Home > Arundhathi Roy > വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

Last night a friend from Vadodara called. Weeping. It took her 15 minutes to tell me what the matter was. It wasn’t very complicated. Only that a friend of hers, Sayeeda, had been caught by a mob. Only that her stomach had been ripped open and stuffed with burning rags. Only that after she died, someone carved ‘OM’ on her forehead
Arundhati Roy, “Who’s She When She’s at Home?”, Outlook, May 2, 2002

2011 മാര്‍ച്ചില്‍ അരുന്ധതി റോയി ദില്ലി ജെഎന്‍യുവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നു.

പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്ന അരുന്ധതി റോയിയുടെ പുസ്തകങ്ങളുടെ പ്രകാശനചടങ്ങ് പ്രതീക്ഷിച്ചതു പോലെ അലങ്കോലമാക്കാന്‍ സംഘപരിവാരം മറന്നില്ല. ദില്ലിയില്‍ അടുത്ത കാലത്തായി റോയിയുടെ പൊതുപരിപാടികളിലെല്ലാം ചെന്ന് ബഹളമുണ്ടാക്കുക എന്നത് ഒരു നയമായി സ്വീകരിച്ചിട്ടുള്ള ഈ ‘ദേശീയവാദി’കള്‍ മേയ് 21ന് ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ ആംഫി തിയറ്ററിലേക്കുമെത്തുമെന്ന് മുന്‍കൂട്ടി കാണാന്‍ ത്രികാലജ്ഞാനത്തിന്റെയൊന്നും ആവശ്യമില്ലല്ലോ. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമിത് ഭാദുരിയും, റോയിയും തമ്മില്‍ കാര്യമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കവെയാണ് “അരുന്ധതി റോയ് മൂര്ദ്ദാബാദ്”, “ഭാരത് മാതാ കീ ജയ്” വിളികളോടെ ചിലര്‍ കടന്നെത്തിയത്. അല്പസമയത്തെ അസ്വസ്ഥതയ്ക്കു ശേഷം പോലീസ് ഇടപെടുകയും രംഗം ശാന്തമാക്ക്ക്കൂകയും ചെയ്തു. തനിക്കെതിരെയുള്ള സംഘപരിവാര്‍ പ്രകടനങ്ങളില്‍ പുതുമയൊന്നുമില്ലാത്തതിനാലാകണം, ‘ഇതു ചെയ്യാന്‍ ഇവര്‍ക്കു ഞാന്‍ പണം കൊടുത്തിരുന്നു’ എന്ന് തമാശയോടെ റോയി പ്രതികരിച്ചത്. രംഗം ശാന്തമായതോടെ ചര്‍ച്ചയും തുടര്‍ന്നു. റോയിയുടെ മൂന്നു ലേഖനങ്ങളുടെ സമാഹാരമായ ‘ബ്രോക്കണ്‍ റിപബ്ലിക്ക്’ എന്ന പുസ്തകമാണ് ആംഫി തിയറ്ററിലെ ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ടത്.

സംഘപരിവാര്‍ പിന്തുണക്കാര്‍ക്ക് ഇതൊരു വാര്‍ത്തയേ അല്ല. ‘ജനങ്ങള്‍’ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, റോയിക്കെതിരെയുള്ള ‘ജനാധിപത്യപരമായ പ്രതിഷേധ’മാണ് നടക്കുന്നതെന്നും അവര്‍ പൊതുവില്‍ വാദിക്കുന്നു. അങ്ങിനെയൊരര്‍ത്ഥത്തില്‍ ഒരു പ്രതീകാത്മക സമരം എന്ന നിലയില്‍ പരിവാരത്തിന്റെ ഈ അഴിഞ്ഞാട്ടത്തെ എടുത്താല്‍ മതിയോ എന്നതാണ് ജനാധിപത്യവാദികള്‍ നേരിടുന്ന ചോദ്യം. റോയി ആത്യന്തികമായി എഴുത്തുകാരിയാണ്. ഏതെങ്കിലും അധികാര സ്ഥാപനത്തിന്റെ പ്രതിനിധിയോ, നയരൂപീകരണത്തില്‍ നേരിട്ടു പങ്കാളിത്തമുള്ള ആളോ അല്ല. അതുകൊണ്ടു തന്നെ അധികാരികള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന സമരത്തിന്റേയോ, ഭരണകൂടനയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടേയോ കൂട്ടത്തില്‍ റോയിക്കെതിരെ നടക്കുന്ന കയ്യാങ്കളിയെ പെടുത്താനാകുമെന്ന് തോന്നുന്നില്ല. മറിച്ച്, ഒരു ഒരു എഴുത്തുകാരിയെ അവരുടെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വേട്ടയാടുന്നത് ആള്‍ക്കൂട്ട നീതിയേ (mob justice) ആകൂ. റോയിക്കു പറയാനുള്ളത് അവര്‍ പറയുന്നു. അതിനോടു യോജിക്കുകയോ വിയോജിക്കുകയോ ആകാം. വിയോജിപ്പാണെങ്കില്‍ അത് ജനാധിപത്യപരമായി പ്രകടിപ്പിക്കാന്‍ അത്യാവശ്യം അവസരങ്ങളൊക്കെ ഈ രാജ്യത്ത് സാധ്യവുമാണ്. എന്നാല്‍ അതാണോ അരുന്ധതി റോയിയുടെ കാര്യത്തില്‍ നാം കണ്ടു വരുന്നത്?

റോയിയും പരിവാരവും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയതല്ല. 2002ല്‍ ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ അരങ്ങേറിയ മുസ്ലിം വംശഹത്യക്കെതിരെ അതിശക്തമായി പ്രതികരിച്ച എഴുത്തുകാരിയായിരുന്നു റോയി. ഗുജറാത്തില്‍ ഹിന്ദുഭീകരവാദികള്‍ നടത്തിയ ഭീകരതയെ കുറിച്ച് ഔട്ലുക് മാസികയില്‍ 2002ല്‍ എഴുതിയ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയാണ് ഈ കുറിപ്പിന്റെ ആരംഭത്തില്‍ കൊടുത്തിരിക്കുന്നത്. നരേന്ദ്ര മോഡി രാജി വയ്ക്കണമെന്ന ആവശ്യത്തെ ആവശ്യത്തെ പുച്ഛിച്ചു തള്ളുന്ന റോയി ‘ക്രിമിനലുകള്‍ രാജി വയ്ക്കുകയല്ല, അവരെ വിചാരണ ചെയ്ത് ശിക്ഷ വിധിക്കുകയാണ് വേണ്ടത്’ എന്നാണ് പരിവാരത്തിന്റെ സ്റ്റാര്‍ മുഖ്യമന്ത്രിയെ കുറിച്ച് പ്രസ്തുത ലേഖനത്തില്‍ എഴുതിയത്. അന്നു തന്നെ പരിവാരത്തില്‍ പലരും അതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. പരിവാരം പ്രതിനിധീകരിക്കുന്ന തീവ്ര ഹൈന്ദവ ദേശീയതയ്ക്കെതിരെ റോയി എടുക്കുന്ന ശക്തമായ നിലപാട് അവരെ എന്നും പ്രകോപിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍, 2010 ഒക്ടോബറില്‍ നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഇപ്പോള്‍ കാണുന്ന രീതിയിലുള്ള വേട്ടയാടല്‍ പ്രക്ഷോഭത്തിലേക്ക് പരിവാര്‍കുട്ടികള്‍ തിരിയുന്നത്.

Jammu and Kashmir Coalition of Civil Society 2010 ഒക്ടോബര്‍ 25ന് ശ്രീനഗറില്‍ സംഘടിപ്പിച്ച ‘Whither Kashmir? Freedom or Enslavement’ എന്ന സെമിനാറില്‍ സംസാരിക്കവേ അരുന്ധതി പറഞ്ഞ കാര്യങ്ങളാണ് രാജ്യത്ത് പുതിയ ചര്‍ച്ചകളിലേക്കു തന്നെ വഴി തെളിച്ചത്. “കാഷ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു ചരിത്രപരമായ വസ്തുതയാണ്,” എന്ന പ്രസ്താവനയാണ് വിവാദത്തിലേക്കു വഴിവച്ചത്. ഇന്ത്യ ജാതി ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും, ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അതേ ദിവസം തന്നെ അവര്‍ പറയുകയുണ്ടായി. തീര്‍ച്ചയായും ഈ വാക്കുകള്‍ വന്‍ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രി പി ചിദംബരം മുതല്‍ പലരും റോയിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജനാധിപത്യപരമായി റോയിയെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും സംഘപരിവാരത്തിന് അതു പോരായിരുന്നു.

അതു കൊണ്ടാണ്, 2010 നവംബറില്‍ നൂറോളം പേരടങ്ങുന്ന ഒരു ‘സംഘം’ ദില്ലിയിലെ റോയിയുടെ വസതി ആക്രമിച്ചത്. ചാണക്യപുരിയിലെ റോയിയുടെ വീടിനു നേരെ ആക്രമണമുണ്ടാകുമെന്ന് മാധ്യമപ്പടയെ മുന്‍കൂര്‍ അറിയിച്ചിട്ടായിരുന്നു നവംബര്‍ 1ന്റെ പ്രകടനം. അതേ മാസം തന്നെ തന്നെ ഭുവനേശ്വറില്‍ സമാനമായ അക്രമം റോയിക്കെതിരെ പരിവാര്‍ അഴിച്ചുവിട്ടിരുന്നു. സ്വാധീനത സംഗ്രാമി മൈതാനത്തു നടന്ന നിഷാന്‍ സമ്മേളനത്തിനെത്തിയ റൊയിയെ പരിവാര്‍ അനുകൂലികള്‍ അസഭ്യം  പറയുകയും സംഘാടകരെ കയ്യേറ്റം  ചെയ്യുകയുമാണ് ഉണ്ടായത്. 2011 മാര്‍ച്ച് 5ന് ദില്ലി ജവഹര്‍ലാല്‍ ജെഹ്റു യൂനിവേഴ്സിറ്റിയില്‍ റോയി  പ്രസംഗിക്കാനെത്തിയ ഒരു പൊതുപരിപാടിയിലേക്കും ക്യാമ്പസിലെ എബിവിപിക്കാര്‍ മുദ്രാവാക്യം വിളികളുമായെത്തിയിരുന്നു. ഈ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒറ്റപ്പെട്ട പ്രതികരണങ്ങളേക്കാളേറെ, തങ്ങള്‍ക്കു വിരുദ്ധമായ അഭിപ്രായം പറയുന്നവള്‍ക്ക് മറുപടി മോബ് ജസ്റ്റിസ് എന്ന ഫ്യൂഡല്‍ ചരിത്രബോധമമാണ് ഇന്ത്യയിലെ തീവ്രവലതുപക്ഷത്തെ നയിക്കുന്നതെന്നു കാണാം.

റോയിയുടെ പ്രസ്താവനകളോടുള്ള വിയോജിപ്പ് ജനാധിപത്യരീതിയില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കാതെ, ഗുണ്ടായിസവും പ്രകോപനസമരങ്ങളും അസഭ്യവര്‍ഷങ്ങളും പ്രതികരണരൂപമായി തെരഞ്ഞെടുക്കുകവഴി സംഘപരിവാര്‍ പൊതുസമൂഹത്തിനു കൈമാറുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയെ സംബന്ധിച്ചുള്ള വാദങ്ങളിലും വിവാദങ്ങളിലും വാദിഭാഗം തങ്ങളാണെന്നും രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം  അതിനാല്‍തന്നെ തങ്ങള്‍ക്കാണെന്നും, അതുവഴി ഇത്തരം സമരങ്ങള്‍ ‘അപഭ്രംശിക്കപ്പെടുന്ന’ ദേശവികാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നും, അതുകൊണ്ട് ഈ വയലന്‍സ് ദേശനന്മയുടെ ഭാഗമാണെന്നും പരിവാര്‍ നിഗൂഢമായി സമര്‍ത്ഥിക്കുന്നുണ്ട്. ‘കാഷ്മീരില്‍ അരുന്ധതി പറഞ്ഞത് രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല” എന്ന്  ബിജെപിയുടെ മുതിര്ന്ന നേതാവ് വെങ്കയ്യ നായിഡു പറയുന്നത് ഇതേസാഹചര്യത്തിലാണ്. രാജ്യദ്രോഹക്കുറ്റമെന്നത് ജനാധിപത്യബോധമുള്ള സമൂഹങ്ങളില്‍ ഇന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നു തിരിച്ചറിയാത്ത പരിവാരം ജീവിക്കുന്നത് ഏതു ലോകത്താണെന്നാണ് നമുക്ക് തോന്നുക. എന്നാല്‍ അവര്‍ക്കിതൊന്നും അറിയാഞ്ഞിട്ടല്ല. രാജ്യദ്രോഹിയെ കല്ലെറിഞ്ഞുകൊല്ലുന്നതു ന്യായമുള്ള നീതിയാണെന്നു വരുത്തിത്തീര്‍ത്താല്‍ അഖണ്ഢഭാരതത്തിനു ചേരാത്തവരെന്ന് തങ്ങള്‍ക്കു തോന്നുന്നവരെ ഗുജറത്തിലും ഓറീസയിലും ചുട്ടെരിച്ചതും അചിരേണേ ന്യായമായിത്തീരും എന്ന് പരിവാറിനു തിട്ടമുണ്ട്. ഈ രാജ്യത്ത് ഇങ്ങനെ എന്തും  നടക്കും.

