനുബന്ധവ്യൂഹവും മതി. ഇത്തരമൊരു ‘ടോപ് കവറു’ള്ളപ്പോള്‍ അമേരിക്കയ്ക്കു പ്രത്യേക മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിക്കേണ്ട കാര്യംപോലുമില്ല. ആരും പറഞ്ഞില്ലെങ്കിലും ആ മുന്നറിയിപ്പ് പാകിസ്താന് ഉറക്കെ കേള്‍ക്കാമായിരുന്നു: ‘ചെറുവിരല്‍പോലുമനക്കരുത്, അനങ്ങിയാല്‍ നാശമായിരിക്കും ഫലം.’

(അവസാനിച്ചു)

Advertisements
Categories: Osama Bin Laden
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: