മാന്ദ്യ ഭീതി പടരുന്നു; ആശങ്ക കുറക്കാന്‍ സര്‍ക്കാര്‍ രംഗത്ത്

ന്യൂദല്‍ഹി: അമേരിക്കയും യൂറോപ്പും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സമ്പദ്രംഗത്തും ഭീതിയുടെ നിഴല്‍ വിരിച്ചു. ഓഹരിക്കമ്പോളത്തിലെ തകര്‍ച്ചയില്‍ പ്രതിഫലിക്കുന്ന ആപദ്സൂചനകള്ക്കിടയില്, വിവിധ മേഖലകളിലെ വിപണി വിശ്വാസം ചോര്‍ന്നു പോകാതിരിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. പ്രതിസന്ധി നേരിടാനുള്ള കരുത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഉണ്ടെന്നും നാണയപ്പെരുപ്പ നിരക്കില്‍ വല്ലാത്ത ആശങ്ക വേണ്ടെന്നുമുള്ള പ്രസ്താവനയുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി രംഗത്തിറങ്ങി.
എന്നാല്‍, 2008ല്‍ തുടങ്ങിയ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ കടുത്ത പ്രതിസന്ധിയാണ് ഇന്ത്യക്ക് നേരിടേണ്ടി വരുകയെന്ന ഭീതി പടരുകയാണ്. കഴിഞ്ഞ തവണത്തെ മാന്ദ്യ സാഹചര്യങ്ങളില്‍നിന്ന് ഭിന്നമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥിതി. സര്‍ക്കാറിന്റെ സാമ്പത്തിക നില മെച്ചമല്ല. നാണയപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്ക്കുന്നു. റിസര്‍വ് ബാങ്കിന് പലവട്ടം നിയന്ത്രണ നടപടികളുമായി രംഗത്തിറങ്ങേണ്ടി വന്നു. വളര്‍ച്ചാ നിരക്ക് ആദ്യം പ്രവചിച്ചതിനേക്കാള്‍ താഴേക്ക് പലവട്ടം സര്‍ക്കാര്‍ തന്നെ മാറ്റിക്കുറിച്ചു. കാര്ഷികോല്പാദനത്തിന്റെയും കയറ്റുമതിയുടെയും കണക്കുകള്‍ മുരടിപ്പിന്േറതാണ്. മന്ത്രിസഭ രാഷ്ട്രീയമായി നേരിടുന്ന പ്രതിസന്ധി കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ല. അപ്പോഴാണ് പുതിയ കുഴപ്പം.
കഴിഞ്ഞ തവണ ചെയ്തതുപോലെ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിനും സര്‍ക്കാറിന് പലവിധ പരിമിതികളുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാണയപ്പെരുപ്പ നിരക്ക് വീണ്ടും ഉയരാന്‍ ഇത് ഇടയാക്കുമെന്നത് പ്രധാന കാരണം. ധനക്കമ്മി കൂടും. ധനസ്ഥിതി മെച്ചപ്പെട്ടുനിന്ന ഘട്ടത്തിലാണ് കര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളലും ആറാം ശമ്പള കമീഷന് നടപ്പാക്കലുമൊക്കെ ഉണ്ടായത്. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല. അമേരിക്ക-യൂറോപ്പ് പ്രതിസന്ധി ഇല്ലായിരുന്നെങ്കില്‍ പോലും സമ്പദ്രംഗം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് ആഗോളതലത്തില്‍ ഉണ്ടാവുന്ന അസ്ഥിരത ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേശകര്‍ തയാറാവുന്നില്ല. ഇതിനെല്ലാമിടയില്‍, പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസം എല്ലാ മേഖലക്കും നല്‍കുകയെന്ന ഉത്തരവാദിത്ത നിര്‍വഹണത്തിലാണ് സര്‍ക്കാര്‍. ഇന്ത്യന്‍ സമ്പദ്ഘടന ശക്തമാണെന്നും ആഗോള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്ം നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ രാജ്യത്തേക്കുള്ള മൂലധന ഒഴുക്കിനെ അത് ബാധിക്കാമെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.
എണ്ണവിലയിലെ ഏറ്റക്കുറച്ചില്‍ എന്ന ഒറ്റ പ്രശ്നം പോലും സര്‍ക്കാറിന് താങ്ങാന്‍ കഴിയാത്ത ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിന്റെ വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്; ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയില്‍ സാധാരണക്കാരന് നല്കുന്ന ആശ്വാസം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലാണ് ആത്മവിശ്വാസം പകരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍. മറുവശത്ത്, വ്യവസായ ലോകത്തിന് ഉറപ്പു നല്കിയ പരിഷ്കരണ നടപടികളും മറ്റും മരവിപ്പിച്ചുനിര്‍ത്താനും സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഓഹരി വില്പനക്ക് വേഗം കുറച്ചത്, കലങ്ങിയ സമ്പദ് സ്ഥിതിയില്‍ ന്യായയുക്തമായ വില കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്.