മറുഭാഗത്തെ വിഷയം ‘രാജ്യദ്രോഹ’മായതിനാല്‍ തന്നെയാണ് റോയി പലരുടേയും സോഫ്റ്റ് റ്റാര്‍ഗറ്റ് ആകുന്നതും. താന്‍ പലപ്പോഴും കൈക്കൊള്ളുന്ന തീവ്ര നിലപാടുകള്‍ തന്നെയായിരിക്കാം റോയിയെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളുടേയെല്ലാം ശത്രുപക്ഷത്താക്കിയത്. ലിബറല്‍ കോളംനിസ്റ്റുകള്‍ക്കും, ക്രിട്ടിക്കുകള്‍ക്കും റോയിയെ തൊടാന്‍ പേടി കാണും. കാരണം, രാജ്യദ്രോഹി എന്ന മുദ്ര പൊതുവേ ലിബറലുകള്‍ സഹിക്കാറില്ല. മനുഷ്യാവകാശ ചര്‍ച്ചകളുടെ കുത്തകയവകാശപ്പെടുന്ന എന്‍ജിഒകള്‍ പോലും റോയിക്കു വേണ്ടി രംഗത്തു വരാന്‍ മടിക്കും. കാരണം, എന്‍ജിഒകളെ നവലിബറല്‍ മിഷനറിമാരെന്ന് ആദ്യം വിളിച്ചത് അവരാണ്. ഈ ഒറ്റപ്പെടല്‍ എത്ര വലുതാണെന്ന് പരിവാരത്തിനുമറിയാം. അതുകൊണ്ടാണ്, അരുന്ധതി റോയി വൈകാരിക ദേശീയത കുത്തിയിളക്കാനുള്ള ഒരു പ്രതീകമാണെന്ന് അവര്‍ കരുതുന്നതും.

കാര്യം ലളിതമാണ്. പരിവാര്‍യുക്തി പറയുന്ന പോലെ റോയിക്കെതിരെ തുടര്‍ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ കേവലം പ്രതിഷേധ പ്രകടനങ്ങളല്ല. മറിച്ച്, ദേശീയതയുടെ കുത്തക കച്ചവടം അവകാശപ്പെടുന്ന ഒരു സംഘം ഭീകരവാദികളുടെ അഴിഞ്ഞാട്ടമാണ്. തങ്ങളുടെ കുത്തകയെ വെല്ലുവിളിക്കുന്നതാരായാലും അവരെല്ലാം നേരിടാന്‍ പോകുന്നത് ഇതുതന്നെയായിരിക്കും എന്നാണ് ഈ ക്രിമിനല്‍കൂട്ടം ആവര്‍ത്തിക്കുന്നത്. സ്വന്തം രാജ്യത്തെ പൗരര്‍ക്കെതിരെ വംശഹത്യ സംഘടിപ്പിക്കുന്നത് ന്യൂട്ടന്റെ ചലനനിയമങ്ങളുപയോഗിച്ച് ന്യായീകരിക്കാനും, സഹപൗരരുടെ ആരാധനാലയം പൊളിച്ചടക്കിയതിന്റെ പേരില്‍ ഊറ്റം കൊള്ളാനും കഴിയുന്നവര്‍ നിര്‍വചിക്കുന്ന ദേശീയത എന്തൊക്കെയായാലും ഒരു ജനാധുപത്യ, മതേതര രാജ്യത്തിന്റെ ബഹുമുഖ സംസ്കാരത്തിന്റെ ചേര്‍ന്നതാകാന്‍ വഴിയില്ല. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസിലാക്കുമ്പോഴേ, റോയിക്കെതിരെ ചീറിയടുക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം കാണാന്‍ കഴിയൂ. അതുകൊണ്ടു തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ ഈ അക്രമത്തെ ചെറുക്കേണ്ടതും. ഇന്നലത്തെ സോഫ്റ്റ് റ്റാര്‍ഗറ്റ് ഗുജറാത്തിലെ മുസ്ലിങ്ങളായിരുന്നെങ്കില്‍, ഇന്നത് റോയിയാണെന്നേയുള്ളൂ. നാളെയത് മറ്റാരെങ്കിലും ആകാവുന്നതുമാണ്.

Advertisements
Categories: Arundhathi Roy
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: